
നമ്മുടെ അനുദിന ജീവിതത്തിൽ നമുക്ക് ഒട്ടേറെ പരിചിതമായ ഒരവസ്ഥയാണ് ഭയത്തിന്റെത്. നമ്മുടെ ഒട്ടേറെ സ്വഭാവങ്ങളുടെയും പ്രവൃത്തികളുടെയും ഒക്കെ രൂപീകൃതമായിരിക്കുന്നത് പലവിധത്തിലുള്ള ഭയങ്ങളെ അടിസ്ഥാനമാക്കിയാണ്. എല്ലാ മനുഷ്യരിലും ഭയമെന്ന വികാരമുണ്ട്. ദൈവ മക്കളായ നാം ഓരോരുത്തർക്കും ദൈവം നൽകുന്ന ഉറപ്പാണ് യാതൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കർത്താവ് കൂടെയുണ്ട് എന്ന്. പക്ഷേ, ഭയം നമ്മെ പിടികൂടുന്ന നിമിഷങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ നാം ഒരോരുത്തരും വിഷമിക്കുന്നു. എന്നാൽ നമ്മുടെ കർത്താവ് ഇപ്രകാരം നമുക്കൊരു വാക്ക് നൽകുന്നു. ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതു കൈകൊണ്ടു ഞാൻ നിന്നെ താങ്ങി നിർത്തും ”(ഏശയ്യ 41:10)

ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ദൈവം ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മിലെല്ലാവരിലും ഉണ്ട്.പ്രിയപ്പെട്ടവരേ, ഒരിക്കലും ഭയത്തിന് നമ്മുടെ മനസ്സിനുള്ളിൽ സ്ഥാനം നൽകരുത്.

ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം. ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാൻ കഴിവുള്ളവയെ അല്ല നമ്മൾ ഭയക്കേണ്ടത്; ദൈവഭയം ഉള്ളവർ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. കർത്താവിനെ മുറുകെപ്പിടിക്കുമ്പോൾ അവൻ നമ്മെ വഴിനടത്തും. ഈ ലോകത്തിൽ അവൻ നമ്മെ ഒരിക്കലും അനാഥരായി വിടുകയില്ല. ദൈവഭയമുള്ളവരുടെ ജീവിതത്തിൽ ദൈവം സകല നന്മകളും ചൊരിയും. തന്നെ ഭയപ്പെട്ട് തന്റെ വഴികളിൽ ചരിക്കുന്ന ഒരുവനെയും ദൈവം ഒരുനാളും തള്ളിക്കളയുകയില്ല. എപ്പോഴും കർത്താവ് നമ്മോടുകൂടെയുണ്ട്. അവൻ നമ്മെ ഒരിക്കലും കൈവിടുകയില്ല. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






