മുഖം മിനുക്കി അനുരഞ്ജനം
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രശസ്തമായ തിരുഹൃദയ കത്തോലിക്കാ ദേവാലയം സന്ദർശിച്ചതു ദേശീയതലത്തിൽ ചർച്ചയായി. ഡൽഹി ഗോൾഡാക്ഖാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ എത്തിയ മോദിക്ക് കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസികളും ഹൃദ്യമായ സ്വീകരണം നൽകി. യേശുക്രിസ്തുവിന്റെ തിരുസ്വരൂപത്തിനു മുന്നിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിച്ചു. പള്ളിയിലെ അൾത്താരയ്ക്കു മുന്പിൽ തല കുന്പിട്ട് കണ്ണടച്ച് കൈകൾ കൂപ്പി ഏതാനും മിനിറ്റ് മോദി പ്രാർഥനയിൽ മുഴുകുകകൂടി ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നതു ചിലർക്കൊക്കെ ഇഷ്ടമായില്ല.
ക്രൈസ്തവരുടെ പ്രധാന ആഘോഷദിവസമായ ഈസ്റ്ററിൽ പ്രാർഥനകളും ആശംസകളുമായി നേരിട്ടെത്തിയ പ്രധാനമന്ത്രി അവിടെ ആരുമായും ഗൗരവമായ ചർച്ചകളോ കൂടിയാലോചനകളോ നടത്തിയില്ല. യോഗവും പ്രസംഗവും ഉണ്ടായതുമില്ല. പക്ഷേ ഓരോരുത്തരും അവരവരുടെ രാഷ്ട്രീയ, സാമുദായിക താത്പര്യങ്ങൾക്കനുസരിച്ചും പലതും ഊഹിച്ചും വ്യാഖ്യാനങ്ങൾ നടത്തി.
ആദ്യമായൊരു പ്രധാനമന്ത്രി
ഒരു പ്രധാനമന്ത്രി ആദ്യമായാണ് ഈസ്റ്ററിന് ക്രൈസ്തവ ദേവാലയത്തിൽ നേരിട്ടെത്തി പ്രാർഥിച്ചതെന്നതാണു സന്ദർശനത്തിന്റെ പ്രത്യേകത. കോണ്ഗ്രസുകാർ അടക്കം മറ്റൊരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ക്രൈസ്തവരെ ബഹുമാനിച്ചിട്ടില്ല. പ്രധാനമന്ത്രിയെ സ്വീകരിച്ച മേലധ്യക്ഷന്മാർ സന്ദർശനത്തെ സ്വാഗതം ചെയ്തു. ആരും ക്ഷണിക്കാതെയെത്തിയ രാജ്യത്തിന്റെ ഭരണത്തലവനെ അർഹിക്കുന്ന ആദരവോടെ മാന്യമായി വരവേറ്റു. രാഷ്ട്രീയം പറയാതെ മോദിയും മാന്യത കാട്ടി. രാജ്യത്താകെ പൊതുവേ ഇതിനെ ജനം സ്വാഗതം ചെയ്തു. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, വി.പി. സിംഗ്, ചന്ദ്രശേഖർ, ദേവഗൗഡ, പി.വി. നരസിംഹറാവു, എ.ബി. വാജ്പേയ് എന്നിവർ തുടങ്ങി പത്തു വർഷം ഭരിച്ച ഡോ. മൻമോഹൻ സിംഗ് വരെയുള്ളവർ പ്രധാനമന്ത്രി ആയിരിക്കെ ഒരിക്കൽപ്പോലും ക്രൈസ്തവ ദേവാലയം സന്ദർശിക്കാൻ തയാറായിട്ടില്ല. മോദിയുടെ സന്ദർശനം വലിയ ചർച്ചയായതിനു കാരണം വ്യക്തം. കഴിഞ്ഞ ക്രിസ്മസിന് രാഷ്ട്രപതി ദ്രൗപതി മുർമുവും ഇവിടെയെത്തി.
1986ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഡൽഹിയിലെ ഇതേ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചിരുന്നു. ജോണ് പോൾ രണ്ടാമൻ മാർപാപ്പയെ അനുഗമിക്കുകയായിരുന്നു അന്നു രാജീവ്. പഞ്ചാബിയായ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാൾ 1998ൽ ജലന്ധറിലെ സെന്റ് മേരീസ് കത്തോലിക്ക കത്തീഡ്രലിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
പാപ്പായ്ക്കും സ്വാഗതമോതി
2021 ഒക്ടോബറിൽ വത്തിക്കാനിൽ ചെന്ന് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച പ്രധാനമന്ത്രിയാണ് മോദി. വാജ്പേയിക്കു ശേഷം 20 വർഷത്തിനിടെ മറ്റൊരു പ്രധാനമന്ത്രിയും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയില്ല. ഫ്രാൻസിസ് മാർപാപ്പ ഏറ്റവും ഹൃദ്യമായി മോദിയെ വരവേറ്റപ്പോൾ ആരും വിമർശിച്ചില്ല. ഇരുവരും ആശ്ലേഷിച്ചതിന്റെ ഫോട്ടോകൾ ലോകമാകെ വാർത്തകളിൽ നിറഞ്ഞു. പക്ഷേ, മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഇനിയും നടക്കാത്തതിൽ അനേകർക്കു നിരാശയും ആശങ്കയുമുണ്ട്. ഫ്രാൻസിസ് പാപ്പായുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷം ഉണ്ടായേക്കുമെന്ന് അഭ്യൂഹം ഉണ്ടെങ്കിലും ആർക്കും ഉറപ്പില്ല.
പ്രധാനമന്ത്രി ആയതിനു പിന്നാലെ 2015 ഫെബ്രുവരി 17ന് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ നരേന്ദ്ര മോദി പങ്കെടുത്തതും വിസ്മരിക്കാനാകില്ല. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും മദർ എവുപ്രാസിയമ്മയുടെയും വിശുദ്ധ പദവി ആഘോഷമായിരുന്നു ചടങ്ങ്. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച വിജ്ഞാൻ ഭവനിലെ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ നേരിട്ടുകണ്ടു ക്ഷണിച്ചത് പ്രഫ. പി.ജെ. കുര്യനും ഈ ലേഖകനും ചേർന്നായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യയുടെ മതേതരത്വത്തിനും ക്രൈസ്തവ ന്യൂനപക്ഷത്തിനും പ്രത്യാശയും കരുത്തുമേകി.
ഭരണഘടനയെ തൊട്ട് ഉറപ്പ്
ഏതു വിശ്വാസവും പിന്തുടരാൻ ഓരോ പൗരനും അവകാശമുണ്ടെന്നും ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളെയും സംരക്ഷിക്കുമെന്നും 2015ലെ ഡൽഹി സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പൂർണമായ വിശ്വാസ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്നും മതേതരത്വത്തോടു പ്രതിജ്ഞാബദ്ധമാണെന്നും മോദി പ്രഖ്യാപിച്ചു. “നിർബന്ധിതമോ അനാവശ്യ സ്വാധീനമോ കൂടാതെ ഇഷ്ടമുള്ള മതം നിലനിർത്താനോ സ്വീകരിക്കാനോ എല്ലാവർക്കും അനിഷേധ്യമായ അവകാശമുണ്ടെന്ന് എന്റെ സർക്കാർ ഉറപ്പാക്കും. ഭൂരിപക്ഷമോ, ന്യൂനപക്ഷമോ ആയുള്ള ഒരു മതവിഭാഗത്തിനെതിരേയും പരോക്ഷമായോ പരസ്യമായോ വിദ്വേഷം വളർത്താൻ എന്റെ സർക്കാർ അനുവദിക്കില്ല.’’
“എല്ലാ വിശ്വാസങ്ങളോടും തുല്യ ബഹുമാനവും പരിഗണനയും എന്ന ഈ തത്വം ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ ധാർമികതയുടെ ഭാഗമാണ്. അങ്ങനെയാണ് അത് ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യഘടകമായത്. നമ്മുടെ ഭരണഘടന ഒരു ശൂന്യതയിൽ പരിണമിച്ചതല്ല. ഇന്ത്യയുടെ പുരാതന സാംസ്കാരിക പാരന്പര്യങ്ങളിൽ ഇതിന് വേരുകളുണ്ട്.’’എന്നും മോദി വിശദീകരിച്ചു. ഇന്നേവരെ ഇതു മാറ്റിപ്പറഞ്ഞിട്ടുമില്ല. വിഭാഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നവരെ അടിച്ചമർത്തുമെന്നും മോദി മുന്നറിയിപ്പു നൽകി. ഡൽഹിയിലെ കത്തോലിക്കാ ദേവാലയങ്ങൾക്കു നേർക്ക് അക്രമം ഉണ്ടായതിന്റെ തൊട്ടുപിന്നാലെ ആയിരുന്നു പ്രസ്താവന. ക്രൈസ്തവർക്കു നേരേയുള്ള അക്രമങ്ങൾ ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും ഒന്നുപോലും അനുവദിക്കാൻ കഴിയില്ലെന്നും ഇതേ ചടങ്ങിൽ അന്നത്തെ ധനമന്ത്രി അരുണ് ജയ്റ്റ്്ലിയും പറഞ്ഞു.
ആശങ്കയുണ്ട്; പക്ഷേ എന്തിനിത്ര വിറളി
കഴിഞ്ഞ ഈസ്റ്ററിലെ പ്രധാനമന്ത്രിയുടെ ക്രൈസ്തവ ദേവാലയ സന്ദർശനത്തിൽ പക്ഷേ വിറളി പിടിച്ചതുപോലെയായിരുന്നു ചിലരുടെ പ്രതികരണങ്ങൾ. കുറച്ചു പേർക്കതു ദഹിച്ചില്ല. ബിജെപി നേതാക്കളുടെ അടുത്തിടെയുള്ള ക്രൈസ്തവ പ്രീണന ശ്രമങ്ങളിൽ രാഷ്ട്രീയലാക്ക് സംശയിച്ചവരെ കുറ്റപ്പെടുത്താനുമാകില്ല. കോണ്ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രബല നേതാക്കൾ വിമർശിച്ചു. അന്യമതസ്ഥരും അകത്തോലിക്കരുമായ ചിലരും രോഷവും ക്രൈസ്തവർക്കുള്ള ഉപദേശവുമായി മിനിറ്റുകൾക്കകം രംഗത്തെത്തി. ചില മേലധ്യക്ഷന്മാരുടെ ബിജെപി അനുകൂല നിലപാടിന്റെ ഭാഗമാണെന്ന് ആരോപിച്ചു ലേഖനങ്ങളും പ്രസ്താവനകളും ഉണ്ടായി. മോദിയെ ഇവരാരും പള്ളിയിലേക്കു ക്ഷണിക്കുക പോലും ചെയ്തില്ലെന്നതൊന്നും ആർക്കും പ്രശ്നമല്ല!
ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയവും സംശയവും ആശങ്കയും ഉണ്ടെന്നതിൽ സംശയമില്ല. ഇതു സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി വാദം തുടരുകയാണ്. ബിജെപിക്കാരും ആർഎസ്എസുകാരും ഇന്ത്യയിലാകെ ക്രൈസ്തവർക്കുനേരേ അക്രമം നടത്തുന്പോഴാണോ പ്രധാനമന്ത്രിയെ പള്ളിയിൽ സ്വീകരിച്ചതെന്നായിരുന്നു ഒരു പ്രധാന ചോദ്യം. ക്രൈസ്തവ സ്ഥാപനങ്ങളെ ആക്രമിക്കുകയും കൂച്ചുവിലങ്ങിടാൻ ശ്രമിക്കുകയും ആത്മീയ നേതാക്കളെ ആധിക്ഷേപിക്കുകയും ചെയ്യാത്തവർ ആരുണ്ടെന്നതിന് ഉത്തരമില്ല.
ഓർമയിൽ സ്റ്റെയിൻസ്, കാൻഡമാൽ
ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് ആണ്മക്കളെയും 1999ൽ ചുട്ടുകൊന്നത് ഓർക്കാത്തവരുണ്ടാകില്ല. 2007ലെ ക്രിസ്മസ് കാലത്ത് ഒഡീഷയിലെ കാൻഡമാലിൽ നടന്ന ക്രൈസ്തവ വേട്ടയുടെ മുറിവുകളും ഉണങ്ങിയിട്ടില്ല. കഴിഞ്ഞ മൂന്നു നൂറ്റാണ്ടിനിടെ ഇന്ത്യയിൽ ക്രൈസ്തവർക്കെതിരേ ഹിന്ദുത്വ വർഗീയവാദികൾ നടത്തിയ ഏറ്റവും വലിയ സംഘടിത അക്രമം ആയിരുന്നു കാൻഡമാലിലേത്. ഫാ. സ്റ്റാൻ സ്വാമിയെ മരണത്തിലേക്കു തള്ളിവിട്ടതിലുള്ള മനോവേദന വലുതാണ്. കാരുണ്യത്തിന്റെ അമ്മ വിശുദ്ധ മദർ തെരേസയെ പോലും അവഹേളിച്ചു. മദർ തെരേസയുടെ സന്യാസിനീ സമൂഹത്തിലെ കന്യാസ്ത്രീയെ കേസിൽപ്പെടുത്തി ജയിലിലടച്ചതും മറക്കില്ല.ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്നും താൻ സംരക്ഷിച്ചുകൊള്ളാമെന്നും കർണാടകയിലെ ബിജെപി മന്ത്രി പ്രഖ്യാപിച്ചത് ഈസ്റ്റർ കാലത്താണ്. ന്യൂനപക്ഷങ്ങളുടെ കച്ചവട സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ ഛത്തീസ്ഗഡിലെ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ പരസ്യമായി പ്രതിജ്ഞയെടുപ്പിച്ചതും കഴിഞ്ഞ ദിവസമാണ്.
ഇന്ത്യയിലെ ക്രൈസ്തവരുടെ എണ്ണം കുത്തനെ കുറയുന്പോഴും മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവർക്കെതിരേ സംഘപരിവാർ ശക്തികൾ അക്രമവും അധിക്ഷേപവും തുടരുന്നു. മതപരിവർത്തന വിരുദ്ധ ബില്ലുകളടക്കം ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള നടപടികൾക്കു കുറവില്ല. ആരോപണങ്ങൾ തെളിയിക്കപ്പെടുകയോ ആരെങ്കിലും ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. അക്രമികളെ സംരക്ഷിക്കുകയും ഇരകളെ വേട്ടയാടുകയും ചെയ്യുന്നതു തുടരുകയാണ്.
കേന്ദ്രസർക്കാരിന്റെ തന്നെ കണക്കനുസരിച്ച് ഇന്ത്യയിൽ ക്രൈസ്തവരുടെ ജനസംഖ്യ കുത്തനെ താഴുകയാണ്. സ്വതന്ത്രമാകുന്പോൾ രാജ്യത്ത് ക്രൈസ്തവർ 2.9 ശതമാനം ആയിരുന്നു. പിന്നീട് 2.7 ശതമാനവും ഏറ്റവുമൊടുവിൽ 2.3 ശതമാനവുമായി ക്രൈസ്തവർ കുറഞ്ഞതായാണു സെൻസസ് രേഖകളിലുള്ളത്. ഇതു വീണ്ടും കുറയുകയുമാണ്. ഹിന്ദു, മുസ്ലിം ജനംസഖ്യ കുത്തനെ ഉയരുന്പോഴാണ് 140 കോടി ജനതയിൽ ഇതര ന്യൂനപക്ഷങ്ങളുടെ എണ്ണത്തിൽ അനേക ലക്ഷങ്ങളുടെ കുറവുണ്ടായത്.
മുഖം മിനുക്കലും ലക്ഷ്യം
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുനേരേ കൊടിയ പീഡനങ്ങൾ നടക്കുന്നതായി ലോകരാജ്യങ്ങൾക്കിടയിൽ പരാതിയുണ്ട്. മുസ്ലിം, ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയെന്ന ബിജെപിയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും കാര്യമായ മാറ്റമില്ല. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കു മുന്പായി സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി ആഗ്രഹിച്ചതിനെ കുറ്റം പറയാനാകില്ല. ജി 20ലെ ഇരുപതിൽ 14 രാജ്യങ്ങൾ ക്രൈസ്തവ ഭൂരിപക്ഷ രാജ്യങ്ങളാണ്. പാക്കിസ്ഥാൻ അടക്കം ചില ഇസ്ലാമിക ഗ്രൂപ്പുകളും ചൈനയും ഉയർത്തുന്ന ഭീഷണികളും ഇന്ത്യക്കും മോദിക്കും വെല്ലുവിളിയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയും സഹായവും ഇക്കാര്യങ്ങളിൽ പ്രധാനമാണ്.കേരളത്തിലെ ക്രൈസ്തവ വോട്ടുകളിലും മോദിക്ക് കണ്ണുണ്ട്. ക്രൈസ്തവർക്കു കാര്യമായ സ്വാധീനമുള്ള നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ, ഗോവ സംസ്ഥാനങ്ങളിൽ സഖ്യത്തിലെങ്കിലും ബിജെപി ഭരണം പിടിച്ചു. ഒരു ക്രൈസ്തവ ദേവാലയത്തിൽ പ്രധാനമന്ത്രി പോയതിന്റെ പേരിൽ മാത്രം ക്രൈസ്തവർ ബിജെപിയിലേക്കു ചേക്കേറില്ല. ക്രൈസ്തവ അക്രമങ്ങൾ അവസാനിപ്പിക്കുകയും കർഷകർക്കു ന്യായമായ വിലയും വരുമാനവും ഉറപ്പാക്കുകയും ചെയ്യുക പ്രധാനമാണ്.
വിദ്വേഷത്തിനിടമില്ലാത്ത ക്രൈസ്തവികത
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ക്രിസ്തുമതത്തിന്റേത്. വിദ്വേഷം, വെറുപ്പ്, അക്രമം, ശത്രുത തുടങ്ങിയവയ്ക്കു സ്ഥാനമേയില്ല. ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറുചെവിടു കൂടി കാണിച്ചുകൊടുക്കാൻ പറഞ്ഞ യേശുവിന്റെ പിൻഗാമികൾക്കു മറിച്ചു ചിന്തിക്കാനാകില്ല. ഏഴല്ല എഴുപതു പ്രാവശ്യം ക്ഷമിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്.
കത്തീഡ്രൽ സന്ദർശനത്തിനു മുന്പായി പ്രധാനമന്ത്രി നൽകിയ സന്ദേശം പ്രതീക്ഷ നൽകുന്നതാണ്. “ഈസ്റ്റർ ആശംസകൾ! നമ്മുടെ സമൂഹത്തിലെ ഐക്യത്തിന്റെ ആത്മാവിനെ ഈ പ്രത്യേക സന്ദർഭം ആഴപ്പെടുത്തട്ടെ. അധഃസ്ഥിതരെ ശക്തീകരിക്കാനും സമൂഹത്തെ സേവിക്കാനും ആളുകളെ ഇതു പ്രചോദിപ്പിക്കട്ടെ. കർത്താവായ ക്രിസ്തുവിന്റെ ഭക്തിനിർഭരമായ ചിന്തകളെ നാം ഈ ദിവസം ഓർക്കുന്നു.”- പ്രധാനമന്ത്രിയുടെ സന്ദേശം ഇങ്ങനെയായിരുന്നു.
ക്രൈസ്തവർക്കെതിരേയുള്ള അക്രമങ്ങളെ പ്രധാനമന്ത്രി അപലപിച്ചില്ലെന്ന പരാതിയുണ്ട്. ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് മോദിയോട് മെത്രാപ്പോലീത്തമാർ ചോദിക്കാതിരുന്നത് എന്താണെന്നുവരെ സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉയർത്തി. പ്രധാനമന്ത്രിയുടെ 20 മിനിറ്റ് സന്ദർശനത്തിനിടെ ഗൗരവതരമായ സംഭാഷണങ്ങളോ യോഗമോ ഉണ്ടായിരുന്നില്ല. പക്ഷേ പള്ളിയിലെ അൾത്താരയ്ക്കു മുന്പിലിരുന്ന് പ്രാർഥനയിൽ പങ്കുചേർന്നതുതന്നെ അനുരഞ്ജന സന്ദേശമായി.
ഒരുമയും സമാധാനവും പുലരട്ടെ
കേന്ദ്ര സർക്കാർ സംരക്ഷിക്കുകയും തുല്യമായി പരിഗണിക്കുകയും ചെയ്യുമെന്ന് ക്രൈസ്തവരും ഇതര ന്യൂനപക്ഷങ്ങളും പ്രതീക്ഷിക്കുന്നു. അതു സംഭവിക്കുന്നില്ലെന്നതിൽ വിഷമവും രോഷവും ഉണ്ടാകും. പക്ഷേ അനുരഞ്ജനത്തിനും സമാധാനത്തിനുമുള്ള ഒന്നിനെയും ക്രൈസ്തവർക്കു തള്ളാനാകില്ല. രാഷ്ട്രീയം പിന്നെയാകാം. ക്രൈസ്തവർക്കെതിരേയുള്ള അക്രമങ്ങളും വ്യാജ പ്രചാരണങ്ങളും അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കേണ്ടതുണ്ട്. നാനാ മതസ്ഥരും സാഹോദര്യത്തോടും ഒത്തൊരുമയോടും സമാധാനത്തോടെയും ജീവിക്കുന്ന നമ്മുടെ നാടിനെ നെഞ്ചോടു ചേർക്കാം.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ