കത്തോലിക്ക തിരുസഭ അംഗീകരിച്ച ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ ആദ്യ ഗാലറി കുമ്പളങ്ങിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. സമരിയ ഓള്‍ഡ് ഏജ് ഹോമില്‍ സ്ഥാപിതമായ ഗാലറിയുടെ ഉദ്ഘാടനം കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍. ഷൈജു പരിയാത്തുശ്ശേരി നിര്‍വഹിച്ചു.
കത്തോലിക്ക തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ എക്‌സിബിഷനുകള്‍ പലരാജ്യങ്ങളിലും നടന്നിട്ടുണ്ടെങ്കിലും ലോകത്തൊരിടത്തും ദിവ്യകാരുണ്യ അല്‍ഭുതങ്ങള്‍ക്ക് സ്ഥിരം ഗാലറിയില്ല. പ്രത്യേകതരം ഫ്രെയ്മിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണങ്ങളോടെ കാന്‍വാസില്‍ തീര്‍ത്തിരിക്കുന്ന ഗാലറി ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ലോകത്തിലെ ആദ്യ സ്ഥിരം ഗാലറിയാണ്. കുമ്പളങ്ങി സ്വദേശി സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ 101 ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഗാലറി ഒരുക്കിയിരിക്കുന്നത്.
കുമ്പളങ്ങി ഫൊറോന വികാരി ഫാ. സെബാസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷനായി. കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ആശംസ പറഞ്ഞു. കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക വികാരി ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍ സ്വാഗതവും സമരിയ ഓള്‍ഡ് ഏജ് ഹോം മാനേജിംഗ് ഡയറക്ടര്‍ സെലസ്റ്റിന്‍ കുരിശിങ്കല്‍ നന്ദിയും പറഞ്ഞു.
രാവിലെ എട്ടു മുതല്‍ രാത്രി 8 വരെ പൊതുജനങ്ങള്‍ക്ക് ഗാലറി സന്ദര്‍ശിക്കാം.
വിശദവിവരങ്ങള്‍ക്ക്
സെലസ്റ്റിന്‍ കുരിശിങ്കല്‍
9846333811
പടുത്തുയർത്തലല്ല; പകുത്തുകൊടുക്കലാണ്….
ദിവ്യകാരുണ്യം മനുഷ്യൻറെ ബുദ്ധിക്കും യുക്തിക്കും അപ്പുറത്താണ് എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ ആദ്യം വേണ്ടത് വിശുദ്ധ കുർബാനയിലെ യേശുവിൻറെ സാന്നിധ്യം മനസ്സിലാക്കുക എന്നതാണ്. നേരിട്ട് കണ്ടും കേട്ടും മനസ്സിലാക്കുന്നതിനു സമാനമായി ഒറ്റയിരുപ്പിൽ പരമാവധി അത്ഭുതങ്ങൾ വായിച്ചു തീർക്കണം എന്ന് തോന്നുന്ന രീതിയിൽ ശ്രീ സെലസ്റ്റിൻ കുരിശിങ്കൽ തയ്യാറാക്കിയ ദിവ്യകാരുണ്യ അത്ഭുതങ്ങൾ എന്ന പുസ്തകം ആഴമേറിയ അനുഭവങ്ങൾ നൽകുന്നതാണ്.
കള്ളൻ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി കൈത്തോട്ടിൽ ഉപേക്ഷിച്ച സംഭവത്തെത്തുടർന്ന് അഴുക്ക് നിറഞ്ഞ ആ തോട്ടിൽ അരയോളം വെള്ളത്തിൽ മുട്ടുകുത്തി നിന്ന് ഓരോ ദിവ്യകാരുണ്യവും പെറുക്കിയെടുത്ത വൈദികന്റെ പ്രവർത്തി ചെറുപ്പത്തിൽ തന്നിൽ ഉണ്ടാക്കിയ ദിവ്യകാരുണ്യഭക്തി ഗ്രന്ഥകാരൻ വിവരിക്കുമ്പോൾ പുതിയ തലമുറയ്ക്ക് നേരിട്ട് കണ്ടും കേട്ടും അറിയാൻ നിരവധി കാര്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ടെന്ന് ഒറ്റ വായനയിൽ തന്നെ ബോധ്യമാകും.
ഒരു മനുഷ്യൻറെ പുറത്തുള്ള വെണ്മയും ശുദ്ധിയും അവൻറെ ഉള്ളിലുള്ള ദിവ്യകാരുണ്യ ഭക്തിയുടെ, ദൈവ വിശ്വാസത്തിൻറെ പ്രതിഫലനം മാത്രമാണ് എന്ന ചെറുപ്പത്തിലെ ബോധ്യമായ ഒരു കുട്ടി മുതിർന്നപ്പോൾ ഇത്തരം ഒരു പ്രസിദ്ധീകരണം പുറത്തിറക്കി എന്നത് അത്ഭുതം ഉളവാക്കുന്ന കാര്യമല്ല. പക്ഷേ ഗ്രന്ഥകാരൻ സെലസ്റ്റിൻ കുരിശിങ്കൽ കുമ്പളങ്ങിയിൽ ഇപ്പോൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സമരിയ എന്ന ഓൾഡ് ഏജ് ഹോം പിടിച്ചെടുക്കലിന്റെയും പടുത്തുയർത്തലിന്റെയും ഈ കാലത്ത് വിട്ടുകൊടുക്കലിന്റെയും പകുത്തുകൊടുക്കലിന്റെയും വലിയ ഒരു കുടുംബം എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നറിയുന്നത് അത്ഭുതമാണ്. 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഒരു ഗ്യാലറി കൂടി അവിടെ ഈ ദിവസങ്ങളിൽ സജ്ജമാക്കി എന്നറിയുന്നത് കൂടുതൽ അത്ഭുതം ഉളവാക്കുന്നു. 11 വർഷം കൊണ്ട് 2,12,000 കോപ്പികൾ പല കുടുംബങ്ങളിലേക്ക് എത്തി എന്നത് ഗ്രന്ഥകാരന് മാത്രമല്ല തിരുസഭയെയും ദിവ്യകാരുണ്യത്തെയും സ്നേഹിക്കുന്ന ഏതൊരാൾക്കും സന്തോഷം പകരുന്ന കാര്യമാണ്.
വായിക്കുംതോറും വീണ്ടും വീണ്ടും വായിക്കണമെന്ന് തോന്നുന്ന ഈ പുസ്തകം അതിൽ തന്നെ പറയുന്നതുപോലെ ഒരൊറ്റ തവണ വായിച്ചാൽ ദേവാലയത്തിലെ സക്രാരിയിൽ നാം ഈശോയെ തനിച്ചാക്കില്ല. അദൃശ്യമായ ഈ ശക്തി തിരിച്ചറിയുമ്പോൾ ആരൊക്കെ കൈയൊഴിഞ്ഞാലും തനിച്ചാണെന്ന് തോന്നുകയുമില്ല.
വായിക്കണം ഈ പുസ്തകം; കാണണം ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഈ ഗാലറി.
ഈ പുറത്തു കാണുന്ന അത്ഭുതങ്ങളുടെ, മാനുഷിക പ്രവർത്തനങ്ങളുടെ, അകത്തുള്ള ത്യാഗവും നഷ്ടങ്ങളും കൂടി നാം ഓർക്കണം. കഴിയുമെങ്കിൽ സഹായിക്കുകയും ചെയ്യണം.
ഭാവുകങ്ങൾ നേരുന്നു !
Selestin_Kurishinkal
(കത്തോലിക്ക തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അല്‍ഭുതങ്ങൾ പ്രത്യേകതരം ഫ്രെയ്മിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണങ്ങളോടെ കാന്‍വാസില്‍ തീര്‍ത്തിരിക്കുന്ന ഗാലറി ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ലോകത്തിലെ ആദ്യ സ്ഥിരം ഗാലറിയാണ്.
രാവിലെ എട്ടു മുതല്‍ രാത്രി 8 വരെ പൊതുജനങ്ങള്‍ക്ക് ഗാലറി സന്ദര്‍ശിക്കാം.വിശദവിവരങ്ങള്‍ക്ക്
സെലസ്റ്റിന്‍ കുരിശിങ്കലിനെ 9846333811 ഈ നമ്പറിൽ വിളിക്കുകയുമാകാം. സമരിയാ ഓൾഡേജ് ഹോമിന്റെ ഗൂഗിൾ പേ നമ്പർ 9495761811)
ഷെറി