കൊല്ലം:- ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം മാരക തിന്മകളാണെന്നും, ഇതിൽ ചിലതിൽ വെള്ളം ചേർത്തുള്ള പഠനങ്ങളും പ്രവർത്തികളും ദൈവസന്നിധിയിൽ വിരുദ്ധമാണെന്നും കൊല്ലം രൂപതാധ്യക്ഷനും കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.
ഫ്രാൻസിസ് പാപ്പാ നൽകിയ “സ്‌പേസ് നോൺ കൊൺഫൂന്തിത്” (Spes non confundit), “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന പേപ്പൽ ബൂള വഴി ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ട 2025-ലെ ജൂബിലി വർഷത്തിന്റെ ഭാഗമായി കൊല്ലം രൂപത പ്രോലൈഫ് സമിതിയുടെ ആഭിമുഖ്യത്തിൽ ഫാത്തിമ ഷ്റയിനിൽ നടത്തിയ അന്തർദേശീയ പ്രോലൈഫ് ദിനാഘോഷവും വലിയ കുടുംബങ്ങളുടെ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.

കുടുംബമാകുന്ന സഭയെ അശുദ്ധമാക്കുക വഴി ഇത്തരം തിന്മകളും ഇതിനോടനുബന്ധമായ തിന്മകളും വിശുദ്ധി നഷ്ടപ്പെട്ട പുതു തലമുറക്ക് ജന്മം നൽകുകയാണ്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും അക്രമവും കൊലപാതകവും ആത്മഹത്യയുമൊക്കെ ഇതിന്റെ അനന്തരഫലങ്ങളാണ്. ആയതിനാൽ വിശുദ്ധിയിലും പ്രാർത്ഥനയിലും കത്തോലിക്കാ വിശ്വാസത്തിലും അടിയൂന്നിയുള്ള പ്രോലൈഫ് പ്രവർത്തനത്തിന് ഇന്നത്തെ സാമൂഹ്യവ്യവസ്ഥിയിൽ വിശുദ്ധിയുടെ മുദ്ര പാകുവാൻ സാധിക്കുമെന്നും ബിഷപ് പറഞ്ഞു.
അഗസ്റ്റിൻ മുക്കാട്, ജാക്വിലിൻ, ജോസഫ് മല്യർ എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ പ്രോലൈഫ് ദിനാചരണം ആരംഭിച്ചു. തുടർന്ന് ഫാ. സേവ്യർ ലാസർ ക്ലാസ് നയിച്ചു. ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമികത്വത്തിലും ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഷാജൻ, ഫാ. ഹ്യൂബർട്ട് എന്നിവരുടെ സഹകാർമികത്വത്തിലും ദിവ്യബലി നടന്നു.
ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്ത വലിയ കുടുംബങ്ങളുടെ അനുമോദന യോഗത്തിൽ പ്രോലൈഫ് രൂപത കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. ഫാ. ഷാജൻ വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ സി ബി സി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറി ഇഗ്‌നേഷ്യസ് വിക്ടർ, രൂപതയിലെ വലിയകുടുംബങ്ങളുടെ കോർഡിനേറ്റർ അഗസ്റ്റിൻ മുക്കാട്, കെ സി ബി സി വിമൻസ് കമ്മീഷൻ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെ സി ബി സി മദ്യവിരുദ്ധസമിതി കൊല്ലം രൂപത ജനറൽ സെക്രട്ടറി എ ജെ ഡിക്രൂസ്, കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി മുൻ എക്സിക്യൂട്ടീവ് അംഗം സിസ്റ്റർ അമൃത എന്നിവർ സംസാരിച്ചു. ജോസ്ഫിൻ ജോർജ് വലിയവീട്, ഹിലാരിയോസ്, ഗബ്രിയേൽ എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.
1999 മുതൽ വിവാഹിതരായ നാലോ അതിലധികമോ മക്കളുള്ള അറുപതോളം കുടുംബങ്ങളെ ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി മെമെന്റോ നൽകി അദരിച്ചു.