ഏതാനും മാസങ്ങൾക്കു മുൻപ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ഒരു പ്രസ്താവന ഏറെ വിവാദമായിരുന്നു. ‘പോരാളി ഷാജിമാർ’ പോലുള്ള ഫേസ് ബുക്ക് പേജുകൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അല്ലാതെ ദോഷം വരുത്തുന്നു എന്ന ജയരാജന്റെ അഭിപ്രായമാണ് വലിയ എതിർപ്പുകൾക്ക് വഴിതെളിച്ചത്. സൈബർ ഇടങ്ങളിൽ ഒളിച്ചിരിക്കുന്ന, പാർട്ടി അനുഭാവികൾ എന്ന വ്യാജേന, അജ്ഞാത പ്രൊഫൈലിൽ ഗ്രൂപ്പുകളിൽ നിന്നും ഇവർ പ്രചരിപ്പിക്കുന്ന ആശയങ്ങൾ പലതും പാർട്ടി നിലപാടുകൾക്കും നേതൃത്വത്തിനും എതിരാണ് എന്നാണ് ജില്ലാ സെക്രട്ടറി ആരോപിക്കുന്നത്. സോഷ്യൽ മീഡിയയിലിരുന്നു തോന്നിയതെല്ലാം വിളിച്ചു പറയുന്ന ഇത്തരത്തിലുള്ള പാർട്ടി അനുഭാവികൾ എന്നു ഭാവിക്കുന്നവരുടെ കാര്യത്തിൽ പാർട്ടിക്ക് യാതൊരു ഉത്തരവാദിത്വമില്ലയെന്നും ഇത്തരത്തിലുള്ള ‘പോരാളി ഷാജിമാർ’ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ, മാത്രമല്ല കേരള കത്തോലിക്കാ സഭയിലും ഇത്തരത്തിൽ സൈബർ ഇടങ്ങളിലെ ‘പോരാളി ഷാജിമാരെ’ കൊണ്ട് വല്ലാതെ പൊറുതിമുട്ടുന്ന അവസ്ഥയാണ്. സഭയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്ന മിഥ്യാധാരണയിൽ മറഞ്ഞിരുന്നുകൊണ്ടു വ്യത്യസ്തമായ ഗ്രൂപ്പുകളിൽ നിന്നും വ്യാജ പ്രൊഫൈയിൽ ഐഡി കളിൽ നിന്നുമായി ഇവർ അയക്കുന്നതും ഷെയർ ചെയ്യുന്നതും പിന്നെ ഓരോരുത്തരും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതിയ കൂട്ടുന്നതുമായ കാര്യങ്ങൾ വായിച്ചു ഇതിൽ ഏതാണ് ശരി, ഏതാണ് തെറ്റ്, ഏതാണ് സത്യം, ഏതാണ് അസത്യം എന്ന് തിരിച്ചറിയാനാകാതെ കുഴയുകയാണ് പാവം വിശ്വാസികൾ .

അമിതമായ സഭാ സ്നേഹം മൂത്ത് സഭയെ രക്ഷിക്കുവാനും സംരക്ഷിക്കുവാനും വേണ്ടി ഈ ‘സഭാ സ്നേഹികൾ’ നടത്തുന്ന പോരാട്ടങ്ങൾ അതിരുവിടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

‘മൂർത്തിയേക്കാൾ വലിയ ശാന്തിയാണ്’ തങ്ങളെന്ന് സ്വയം തെറ്റിദ്ധരിച്ചിരിക്കുന്ന ഇത്തരം ചില വ്യക്തിത്വങ്ങൾ പലപ്പോഴും സഭാ സംവിധങ്ങളെ വരെ സ്വാധീനിക്കുവാനും സഭാ നേതൃത്വത്തെയും അവരുടെ തീരുമാനങ്ങളെയും അട്ടിമറിക്കാനും അതിരു വിട്ടു വിമർശിക്കുവാനും മാത്രം വളർന്നിരിക്കുന്നു എന്നതാണ് സങ്കടം. പരസ്പരം ചേരി തിരിഞ്ഞും പക്ഷം പിടിച്ചും സൈബർ ഇടങ്ങളിൽ

ഇവർ നടത്തുന്ന രഹസ്യ- പരസ്യ പോരാട്ടങ്ങൾ സഭയ്ക്ക് ഗുണത്തെക്കാൾ ദോഷമേ വരുത്തി വയ്ക്കുന്നുള്ളൂ എന്നു ഇക്കൂട്ടർ മനസിലാക്കുന്നുണ്ടോ എന്തോ….??

തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങൾ വിവരിക്കുകയും വളച്ചൊടിക്കുയും തങ്ങളുടെ സ്വകാര്യ – രാഷ്ട്രീയ പ്രീണന നിലപാടുകൾക്കു വേണ്ടി സഭാ സംവിധങ്ങളെ ദുരുപയോഗിക്കുകയും ചെയ്യുന്ന ഇവരിൽ പലരും സഭാപരപരമായ സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പ്രശ്നങ്ങളെ കുറേക്കൂടി വഷളാക്കുന്നു എന്നുള്ളതാണ് സത്യം.

തങ്ങൾക്ക് ഇണങ്ങും വിധത്തിൽ കാര്യങ്ങളെ വലിച്ചു നീട്ടാനും വെട്ടി കുറക്കാനും സഭാ ഔദ്യോഗിക പ്രസ്താവനകളെ ദുർവ്യാഖ്യാനം നടത്താനും

അതിസമർത്ഥരായ ഇത്തരത്തിലുള്ള വ്യക്തികളും ഗ്രൂപ്പുകൾളും സഭാ ഗാത്രത്തിന് വരുത്തി വെക്കുന്ന മുറിവുകളെ കുറിച്ച് അവർക്ക് തന്നെ കൃത്യമായ ധാരണയില്ല എന്ന് തോന്നുന്നു.

തങ്ങൾ ചെയ്യുന്നതാണ് ശരി , തങ്ങൾ ചെയ്യുന്നത് മാത്രമാണ് ശരി എന്നുള്ള ചിലരുടെ പിടിവാശികളും അതിനോട് ജയിക്കാൻ ഏതറ്റം വരെയുംപോകുമെന്നുള്ള വേറെ ചിലരുടെ നിർബന്ധ ബുദ്ധിയും നിലപാടുകളും ക്രിസ്തു സാക്ഷ്യത്തിന് ചേർന്നതല്ല. സഭാ ഗാത്രത്തെ മുഴുവനായി ഉൾക്കൊള്ളാൻ ആകാതെ വ്യക്തിപരമായ ചില നേട്ടങ്ങൾക്കും പിടിവാശികൾക്കും വേണ്ടി ചിലർ നടത്തുന്ന ഇത്തരം പോരാട്ടങ്ങളുടെ യുദ്ധഭൂമിയായി സൈബർ ഇടങ്ങൾ മാറുന്നു എന്നതാണ് വാസ്തവം.

നമ്മൾ ജീവിക്കുന്ന കാലഘട്ടത്തെ സത്യാനന്തര കാലഘട്ടം (Post Truth Era) എന്നാണ് പറയുക. ഒരു വ്യവസ്ഥാപിത പാർട്ടിയോ പ്രസ്ഥാനമോ വ്യക്തിയോ തങ്ങളുടെ താല്പര്യങ്ങൾക്കായി ചില നിലപാടുകൾ സ്വീകരിക്കുകയും ആശയങ്ങൾ രൂപീകരിക്കുകയും അത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുകയും അതു വഴി ഒരു രാഷ്ട്രീയ- സാമൂഹിക പൊതു മനസ്സാക്ഷി രൂപീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരപകടം. എല്ലാ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വാസ്തവവിരുദ്ധ അസത്യ -അബദ്ധ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വളരെ സജീവമായ ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ചില ഗ്രൂപ്പുകൾക്കും അവരുടെ ‘ഒളിപ്പോ രുകൾക്കും വളരെ പെട്ടെന്ന് പ്രചാരവും സ്വീകാര്യതയും ലഭിച്ചു എന്നുള്ളതാണ് സത്യം. അതായത് ചിലർ ബോധപൂർവം സൃഷ്ടിക്കുന്ന നുണകൾക്ക് വേണ്ടതിലധികം സത്യസന്ധമായ സ്വീകാര്യത കിട്ടുന്നുവെന് ചുരുക്കം.

ഇത്തരത്തിലുള്ള പ്രശ്നം കേരള കത്തോലിക്കാ സഭയേയും വല്ലാതെ ബാധിച്ചിട്ടുണ്ട് . വ്യാജ ഫേസ് ബുക്ക്‌ പേജുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും യൂട്യൂബ് ചാനലുകളും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലുമൊക്കെയായി സഭാ സ്നേഹം മൂത്ത് ചിലർ നടത്തുന്ന അക്ഷര- വാക്ക് പൊരുകൾക്കും ഒളിപ്പോരുകൾക്കും കൂച്ചുവിലങ്ങിടാവാനായി സഭാനേതൃത്വം കുഴങ്ങുന്നു എന്നതാണ് വാസ്തവം.

പറഞ്ഞു തുടങ്ങിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പോരാളി ഷാജിമാരെ കുറിച്ചാണ്. വൈകിയാണെകിലും അത്തരത്തിലുള സൈബർ പോരാളികൾ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചു മനസിലാക്കുവാനും അവരെ തിരുത്താനും പാർട്ടി നേതൃത്വം തയ്യാറെടുക്കുന്നു എന്നതിന്റെ ചില സൂചനകൾ കാണുന്നു ണ്ട്. അത്തരം ചില ചുവടുകൾ സഭാ നേതൃത്വവും എടുക്കേണ്ട സമയമായി എന്നു തോന്നുന്നു. ഈ ‘സൈബർ പൂച്ചകൾക്ക്’ ആരെങ്കിലും മണി കെട്ടിയെ തീരൂ….

ഫാ. നൗജിൻ വിതയത്തിൽ

നിങ്ങൾ വിട്ടുപോയത്