വി. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചൻ്റെ തിരുന്നാൾ (1805-1871)

മാന്നാനം കുന്നിൽ നിന്നാരംഭിച്ച് കേരളസഭയിലും, ഭാരത സഭയിലും, ലോകമെമ്പാടും ദൈവീകപ്രഭ വാരി വിതറിയ വി. ചാവറയച്ചൻ്റെ തിരുന്നാൾ ദിനമാണിന്ന്.

കേവലം 66 വയസ് മാത്രം ആയുസുണ്ടായിരുന്ന വി. ചാവറ പിതാവ് 19-ാം നൂറ്റാണ്ടിലെ കേരളത്തിൻ്റെ ആത്മീയ – സാമൂഹിക-സാംസ്ക്കാരിക-സാഹിത്യ-വിദ്യാഭ്യാസ- മാധ്യമ രംഗങ്ങളിൽ കാലാതിവർത്തിയായ ഉണർവ്വുണ്ടാക്കിയ കേരളീയ “നവോത്ഥാന നായകരിൽ ” അഗ്രഗണ്യനാണ്.

കേരള സഭയുടെ വികാരി ജനറാളായിരിക്കെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളോടും ചേർന്ന്, പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് സർവ്വർക്കും ജാതി മത ഭേദമെന്യെ വിദ്യാഭ്യാസം നല്കണം എന്ന കല്പന പുറപ്പെടുവിച്ച്, അത് പ്രാവർത്തികമാക്കി കൊണ്ടാണ് അദ്ദേഹം
“കേരളീയ പൊതു സമൂഹസൃഷ്ടിക്ക്” തുടക്കം കുറിക്കുന്നത്.

ജാതി അടിസ്ഥാനത്തിൽ മാത്രം വിദ്യാഭ്യാസ അവകാശം നടമാടിയിരുന്ന ആ കാലഘട്ടത്തിൽ വി. ചാവറ പിതാവ് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസം എന്ന ആശയം കീഴാള വർഗ്ഗകാർക്ക് പ്രത്യാശയുടെ പൊൻകിരണങ്ങളാണ് സമ്മാനിച്ചത്.

1846-ൽ (ഭാരതസ്വാതന്ത്ര്യത്തിന് ഒരു നൂറ്റാണ്ടിനും മുമ്പ് ) മാന്നാനത്ത് ഒരു സംസ്കൃത വിദ്യാലയം സ്ഥാപിച്ച്,ദളിതർ അടക്കമുള്ള കീഴാള ജാതിക്കാർക്ക് പ്രവേശനം നല്കി വിദ്യാഭ്യാസത്തെ “സമത്വവൽക്കരിച്ച് ” വി. ചാവറയച്ചൻ സമുദായത്തിന് മാതൃക നല്കി. മാത്രമല്ല, ഉച്ചകഞ്ഞി, പഠനോപകരണങ്ങൾ തുടങ്ങിയവ സൗജന്യമായി നല്കാൻ പിടിയരി, തെങ്ങ് കെട്ടൽ തുടങ്ങിയ വി. ചാവറയച്ചൻ ആരംഭിച്ചു വച്ച നൂതന മാർഗ്ഗങ്ങൾ ഈ ആധുനിക കാലത്തും ഏവരേയും അമ്പരപ്പിക്കുന്നു. അക്ഷരവെളിച്ചത്തിലൂടെ, അറിവിലൂടെ നവോത്ഥാന പ്രകാശം ചൊരിഞ്ഞ പിതാവ് 1846 – ൽ തന്നെ ആദ്യമായി കത്തോലിക്കാ സഭയ്ക്ക് ഒരു അച്ചുകൂടം സ്ഥാപിക്കാനും മുൻകൈയെടുത്തു. അത് മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ രാഷ്ട്രദീപികയ്ക്ക് അടിസ്ഥാനമായി.

മരണ വീട്ടിൽ പാടാനുള്ള പാന, ആദ്യമലയാള ഖണ്ഡകാവ്യമായ അനസ്ത്യാസിയായുടെ രക്തസാക്ഷിത്വം, നിരവധി പ്രാർത്ഥനാ മഞ്ജരികൾ തുടങ്ങിയ മലയാള ഭാഷയിൽ ആദ്യമായി അച്ചടിച്ച പുസ്തകങ്ങൾ കേരള സഭയുടെ വിശ്വാസ ജനകീയവത്കരണത്തിൻ്റെ തുടക്കമായിരുന്നു.

മലയാള നാടക പ്രസ്ഥാനത്തിന് ജന്മം നല്കിയതും വി. ചാവറ പിതാവ് തന്നെയെന്നതും മറ്റൊരു അത്ഭുത വാർത്തയാണ്. 1846-56 കാലഘട്ടത്തിൽ അദ്ദേഹം 10 ഇടയനാടകങ്ങൾ രചിക്കുകയും, അത് പ്രദർശിപ്പിക്കുകയും ചെയ്തത് മലയാളചരിത്ര സാഹിത്യ മേഖലയിലെ വിലപ്പെട്ട ഏടുകളായി എണ്ണപ്പെട്ടു കഴിഞ്ഞു.

അദ്ദേഹം തുടങ്ങി വച്ച
പരസ്നേഹ ധർമ്മശാല, കത്തോലിക്കാ സഭയുടെ മുഖമുദ്രയായി ഏവരും കണക്കാക്കുന്ന ആയിരകണക്കിന് അനാഥ – അഗതി – പാലിയേറ്റീവ് സംരക്ഷണ കേന്ദ്രങ്ങളുടെ തലതൊട്ടപ്പനാണ്. “നന്മ ചെയ്യാത്ത ഒരു ദിവസം നിൻ്റെ ആയുസിൻ്റെ കണക്കു പുസ്തകത്തിൽ എഴുതി ചേർക്കപ്പെടുകയില്ല” എന്നാണ് അദ്ദേഹം എഴുതി വച്ചിട്ടുള്ളത്. അതിൻ്റെ പ്രാവർത്തിക രൂപമാണ് അദ്ദേഹത്തിൻ്റെ ജീവിതവും.

സ്ത്രീ സമത്വത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നെങ്കിലും, ഇന്നും പുരുഷമേധാവിത്വത്തിൻ്റേയും, സ്ഥാപനവല്ക്കരണത്തിൻ്റെയും അടിമത്വം ഏറ്റുവാങ്ങുന്നവർ തന്നെയാണ് സ്ത്രീകൾ. പെൺകുഞ്ഞുങ്ങളെ പള്ളി കൂടത്തിലയ്ക്ക് അയയ്ക്കുക, വീടിന് പുറത്തിറങ്ങുക, മാറ് മറയ്ക്കുക എന്നതൊക്കെ അചിന്തനീയമായ ഒരു കാലഘട്ടത്തിൽ സ്തീകൾക്ക് വേണ്ടി 1866-ൽ ആദ്യമായി ഒരു സന്യാസസഭ ആരംഭിക്കുകയും സ്ത്രീകളുടേയും അധഃകൃതരുടേയും വിദ്യാഭ്യാസത്തിനും, തൊഴിൽ സംരംഭങ്ങൾക്കും, തദ്വാരാ സ്തീ ശാക്തീകരണത്തിനും, സ്ത്രീ മഹത്വത്തിനും അദ്ദേഹം ഹേതുവായി.

സഭയിൽ ആഞ്ഞടിച്ച “റോക്കോസ് ശീശ്മ” വി. ചാവറയച്ചൻ്റെ കാലഘട്ടത്തിലല്ലായിരുന്നുവെങ്കിൽ സീറോ മലബാർ റീത്തോ, സീറോ മലങ്കര റീത്തോ അപ്രസക്തമാകുമായിരുന്നു. 116/156 പള്ളികളും ശീശ്മയിൽ ഉൾപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ ശീശ്മയോടുള്ള ചാവറയച്ചൻ്റെ ഭാവാത്മകവും, അപ്രതിരോധ്യവുമായ നിലപാടുകളാണ് സഭയെ രക്ഷിച്ചതും, അത് ഇന്ന് കാണുന്ന വ്യക്തിഗത സഭയായി ഉയർത്തപ്പെട്ടതിനും കാരണമായത്. അതിനർഹമായ സ്ഥാനം നമ്മുടെ സഭാ നേതൃത്വം പിതാവിന് നല്കുന്നുണ്ടോ എന്നത് ആത്മവിമർശന വിഷയമാണ്‌.

അദ്ദേഹം രചിച്ച കുടുംബ ചട്ടം എന്ന പേരിലറിയപ്പെടുന്ന “ഒരു നല്ല അപ്പൻ്റെ ചാവരുൾ ” ഗാർഹിക സഭയെ പറ്റി ആഗോളസഭയിൽ തന്നെ ഉണ്ടായ ആദ്യത്തെ ആധികാരിക രേഖയായി കണക്കാക്കാവുന്നതാണ്.’ വാസ്തവത്തിൽ സീറോ മലബാർ സഭാപിതാവ് എന്ന സ്ഥാനത്തിന് അദ്ദേഹം ഏറ്റവും യോഗ്യനാണ്.
സ്നേഹം, വിനയം, മിതവ്യയം, ദയ, നീതി, ദൈവഭയം, മുനിർന്നവരോടുള്ള കടമ, ബഹുമാനം എല്ലാം അദ്ദേഹത്തിൻ്റെ രചനകളിലെ തെളിമയാർന്ന ചിന്തകളാണ്.

കണ്ണിൽ കണ്ട നന്മകളൊക്കെ ചെയ്യാനുള്ള ഒടുങ്ങാത്ത തൃഷ്ണ പിതാവിന് ലഭിച്ചത്, യേശുവിനെപ്പോലെ, തന്നെ ദൈവവുമായുള്ള അഭേദ്യമായ ഹൃദയബന്ധ ത്തിൽ നിന്നാണ്. അതുകൊണ്ടാണല്ലോ “ദൈവേഷ്ടം നടക്കും; ദൈവേഷ്ടം നടത്തും” എന്നദ്ദേഹം ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നത്.

അതെ! കേരള നവോത്ഥാന ശില്പിയായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശേഷിപ്പിക്കാൻ അദ്ദേഹം വികസിപ്പിച്ചെടുത്ത മലയാള ഭാഷയിൽ തന്നെ പദങ്ങൾ തികയുകയില്ല.

ജാതിവല്ക്കരിക്കപ്പെട്ട നവോത്ഥാന സ്വാധീനങ്ങളിൽ അദ്ദേഹം തമസ്ക്കരിപ്പെട്ടെങ്കിലും, ഈ സ്ഥാനത്തിന് അർഹരെന്ന് പറയപ്പെടുന്ന ശ്രീ നാരായണ ഗുരുവിനേക്കാളും; ചട്ടമ്പി സ്വാമിയേക്കാളും വർഷങ്ങൾക്കു മുമ്പ് നവോത്ഥാനം പഠിപ്പിക്കുക മാത്രമല്ല, നവോത്ഥാനം കേരള സമൂഹത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത മഹാനുഭവനാണ് വി. ചാവറയച്ചൻ.

നിങ്ങൾ വിട്ടുപോയത്