ജീവൻ നൽകുന്ന ദൈവമാണ് പരിശുദ്ധാത്മാവ്. ദൈവത്തെപ്പോലെ പരിശുദ്ധാത്മാവ് എല്ലാത്തിലും വ്യാപിച്ചിരിക്കുന്നു. പിതാവായ ദൈവത്തിൽ നിന്നാണ് പരിശുദ്ധാത്മാവ് വരുന്നത്. ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാക്ഷികള്‍ എന്ന നിലയില്‍ വിശ്വാസത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും, ധീരതയോടെ ക്രിസ്തുവിന്‍റെ നാമം ഏറ്റുപറയാനും കുരിശിനെപ്പറ്റി ഒരിക്കലും ലജ്ജിക്കാതിരിക്കാനും പരിശുദ്ധാത്മാവിന്‍റെ സവിശേഷമായ ഒരു ശക്തി നമ്മുടെ ആത്മീയ ജീവിതത്തെ ഒരുക്കുന്നു.
ഈശോ കുരിശിൽ മരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുന്നതുവരെ പരിശുദ്ധാത്മാവിനെ തിരഞ്ഞെടുക്കപ്പെട്ട ചിലരിലേക്ക് മാത്രമേ ദൈവം വർഷിച്ചിരുന്നുള്ളൂ. എന്നാൽ, കുരിശുമരണത്തിലൂടെ മാനവരാശിയുടെ പാപങ്ങൾക്ക് പുത്രനായ ദൈവം പരിഹാരം ചെയ്തതുവഴി, തന്റെ പുത്രനിൽ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന എല്ലാവരിലേക്കും, യേശുവിന്റെ വാഗ്ദാനം സ്ഥിരീകരിച്ചുകൊണ്ട്, ദൈവം തന്റെ ദാനമായ പരിശുദ്ധാത്മാവിനെ അയയ്ക്കുന്നുണ്ട്. ലോകത്തിൻറെ മോഹങ്ങൾ എപ്പോഴും പരിശുദ്ധാത്മാവിന് എതിരാണ്. പരിശുദ്ധാൽമാവിനാൽ പൊതിയപ്പെടണമെങ്കിൽ നാം ലോകത്തിന്റെ രീതികളിൽനിന്ന് മാറണം. ലോകമാഹങ്ങളുമായി ജീവിക്കുന്ന ഒരാൾക്ക് പരിശുദ്ധാൽമാവിനെ സ്വീകരിക്കാൻ കഴിയുകയില്ല.
ദൈവത്തിന്റെ മക്കളായി തീരുവാൻ, സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളാകുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പൂർണ്ണഹൃദയത്തോടെ അഭിലഷിക്കണം. ഇരുളടഞ്ഞ ഹൃദയത്തിൽ വെളിച്ചം വീശാൻ, പാപബോധവും പശ്ചാത്താപവും തരാൻ, ‘പരിശുദ്ധാത്മാവേ അഗ്നിയായി ഇറങ്ങി വരണമേ’ എന്ന് തീഷ്ണമായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.