ആത്മാവിനെ അവഗണിക്കുന്ന നമ്മുടെ മനോഭാവത്തിന് ഒരു മുന്നറിയിപ്പാണ് ഇന്നത്തെ വചനഭാഗം, ഒപ്പം ദൈവപരിപാലനയെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തലും. ദൈവത്തെ അല്ലാതെ മറ്റാരെയും നമ്മൾ ഭയപ്പെടേണ്ടതില്ല എന്നാണു ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നത്. “കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?” (സങ്കീർത്തനം 118:6), എന്ന് സങ്കീർത്തകനും നമുക്ക് വെളിപ്പെടുത്തി തരുന്നുണ്ട്. മനുഷ്യർക്ക് നമ്മെ അപമാനിക്കാനും പീഡിപ്പിക്കാനും, അങ്ങേയറ്റം വന്നാൽ നമ്മുടെ ശരീരത്തെ ഇല്ലായ്മ ചെയ്യാനും ആയേക്കും. എന്നാൽ, ഈശോ പറയുന്നത് അവമൂലം നമ്മൾ അനുഭവിച്ചേക്കാവുന്ന വേദനകൾ, ആത്മാവിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താത്തതുമൂലം നരകത്തിൽവച്ച് അനുഭവിക്കേണ്ടുന്ന വേദനകളുമായി താരതമ്യം ചെയ്താൽ കേവലം നിസ്സാരമാണ് എന്നാണ്.
ആത്മാവിന്റെ സ്വരം ശ്രവിക്കാതെ, ലൗകീകകാര്യങ്ങളിൽ വ്യാപൃതരായി ദൈവത്തെയും അവിടുത്തെ വചനത്തെയും നിന്ദിക്കുന്നവർ, സ്വർഗ്ഗീയസൌഭാഗ്യങ്ങളിൽ അവർക്കുള്ള അവകാശമാണ് വേണ്ടെന്നു വയ്ക്കുന്നത്. ദൈവത്തിനു ആരെയും നിർബന്ധിച്ചു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുവാൻ സാധിക്കുകയില്ല. ഈ ലോകത്തിൽവച്ച് ദൈവീകകാര്യങ്ങളോട് ഭയവും ബഹുമാനവും ഇല്ലാതെ ജീവിക്കുന്നവർക്ക് മരണശേഷവും ദൈവത്തിൽനിന്നും അകന്നു ജീവിക്കുവാനായി ദൈവം ഒരുക്കിയിരിക്കുന്ന സ്ഥലമാണ് നരകം. ഈ ലോകത്തിൽവച്ച് ദൈവം ഒരിക്കലും നമ്മിൽനിന്നും അകന്നിരിക്കുന്നില്ല; പാപം ചെയ്ത് നമ്മളാണ് ദൈവത്തിൽനിന്നും അകലുന്നത്. നമ്മൾ ദൈവത്തിൽനിന്നും എത്രമാത്രം അകന്നിരുന്നാലും നമ്മുടെ ഒരു വിളിക്കായി കാതോർക്കുന്ന ദൈവത്തിന്റെ സജീവസാന്നിധ്യം എപ്പോഴും നമ്മോടു കൂടിയുണ്ട്.
എന്നാൽ, നരകത്തിൽ ദൈവത്തിന്റെ സാന്നിധ്യമില്ല. സദാ ദൈവീകസാന്നിധ്യത്തിൽ കഴിയാൻ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവമില്ലാത്ത നരകത്തിൽ അനുഭവിക്കേണ്ടിവരുന്ന യാതനകൾ വർണ്ണനാതീതമാണ്. നരകശിക്ഷ ഓർത്തായിരിക്കരുത് നാം ദൈവവുമായിട്ട് അടുക്കേണ്ടത്, പകരം ദൈവസ്നേഹം ഒന്നുകൊണ്ട് മാത്രമായിരിക്കണം ദൈവത്തോട് ചേർന്ന് നിൽക്കേണ്ടത്. ഈ ലോകത്തിലെ ജീവിതത്തിൽ നിത്യതയാരിക്കട്ടെ ലക്ഷ്യം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ