കർത്താവായ ദൈവം അനാദിമുതൽ ഉണ്ടായിരുന്നവനും അനന്തത വരെ ഉണ്ടായിരിക്കുന്നവനുമാണ്. അവിടുത്തേക്ക് മാറ്റം ഇല്ല. അത് പോലെ തന്നെ അവിടുന്ന് അരുളിച്ചെയ്ത വചനങ്ങൾക്കും അവിടുത്തോടൊപ്പം മാറ്റമില്ലാതെ നിലനിൽക്കും. സർവ്വവും സൃഷ്ടിച്ച ദൈവം ഒന്നും ഒരു കണക്കു കൂട്ടലുകളും ഇല്ലാതെ സൃഷ്ടിച്ചവയല്ല. പിന്നെയോ എല്ലാത്തിനും കൃത്യമായ അളവും കാലവും വ്യക്തമായ നിശ്ചയവും കൂടി സൃഷ്ടിക്കപ്പെട്ടവയാണ്. അതിനാൽ തന്നെ ഒന്ന് മറ്റൊന്നിനെ നോക്കി അസൂയപ്പെടുകയോ ആകുലപ്പെടുകയോ അരുത്. അതെല്ലാം ദൈവഹിതത്തിനു എതിരായുള്ള പ്രവർത്തികളാണ്
ലോകത്തിലെ ഏറ്റവും സമർത്ഥനായ മനശാസ്ത്ര വിദഗ്ദ്ധനു പോലും ഭയത്തിൽ നിന്നും മോചിപ്പിക്കുവാനാകില്ല. എന്നാല്‍ പാപ സാഹചര്യത്തിന്റെ ഓര്‍മ്മകളില്‍ നിന്നും കുറ്റബോധത്തില്‍ നിന്നും, ഭയത്തിൽ നിന്നും മോചനം നല്കാന് ദൈവത്തിന് കഴിയുന്നു. ഭയപ്പെടേണ്ട” എന്നത് വചനത്തിൽ നിരന്തരം മുഴങ്ങുന്ന വാക്യമാണ്. വചനത്തിൽ മുഴുവന്‍ ഭയരഹിത ജീവിതത്തിലേക്കുള്ള ക്ഷണമാണ്. ഭയത്തിൽ നിന്നും, പകയിൽ നിന്നും, പ്രതികാരത്തിൽ നിന്നും മോചിതനായി ഒരു പുതിയ മനുഷ്യനായി തീരാനുള്ള കൃപയിലേയ്ക്ക് ദൈവം നാം ഒരോരുത്തരെയും വിളിക്കുന്നു
അനാവശ്യമായ പലവിധ ഭയങ്ങളില്‍ ജീവിക്കുന്നവരായി ഇന്ന് ക്രിസ്ത്യാനികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ദൈവഭയം കുറയുന്നിടത്താണ് അനാവശ്യഭയങ്ങള്‍ ഉടലെടുക്കുന്നത്. ദൈവഭയം എന്നത് അടിസ്ഥാനപരമായി ദൈവസ്നേഹത്തിൽ അധിഷ്ഠിതമാണ്. യഥാര്‍ത്ഥ ദൈവഭയം ദൈവസ്നേഹത്തിലേക്കും പരസ്നേഹത്തിലേക്കും നയിക്കും “നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത് എന്ന് തിരുവചനം പ്രതിപാദിക്കുന്നു. നാം ഓരോരുത്തർക്കും ഭയപ്പെടാതെ, പൂർണ്ണ ഹൃദയത്തോടെ ദൈവത്തിൽ ആശ്രയിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.