ക്രിസ്തീയ ജീവിതത്തില്‍ നമുക്ക് ഒരു കാര്യം മാത്രമേ അന്വേഷിക്കാനാവുകയുള്ളുവെങ്കില്‍ നാം എന്താണ് അന്വേഷിക്കേണ്ടത്? ‘വിശ്വാസം അതാണു നമുക്കു വേണ്ടത്’ എന്നു ചിലര്‍ പറയും. കാരണം നമ്മെ ക്രിസ്തീയ വിശ്വാസികളെന്നു വിളിക്കണമെങ്കില്‍ ‘വിശ്വാസ’മല്ലേ വേണ്ടത് എന്നാവും അവരുടെ ന്യായം. മറ്റു ചിലര്‍ പറയും സ്‌നേഹമാണു വേണ്ടത്. കാരണം നിലനില്ക്കുന്ന മൂന്നുകാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ട് അവയില്‍ വലിയതു സ്‌നേഹമാണെന്നു പൗലൊസ് 1കൊറിന്തോസ് 13:13 ൽ പറഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ പറയും ആത്യന്തികമായി വേണ്ടതു ക്ഷമിക്കാനുള്ള കഴിവാണ്. കാരണം മത്തായി 18:35 അനുസരിച്ച് സഹോദരനോടു നാം ക്ഷമിച്ചില്ലെങ്കില്‍ കര്‍ത്താവും നമ്മോടു ക്ഷമിക്കുകയില്ല എന്നാണല്ലോ.

എന്നാല്‍ ക്രിസ്തീയ ജീവിതത്തില്‍ ഒരു കാര്യം മാത്രമേ എടുക്കാനാവൂ എന്നു പറഞ്ഞാല്‍ നാം എടുക്കേണ്ടതു കൃപയാണ്. കാരണം കൃപ എടുത്താല്‍ ബാക്കിയുള്ളതെല്ലാം അതതു സമയത്തു നമുക്കു ലഭ്യമാകും. എന്തുകൊണ്ടെന്നാല്‍ ദൈവം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ദൈവം തന്നെ നമുക്കു നല്‍കുന്ന ശക്തിയാണല്ലോ കൃപ. നീതിമാന്മാരായിരിക്കുക എന്നതാണു ദൈവം എല്ലാവരില്‍ നിന്നും ആവശ്യപ്പെടുന്നത്. എന്നാല്‍ ദൈവത്തിന്റെ ഈ നിബന്ധനയെ തൃപ്തിപ്പെടുത്തുവാനുള്ള ശക്തിയായ കൃപ ദൈവം തന്നെ നല്‍കുന്നു. ഈ കൃപ സൗജന്യമായാണ് അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല നല്‍കുന്നത്.

അര്‍ഹതയില്ലെന്നു താഴ്മയോടെ സമ്മതിക്കുന്നിടത്തു മാത്രമേ കൃപ വ്യാപരിക്കുകയുള്ളൂ. ഇതു പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം: കൃപ ലഭിക്കാനുള്ള അര്‍ഹതയായല്ല താഴ്മയെ കാണേണ്ടത്. ചുങ്കക്കാരന്‍ തന്നെത്താന്‍ താഴ്ത്തി. അവിടേക്കു കൃപ ഒഴുകിച്ചെന്നു. ഫലം അവന്‍ നീതികരിക്കപ്പെട്ടവനായി. എന്നാല്‍ ഫരിസേയൻ തന്റെ അര്‍ഹതയുടെ പട്ടിക നിരത്തി തന്നെത്താന്‍ ഉയര്‍ത്തി. സ്വാഭാവികമായും അവിടേക്കു ദൈവകൃപയ്ക്ക് ഒഴുകിച്ചെല്ലാന്‍ കഴിയുകയില്ലല്ലോ. അതിന്റെ ഫലമായി ഫരിസേയന് ദൈവത്തിന്റെ കൃപ സ്വീകരിക്കാൻ കഴിയാതെ, നീതികരിക്കപ്പെടാതെ, വീട്ടിലേക്കു മടങ്ങേണ്ടി വന്നു. നാം ഓരോരുത്തർക്കും ജീവിതത്തിൽ ഏതു സാഹചര്യത്തിലും ശക്തി പ്രാപിക്കുന്നതിനായി ദൈവക്യപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്