“എടീ കാന്താരി, നിന്റെ മൂക്ക് ഞാൻ ചെത്തി ഉപ്പിലിടും! നിന്റെ പേര് ഞാനങ്ങു മാറ്റുവാ, നീ ജോസി അല്ല.. “കാന്താരി” ആണ്.. കാന്താരി.
തനി കാന്താരിയുടെ സ്വഭാവം ആണ് നിനക്ക്”.
ഓഹോ, എന്നെ കാന്താരി എന്ന് വിളിച്ചാൽ അച്ചനെ ഞാൻ “വെള്ളരിക്ക” എന്ന് വിളിക്കും എന്ന് ഞാൻ. (വെള്ളരിങ്ങാട്ട് എന്നാണ് അച്ചന്റെ വീട്ടുപേര് )
നീ എന്ത് വേണമെങ്കിലും വിളിച്ചോ എന്ന് അച്ചൻ.
1992 ൽ ഒരു മൂന്നാം ക്ലാസുകാരിയും വികാരി അച്ചനും തമ്മിലുള്ള ബന്ധം തുടങ്ങിയതങ്ങനെ ആണ്
പിന്നെ ഇങ്ങോട്ട് ഈ 2024 ജനുവരിയിൽ പ്രീസ്റ്റ് ഹോമിൽ കാണാൻ ചെന്ന അന്ന് വരെയും പിന്നീട് കുറച്ചു നാളുകൾക്ക് മുൻപ് ലാസ്റ്റ് കാൾ വന്ന അന്നും… കാന്താരി എന്നല്ലാതെ എന്നെ അച്ചനും, “വെള്ളരിക്ക” എന്നല്ലാതെ അച്ചനെ ഞാനും വിളിച്ചിട്ടില്ല. (എന്റെ ഫോണിൽ അച്ചന്റെ നമ്പർ സേവ് ചെയ്തിരിക്കുന്നത് തന്നെ Fr. Vellarikka എന്നാണ് )
കഴിഞ്ഞ 32 വർഷം നീണ്ട ബന്ധം.. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ. ഇടവകക്കാർക്ക് എല്ലാം പ്രിയങ്കരനായി ഞങ്ങളുടെ വെള്ളിയാമറ്റം ഇടവകയിൽ ആറു വർഷം കുര്യൻ അച്ചൻ സേവനം അനുഷ്‌ഠിച്ചു.
1998 ൽ കളത്തുക്കടവ് ഇടവകയിലേക്ക് മാറിപ്പോയി.
അന്ന് കരഞ്ഞ കരച്ചിൽ ഇപ്പോഴും മനസ്സിൽ ഉണ്ട്.
1999 ൽ ഞാൻ മഠത്തിൽ ചേർന്നപ്പോൾ യാത്ര പറയാനായി കളത്തുക്കടവ് പള്ളിയിൽ പോയി അച്ചനെ കണ്ടു.
“എങ്ങനെയാ ഇനി കാന്താരിയുടെ എരുവ് കൂടുമോ കുറയുമോ”? ഇതായിരുന്നു ചോദ്യം..
അന്ന് പള്ളിയിൽ കൊണ്ടുപോയി പ്രാർത്ഥിച്ച് ഒരു ബൈബിൾ സമ്മാനവും തന്നു വിട്ടതാണ്.
പിന്നീട് എഴുത്തുകളിലൂടെ ആയിരുന്നു ഞങ്ങളുടെ തമാശകൾ, വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നത്..
ഒരിക്കൽ ഞാൻ എഴുതിയ എഴുത്ത് എന്റെ ഗുരുനാഥ വായിച്ചിട്ട് ചോദിച്ചു..
“എന്റെ കൊച്ചേ അല്പം കൂടി ബഹുമാനത്തോടെയും മര്യാദയോടെയും ഒക്കെ എഴുതിക്കൂടെ, അതൊരു അച്ചൻ അല്ലേ” എന്ന്.
ആ കത്തിനു മറുപടി വന്നപ്പോ ഗുരുനാഥയ്ക്ക് കാര്യം പിടികിട്ടി. രണ്ടും കണക്കാ.. എന്റെ പൊന്നോ.. എന്ന് പറഞ്ഞു കുറെ ചിരിച്ചു.
ഇടയ്ക്കിടെ വിളിക്കും..
കാന്താരിയ്ക്ക് സുഖമാണോ, നിന്റെ സന്തോഷത്തിനു എന്തെങ്കിലും വാട്ടമോ കോട്ടമോ വന്നോ.. എന്നൊക്കെ ചോദിച്ച്.
2015 ൽ LLB കഴിഞ്ഞപ്പോ മുതൽ പേരിന് അല്പം മോഡിഫിക്കേഷൻ വന്നു. വെറും കാന്താരി “വക്കീൽ കാന്താരി” ആയി.
അങ്ങനെ ഒരുപാട് ഒരുപാട് വിശേഷങ്ങൾ, നല്ല നല്ല ഓർമ്മകൾ,
പറഞ്ഞാൽ തീരാത്ത… പറയാൻ പറ്റാത്ത തല്ലു കൊള്ളിത്തരങ്ങൾ ഒരുപാട് ഉണ്ട്. ഉച്ചയ്ക്ക് അച്ചൻ ഒന്ന് മയങ്ങാൻ പോകുമെന്ന് പള്ളിമുറ്റത്തു കളിക്കുന്ന ഞങ്ങൾക്ക് നന്നായി അറിയാം.. അപ്പൊ വെറുതെ calling ബെൽ അടിച്ചിട്ട് ഒളിച്ചു നിൽക്കും.. അച്ചൻ വന്നു നോക്കിയിട്ട് വാതിൽ അടച്ചു പോകും.. പിന്നേം അടിക്കും..
പിടി വീഴും വരെ ഈ പരിപാടി ഞങ്ങൾ കുട്ടിപട്ടാളം തുടർന്നുകൊണ്ടേ ഇരുന്നു. പിടി വീണ അന്ന് പക്ഷെ മിഠായി തന്നാണ് ഞങ്ങളെ തിരുത്തിയത്.
പ്രിയപ്പെട്ട കുര്യൻ അച്ചാ…
നന്ദി… സ്നേഹപൂർവ്വം അന്നത്തെ കുഞ്ഞുങ്ങൾ ആയിരുന്ന ഞങ്ങൾക്ക് നൽകിയ മിഠായികൾക്ക്, പകർന്നു തന്ന ആത്മീയ വെളിച്ചത്തിന്…
“നിന്റെ കാന്താരി സ്വഭാവത്തിന് നല്ല എരിവ് ഉള്ളത് പോലെ ഈശോയോടുള്ള സ്നേഹത്തിലും ഇതേ എരിവ് ഉണ്ടാകണം” എന്ന് വളരേ ചെറുപ്പത്തിലെ.. പറഞ്ഞു തന്നതിന്.,
മാസത്തിൽ ഒരിക്കൽ എങ്കിലും മുടങ്ങാതെ വന്നിരുന്ന സ്നേഹാന്വേഷണ, കുശലാന്വേഷണ വിളികൾക്ക്,
പണ്ട് ഞാൻ എഴുതിയിരുന്ന കിറുക്ക് എഴുത്തുകൾക്ക് എല്ലാം അതേ കിറുക്കിൽ തന്നെ മുടങ്ങാതെ മറുപടി എഴുതിയിരുന്നതിന്..
ഒരുപാട് നല്ല നിറമുള്ള ഓർമ്മകൾക്ക്
എല്ലാം നന്ദി..
ഫോണിൽ സേവ് ചെയ്തിരിക്കുന്ന Fr. വെള്ളരിക്ക അങ്ങനെ തന്നെ കിടക്കട്ടെ..
ഇങ്ങനെ വേണം ജീവിക്കാൻ.. പരിചയപ്പെട്ടവരുടെ എല്ലാം ഹൃദയത്തിൽ സൗമ്യസ്നേഹത്തിന്റെ അടയാളം പതിപ്പിച്ച നല്ല ഇടയൻ.
കുഞ്ഞുങ്ങളുടെ കൂട്ടുകാരൻ.
ആർക്കും എപ്പോഴും സമീപിക്കാവുന്ന വ്യക്തി, സദാ പുഞ്ചിരിക്കുന്ന പുരോഹിതൻ. വിശുദ്ധിയുടെ കിരണങ്ങൾ നടപ്പിലും എടുപ്പിലും വാക്കിലും സാന്നിധ്യത്തിലും സൂക്ഷിച്ച വന്ദ്യ പുരോഹിതൻ.
പ്രാർത്ഥനകൾ, ആദരാജ്ഞലികൾ പ്രിയപ്പെട്ട കുര്യൻ അച്ചാ..
സ്നേഹപൂർവ്വം
വെള്ളരിക്കയുടെ സ്വന്തം കാന്താരി.
I Miss you… Really I Miss You
But I have a RIGHT PERSON in Heaven to Pray for Me
Sr.Josia P. SD