റിട്ടയർ ചെയ്തിട്ട് വർഷങ്ങളായി. പ്രേത്യേകിച്ചു ഒന്നും ചെയ്യുന്നില്ല.എപ്പോഴും കാട് കയറിയ ചിന്തകളാണ് .ഇടപെടുന്ന എല്ലാവരുടെയും മൂഡ് തകർക്കുന്ന വർത്തമാനമേ പറയൂ. മക്കൾ വേണ്ട പോലെ ശ്രദ്ധിച്ചാലും, അവർ പരിഗണിക്കുന്നില്ലെന്ന പരിഭവം പറച്ചിലാണ് . അത് കേൾക്കുന്നവർ നൽകുന്ന അനുകമ്പ ഒരു സുഖം തരും. ഇത് കേട്ട് പരിഭവിക്കാൻ വരുന്ന മക്കളോട് പോരടിക്കും. ഇങ്ങനെയൊക്കെയാണോ വാർദ്ധക്യത്തെ ചിട്ടപ്പെടുത്തേണ്ടത് ?അല്ലെന്ന് ആദ്യം തീരുമാനിക്കുക .
ജീവിത സായാഹ്നത്തിലും തെളിച്ചമുള്ള ചിന്തകളാകാം.നൈരാശ്യത്തിന്റെ കൂരിരുട്ടിലേക്കല്ല, ജീവിതത്തിന്റെ വെളിച്ചങ്ങളിലേക്കാണ് നടക്കേണ്ടത് . അതിന് ഈ വിചാരങ്ങളെ കൂട്ട് പിടിക്കാം.ഈ നയങ്ങൾ നടപ്പിലാക്കാം.
1.പറ്റാവുന്നിടത്തോളം കാലം ആരെയും ആശ്രയിക്കാതെയുള്ള സ്വാശ്രയ വാർദ്ധക്യം ചിട്ടപ്പെടുത്തും .തനിയെ ചെയ്യാവുന്ന കാര്യങ്ങളൊക്കെ സ്വയം ചെയ്യുമെന്ന ശൈലി സ്വീകരിക്കും .
2.മക്കൾ നോക്കിയില്ലെന്ന പരിഭവം ഇല്ലാതെ സ്വതന്ത്രമായും സമാധാനമായും ജീവിക്കും. ജീവിക്കാനുള്ള അവരുടെ നെട്ടോട്ടങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കും .
3.വയസ്സ് കാലത്ത് തൻ കാര്യത്തിന് ചെലവാക്കാനായി ഇത്തിരി കാശ്
സ്വരു കൂട്ടി വയ്ക്കും .അത്യാവശ്യങ്ങൾക്ക് ആരുടേയും മുമ്പിൽ കൈ നീട്ടേണ്ടി വരേണ്ട സാഹചര്യം ഒഴിവാക്കാൻ പോന്ന സാമ്പത്തിക ആസൂത്രണം നടത്തും .
4. ഒറ്റപ്പെടാൻ മനസ്സില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് സാധിക്കുന്ന സാമൂഹിക കൂട്ടായ്മകളിലൊക്കെ പങ്ക് ചേരും. കളിയും ചിരിയും കാര്യം പറച്ചിലുമൊക്കെയായി ദിനചര്യയെ സജീവമാക്കും .
5.ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം കീശക്ക് ചേരുന്ന യാത്ര പോകും. അതിൽ ഭക്തിയാത്രയും, ഉല്ലാസ യാത്രയും,ഇഷ്ടപ്പെട്ടവരുടെ വീട്ടിലേക്കുള്ള സന്ദർശനവുമൊക്കെ ഉൾപ്പെടുത്തും.
6.ഇടപെടുന്ന പരിസരങ്ങൾ വയോജന
സൗഹൃദമല്ലെങ്കിൽ പരാതിപ്പെടും.സുരക്ഷിതവും സുഗമവുമായ ചലനത്തിനുള്ള ഭൗതീക സാഹചര്യങ്ങൾക്കായി കൂട്ടായി ആവശ്യപ്പെടും .
7.പ്രായമായിയെന്നത് കൊണ്ട് മൂലക്കിരുത്താനോ ,ചൂഷണം ചെയ്യാനോ മുതിരുന്നവർ ആരായാലും, അവർക്ക്
നിയമ വടി കൊണ്ട് നല്ല തല്ല് കൊടുക്കും. വയോജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്കായി ഇത്തിരി കടുപ്പമുള്ള കാര്യങ്ങൾ ചെയ്യാൻ മനസ്സൊരുക്കും.
8.അധികാരമൊക്കെ ഇളംതലമുറയ്ക്ക് നൽകി കൂളായി, സ്റ്റൈലായി ജീവിക്കും. ഉത്തരവാദിത്തങ്ങൾ സസന്തോഷം കൈമാറി സ്നേഹ നിർദ്ദേശങ്ങളിൽ മാത്രമൊതുങ്ങി ജീവിക്കും.
9.ഉള്ള സ്വത്തും, ജീവൻ പോയ ദേഹവും എന്ത് ചെയ്യണമെന്നൊരു വിൽപത്രം എഴുതി വയ്ക്കും .ഇഷ്ടത്തിൽ മയങ്ങാതെ ന്യായമായ തീരുമാനങ്ങൾ തന്നെ അതിൽ എഴുതി വയ്ക്കും .
10.ഇങ്ങോട്ടില്ലെന്ന അവസ്ഥ ഏതാണ്ട് തീർപ്പാകും വിധത്തിൽ ബോധം പോയാൽ പിന്നെ ആരെയും കൂടുതൽ കഷ്ടപ്പെടുത്താതെ അങ്ങോട്ട് വിടാനുള്ള സൗകര്യം ആതുര സേവന നയമാക്കി നടപ്പിലാക്കി തരണമെന്ന് കൂടി ആവശ്യപ്പെടും.
(മാതൃഭൂമി ദിനപത്രം)

ഡോ .സി ജെ ജോൺ
