5th March my father’s death anniversary….I owed to them what i am now.

അപ്പന്‍ പ്രിയമുള്ളരോര്‍മ്മ……………………………………………..

മാര്‍ച്ച് 5-അപ്പന്റെ ഓര്‍മ്മ ദിനമായിരുന്നു. വേര്‍പാടിന്റെ 12-ാം വര്‍ഷം. എന്റെ ആദര്‍ശ ദമ്പതികളായിരുന്നു അപ്പനും അമ്മയും. അവര്‍ കാണിച്ച ജീവിതപ്പാതയും ആദര്‍ശങ്ങളും എന്റെ മക്കളും പിന്തുടരണം എന്നാശിക്കുകയാണ്. ഏവരോടും സ്‌നേഹത്തോടും സഹാനുഭൂതിയോടും പെരുമാറാന്‍ ഉപദേശിച്ചു അപ്പന്‍, നിന്റെ മുന്നില്‍ വരുന്നവന്‍ ഭിക്ഷക്കാരനായാലും അവനെ മനുഷ്യനായി കാണുക, നിന്നെപ്പോലെ ശരീരവും മനസ്സും, ദൈവം നല്‍കിയ ആത്മാവും അവനുമുണ്ടെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക. ജീവിതാസ്ഥകളാണ് ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത്.മനുഷ്യന്‍ എന്ന ജീവിതത്തിന്റെ അടിസ്ഥാനം എന്നും ഒന്നാണ്.

മകന്‍ ജീവിക്കുന്ന ഇന്ത്യയുടെ തലസ്ഥാന നഗരി വന്ന് കാണണമെന്ന് ആഗ്രഹം പറഞ്ഞു ഒരിക്കല്‍. സാധിച്ചുകൊടുക്കാന്‍ അന്ന് സാധിച്ചില്ല, ദു:ഖം ഇന്നും ഉണ്ട്. മകന്റെ ജീവിതാവസ്ഥകള്‍ നന്നായി അറിയാവുന്ന അപ്പന്‍ ഒരിക്കലും പരാതി പറഞ്ഞില്ല. ദീപികയുടെ ഡല്‍ഹി ബ്യൂറോയിലേക്ക് അപ്പനയച്ച അവസാനത്തെ കത്ത് ഞാന്‍ ഇപ്പോഴും കൈയ്യിലുണ്ട്. ഒപ്പം കുറെയേറെ മണി ഓര്‍ഡര്‍ സ്ലിപ്പുകളും. എല്ലാം ചെറിയ തുകകളാണ്. അവസാനം അയച്ച കത്തിലെ വടിവില്ലാത്ത അക്ഷരങ്ങള്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ് ..’ ദൈവത്തിന് സ്തുതി..മകനെ നിനക്ക് സുഖമാണോ…പണം അയച്ചില്ലേലും സാരമില്ല നീ സമയത്ത് ഭക്ഷണം കഴിക്കണം..ആരോഗ്യം നോക്കണം. എനിക്കും നിന്റെ അമ്മയ്ക്കും സുഖമാണ്’.

അന്യനാട്ടില്‍ കഷ്ടപ്പെട്ട് കോടാനുകോടികള്‍ സമ്പാദിച്ച അപ്പനെ മകന്‍ അദ്ദേഹത്തിന്റെ തോക്ക് കൊണ്ട് വെടിവെച്ച് കൊന്നത് നാം വായിച്ചു. അപ്പന്റെ ശവവുമായി, ആദ്ദേഹം സമ്മാനിച്ച ആഡംബരക്കാറില്‍ നാടും നഗരവും ചുറ്റി നടന്ന് ഒടുവില്‍ തൂമ്പകൊണ്ട് ശരീരം വെട്ടി നുറുക്കി പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം തല വേര്‍പെടുത്തി മറ്റൊരിടത്ത് ഉപേക്ഷിച്ചത് കൂസലില്ലാതെ വിവരിച്ച മകനെക്കുറിച്ചും നാം വായിച്ചു. ജാരനെയും, കാമുകനെയും നഷ്ടപ്പെടാതിരിക്കാന്‍ പ്രായപൂര്‍ത്തിയായ സ്വന്തം മകളെ…പിഞ്ചു ബാലികമാരെ കാമുകനൊപ്പം വിടുന്ന മലയാളി അമ്മമാരുടെ കഥകളോടെ ദിനംപ്രതി വര്‍ത്തമാനപ്പത്രങ്ങളും ചാനലുകളും നമ്മുടെ മുന്നിലെത്തുന്നു. ഒന്നിലധികം മക്കളുള്ള വൃദ്ധ ദമ്പതികള്‍ വഴി വക്കില്‍ വിശന്ന് പൊരിഞ്ഞ്, പുഴുവരിച്ച് മരിക്കുന്നത് ഇന്ന് ചരമപേജിലെ ഒരു കോളം വാര്‍ത്തയ്ക്കപ്പുറം വലിയ കാര്യമല്ല. മാതാപിതാക്കളെ പട്ടിക്കൂട്ടിലും, തൊഴുത്തിലും പൂട്ടിയിടുന്ന മക്കള്‍, വഴിയോരത്ത് ഉപേക്ഷിച്ച് പോയവര്‍.

അപ്പനെ കൊല്ലുന്ന മക്കളും, മകളെ കൊല്ലുന്ന അമ്മമാരും, കാമുകനെ നേടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത യുവതികള്‍, സ്വന്തം പിതാവിന്റെ കുഞ്ഞിനെ പ്രസിക്കാതിരിക്കാന്‍ അപ്പന് വിഷം കൊടുത്ത് കൊലപ്പെടുത്തുന്ന പെണ്‍ മക്കള്‍…എനിക്ക് സമ്പന്നര്‍ക്കുള്ള വൃദ്ധ മന്ദിരത്തിന്റെ ആഡംബരവും സമൃദ്ധിയും വേണ്ട എന്റെ കുഞ്ഞു മക്കളുടെ കളിചിരികേട്ട് ജീവനൊടങ്ങുംവരെ നിങ്ങള്‍ക്കൊപ്പം ജീവിച്ചാല്‍മതി എന്ന് കേഴുന്ന വൃദ്ധ മാതാവ്…കേരളം വളരെ വേഗം മാറുകയാണ്.

അപ്പനോടും അമ്മയോടും മറുതലിക്കാത്ത ഒരു തലമുറയിലെ പ്രതിനിധിയെന്ന നിലയ്ക്ക് ഓരോ മേല്‍പ്പറഞ്ഞ ഓരോ വാര്‍ത്ത വായിക്കുമ്പോഴും ഞാന്‍ എന്റെ മാതാപിതാക്കളെ ഓര്‍മ്മിക്കും. മക്കളെപ്രതി ജീവിക്കാന്‍ മറന്നു പോയ രണ്ടു പേര്‍. മക്കളോടുള്ള അവരുടെ സ്‌നേഹത്തിന് മുന്നില്‍ മീനമാസത്തിലെ വേനലും, കര്‍ക്കിടക മഴയും തോറ്റു…പൊരുമഴത്ത് പുട്ടിലു ചൂടി പാടവരമ്പത്തൂകൂടി നടന്നു മറഞ്ഞ ആ പാദങ്ങളെ ഞഠന്‍ നമിക്കുന്നു…

സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ പറയുന്നു നിങ്ങള്‍ നനഞ്ഞ മഴയും, സഹിച്ച വെയിലുമാണ് നിറ നിവാവുപോലുള്ള ജീവിതമായി എനിക്ക് മുന്നില്‍ നില്‍ക്കുന്നത്….

ചരമ പ്രസംഗം നടത്തിയ സേവ്യറച്ചന്റെ വാക്കുകള്‍ (റവ.ഡോ സേവ്യര്‍ വടക്കേക്കര-മുന്‍ ചീഫ് എഡിറ്റര്‍ ഇന്ത്യന്‍ കറന്റ്‌സ് മാസിക) വീണ്ടും ഉദ്ധരിക്കുന്നു,.. ‘എന്റെ മുന്നില്‍ ശവമഞ്ചത്തില്‍ കിടക്കുന്ന കാഞ്ഞിരത്താനം, മേലേടത്തുപറമ്പില്‍ മത്തായി ഔസേപ്പിനെ എനിക്കറിയില്ല, എന്നാല്‍ അദ്ദേഹത്തിന്റെ 10 മക്കളില്‍ ഒരുവനെ എനിക്ക് വര്‍ഷങ്ങളായിട്ട് അറിയാം. അവനിലൂടെ അപ്പന്‍ ആരായിരുന്നിരിക്കാം എന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും.’

ബൈബിള്‍ വാക്കുകള്‍ കടമെടുക്കുന്നു..’നന്മ ചെയ്ത പിതാക്കന്മാര്‍ അവരുടെ മക്കളിലൂടെ അറിയപ്പെടും.’നന്മയുടെ പാതയോരം ചേര്‍ന്ന് നടന്നു മറഞ്ഞവരുടെ കാല്‍പ്പാടുകളെ കാലത്തിന് മായിക്കാനാവില്ല. അപ്പന്റെയും അമ്മയുടെയും സ്‌നേഹ സ്മരണയക്ക് മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു.

(നമ്മുടെ വര്‍ത്തമാനകാല സാമൂഹീക അവസ്ഥകളാണ് ഉദ്ദേശിച്ചത്: അധികപ്രസംഗമോ, ആത്മപ്രശംസയോ ആയി വ്യഖാനിക്കരുത്)

ജോൺ മാത്യു

നിങ്ങൾ വിട്ടുപോയത്