രണ്ടായിരം വർഷങ്ങൾക്കിപ്പുറത്തും കത്തോലിക്കാസഭ ശക്തമായി നിലകൊള്ളുന്നുണ്ടെങ്കിൽ അതിനുകാരണം ദൈവദത്തമായ അതിന്റെ ഘടനയാണ്. സഭയുടെ ശിക്ഷണക്രമവും ഘടനയും ദൈവീകപദ്ധതിയിൽ നല്കപ്പെട്ടതാണ്. അതുകൊണ്ടാണ് സഭ സുരക്ഷിതയായും ധാർമ്മിക ശക്തിയായും പൊതുസമൂഹത്തിൽ ഇന്നും നിലകൊള്ളുന്നത്.
മാർപാപ്പ ക്രിസ്തുവിന്റെ വികാരിയാണ്. അദ്ദേഹം പറയുന്നത് ഈശോമിശിഹായുടെ വാക്കുകളായി വിശ്വാസികൾ സ്വീകരിക്കുന്നു. മെത്രാന്മാർ അപ്പസ്തോലന്മാരുടെ പിൻഗാമികളാണ്. അഭിഷിക്തരാകുന്ന പുരോഹിതർ മെത്രാന്മാരുടെ അജപാലന ശുശ്രൂഷയിൽ പങ്കുചേരുന്നവരാണ്. ഈ ഘടനയിലൂടെയാണ് രക്ഷാകരമായ ദൈവീകപദ്ധതി നമുക്കു വെളിപ്പെട്ടുകിട്ടുന്നത്. അതുകൊണ്ടാണ്, മാർപാപ്പയെയും സ്വയംഭരണാധികാരമുള്ള വ്യക്തിസഭയുടെ മെത്രാൻസിനഡിനെയും നാം വിധേയത്വത്തോടെ അനുസരിക്കുന്നത്.
ഇപ്രകാരം സുശക്തമായ ഒരു ഘടനയെയാണ് ആഗോള സീറോമലബാർസഭയുടെ ഒരു അതിരൂപതയിലെ ഒരു വിഭാഗം വൈദികരും അല്മായരും ചേർന്നു ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. അതിലൂടെ, സഭയുടെ ദൗത്യത്തെയും ശുശ്രൂഷകളെയുമാണ് തളർത്തുന്നത് എന്ന് അവർ തിരിച്ചറിയണം. മെത്രാന്മാരെ തിരസ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന വൈദികർ പൗരോഹിത്യത്തെത്തന്നെ തിരസ്ക്കരിക്കാനാണ് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. കാരണം, മെത്രാൻസ്ഥാനവും പൗരോഹിത്യവും ഒരേ യാഥാർഥ്യത്തിന്റെ വ്യത്യസ്ത പ്രകാശനങ്ങൾ മാത്രമാണ്.
അതിരൂപതയാകുന്ന സഭാസമൂഹത്തിൽ ഏറ്റവും ആദരവോടെ മാത്രം കരുതപ്പെടുന്ന ഇടമാണ് അതിരൂപതാകേന്ദ്രം. അപ്പസ്തോലന്മാരുടെ പിൻഗാമിയായ അതിരൂപതാധ്യക്ഷന്റെ ഭവനമാണത്. അനുവാദമില്ലാതെ അവിടെ പ്രവേശിച്ചു അരാജകത്വം സൃഷ്ടിക്കുന്നതിലൂടെ തങ്ങളുടെ പ്രിയപ്പെട്ട അതിരൂപതാ തറവാടിന്റെ അഭിമാനവും പാവനതയുമാണ് തെരുവുസമാനമാക്കുന്നതെന്നു തിരിച്ചറിയുക. ആരോ ജയിക്കാൻ വേണ്ടി സ്വയം തോറ്റുകൊണ്ടിരിക്കുന്നു എന്നു പറയാതെ വയ്യ!
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ
സെപ്റ്റംബർ 29, 2024