കര്‍ത്താവിനെ അനുഗമിക്കുന്നതില്‍ നിന്ന് പിന്‍മാറരുത്. (1സാമുവൽ 12:20) ✝️

Yet do not turn aside from following the Lord,
‭‭(1 Samuel‬ ‭12‬:‭20‬) ✝️

ജീവിതത്തിൽ നമ്മൾക്ക് ‌ ലഭിച്ചിട്ടുള്ള ഏറ്റവും അവിസ്‌മരണീയമായ ക്ഷണം ഏതാണ്‌? ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു ചുമതല ഏറ്റെടുക്കാനുള്ള ക്ഷണമായിരുന്നോ? എന്തായാലും, അതു നിങ്ങളെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. നിങ്ങൾക്ക്‌ വളരെ അഭിമാനവും തോന്നിയിരിക്കണം. പക്ഷേ അതിലുമൊക്കെ ശ്രേഷ്‌ഠമായ ഒരു ക്ഷണം നമുക്കോരോരുത്തർക്കും ലഭിച്ചിട്ടുണ്ട്, അതാണ് യേശുവിനെ അനുഗമിക്കാനുള്ള ക്ഷണം. ക്രിസ്തുവിനെ അനുഗമിക്കുന്നവരെല്ലാം ദൈവീകമൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. ദൈവത്തെ അനുഗമിക്കുമ്പോൾ പലവിധ കഷ്ടതകൾ ഉണ്ടാകാം. എന്നാൽ ദൈവത്തെ അനുഗമിക്കുന്നതിൽ നിന്ന് പിൻമാറരുത്.

യേശു ലോകത്തിന്റെ പ്രകാശമാണ്. യേശു നാം ഒരോരുത്തരെയും വിളിയ്ക്കുന്നത്, ലോകത്തിന്റെ പ്രകാശമാകാനുള്ള വിളി ആണ്. പാപത്തിന്റെ അന്ധകാരം പേറി തപ്പിത്തടയുന്ന ലോകത്തെ സദാ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. ആ വിളക്കുകളിൽ നിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തുകാട്ടുന്നതും, ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നത് ആയിരിക്കണം.  അത്യാർത്തിയും  ഭോഗേച്ഛയും അസൂയയും നിറഞ്ഞ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്നേഹവും വിശുദ്ധിയും കരുണയും പരത്തുന്ന പരിമളമായിരിക്കണം ക്രിസ്തുവിനെ അനുഗമിക്കുന്നവരെന്നു അവകാശപ്പെടുന്ന നമ്മിലെ പ്രകാശം.

നല്ലവനായി ജീവിക്കാനുള്ള ഒരു വിളിയല്ല ഒരു ക്രൈസ്തവന്റേത്, വിശുദ്ധിയിലേക്കുള്ള വിളിയാണത്. നമ്മുടെ കുടുംബജീവിതത്തിലും ജോലിയിലും, വിജയങ്ങളിലും തകർച്ചകളിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സന്തോഷങ്ങളിലും സന്താപങ്ങളിലും, വാക്കുകളിലും മൗനങ്ങളിലും  നമ്മുടെ ചുറ്റുമുള്ളവർക്ക് നമ്മിൽ കത്തിജ്വലിക്കുന്ന ദൈവത്തിന്റെ പ്രകാശം ദർശിക്കാൻ സാധിക്കണം. അങ്ങിനെ നമ്മുടെ പ്രവൃത്തികളുടെ വെളിച്ചം നമുക്ക് ചുറ്റുമുള്ളവരിൽ പ്രതിഫലിക്കുന്നതുവഴി അവരും പ്രകാശത്താൽ നിറയുന്നവരാകുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്