മാനന്തവാടി: രാജ്യത്തെ വികസിത മണ്ഡലങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്തവിധം പിന്നാക്കാവസ്ഥയിലുള്ള വയനാട് ലോകസഭാമണ്ഡലം ദേശീയ-സംസ്ഥാന നേതാക്കൾ മത്സരിക്കുന്നു എന്നതിന്റെ പേരിൽ മാത്രം വി.ഐ.പി മണ്ഡലമായി മാറില്ല എന്ന് മാനന്തവാടി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും വിധമുള്ള ഭൗതീക സാഹചര്യവികസനം ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം സാമ്പത്തികവും തൊഴിൽപരവും വിദ്യാഭ്യാസപരവുമായ വളർച്ചയും, ജീവനും സ്വത്തിനും സുരക്ഷിതത്വവും ഓരോ പൗരനും ലഭ്യമാകുമ്പോൾ മാത്രമേ “മണ്ഡലം വി.ഐ പി നിലവാരത്തിൽ” എന്ന പ്രയോഗത്തിന് അർത്ഥമുണ്ടാകൂ.
വയനാട് ലോക്സഭാ മണ്ഡലം 15 വർഷം മുമ്പ് രൂപീകരിക്കുമ്പോൾ ഈ മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ഇന്ന് വിലയിരുത്തുമ്പോൾ ഇന്ത്യയിലെ ഇതര ലോക്സഭാ മണ്ഡലങ്ങളിൽ വന്നതുപോലെ എടുത്തുപറയാൻ കഴിയുന്ന ഒരു കേന്ദ്ര പദ്ധതി പോലുമില്ലാത്ത മണ്ഡലമായി വയനാട് തുടരുകയാണ്. വന്യ ജീവി ആക്രമണഭയത്തിൽ സമാധാനവും സന്തോഷവും നഷ്ടമായ ജനതയാണ് ഇവിടെ ഉള്ളത്. അതിനാല്‍ ജനത്തിന്റെ അടിസ്ഥാന അജണ്ടകളിലൊന്ന് ജീവിതസുരക്ഷയാണ് എന്നത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം.
എടുത്തു പറയാൻ പറ്റുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ തൊഴിൽ സംരംഭങ്ങളോ ഇവിടെ ഇല്ല. മണ്ഡലത്തില്‍ നിന്നും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് പോകേണ്ടി വരുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾ രാജ്യത്തെ ചെറുപ്പക്കാരെ ഇവിടെത്തന്നെ നിലനിർത്തുന്നതിന് ആവശ്യമായ നടപടികളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പിലും മുന്നണികളുടെ പ്രകടനപത്രികകളിൽ പരാമർശമില്ല.
മികച്ച ചികിത്സാസൗകര്യങ്ങളുടെയും യാത്രാമാർഗ്ഗങ്ങളുടെയും അപര്യാപ്തതമൂലം ആതുരാലയങ്ങൾ തേടിയുള്ള നെട്ടോട്ടത്തിനിടയിൽ മനുഷ്യജീവനുകൾ പാതിവഴിയിൽ മരിച്ചു വീഴുന്ന ലോകത്തിലെ തന്നെ ഏക പ്രദേശമായിരിക്കും വയനാട്. അസ്പിരേഷൻ ജില്ലയെന്ന നിലയില്‍ മണ്ഡലത്തിലെ വയനാട് ജില്ലയില്‍ കേന്ദ്ര മെഡിക്കൽ കോളേജിന് സാധ്യത ഉണ്ടായിട്ടും അതൊരു ബോര്‍ഡില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
വയനാട് ജില്ലയില്‍ നിന്ന് ഇതരജില്ലകളിലേക്ക് ഒട്ടനവധി ബദൽ പാതകളുടെ സാധ്യതകൾ നിലനിൽക്കുമ്പോഴും സർക്കാരുകളും മുന്നണികളും അവയെ പരിഗണിക്കുന്ന ഒരു പദ്ധതിയും വിഭാവനം ചെയ്തിട്ടില്ല. നാഷണൽ ഹൈവേയുടെ ഭാഗമായിരുന്നിട്ടുകൂടി, വയനാട് ചുരത്തിന്റെ വീതി കൂട്ടി ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിൽ സർക്കാരുകൾ ബോധപൂർവ്വമായ വീഴ്ച വരുത്തി വയനാടിനെ അവഗണിക്കുന്നു. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും റെയിൽവേ യാത്ര വയനാട്ടുകാർക്ക് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും രാത്രി കാല യാത്രാ നിരോധനം പരിഹരിക്കപ്പെട്ടില്ലെന്നത് രാഷ്ട്രീയ വഞ്ചനയുടെ ക്രൂരമായ തെളിവാണ്. വൈദ്യുതിയും പൊതുഗതാഗതവും ഇന്റർനെറ്റ് കണക്ടിവിറ്റിയും എത്താത്ത ഗ്രാമങ്ങളും മണ്ഡലത്തിലുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍, ഇന്ത്യയിലെ മറ്റ് ആസ്പിരേഷൻ ജില്ലകളില്‍ ചെലവഴിക്കപ്പെട്ട പണവും വികസനപദ്ധതികളും എന്തുകൊണ്ട് വയനാട്ടിലേക്ക് എത്തുന്നില്ല എന്ന ചോദ്യം ഏറെ പ്രസക്തമാണ്.
വയനാട് ലോകസഭാ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും വന്യമൃഗശല്യം മൂലം മനുഷ്യജീവന്‍ നഷ്ടപ്പെടുകയും വളർത്തുമൃഗങ്ങളും കൃഷിയും നശിക്കുയും ചെയ്യുന്ന സാഹചര്യത്തില്‍, ജനത്തിന്റെ വേദനയും പ്രതിഷേധവും പരിഗണിച്ച് ഒരു മുന്നണി പോലും തങ്ങളുടെ പ്രകടനപത്രികകളിൽ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനുള്ള നടപടികളോ നിയമ ഭേദഗതികളോ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടുപോകുന്നവർക്ക് നല്കേണ്ട നഷ്ടപരിഹാരങ്ങളെ സംബന്ധിച്ച് ഒരു വാക്കു പോലും പ്രകടനപത്രികകളിൽ ഉൾപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് നേരത്തു പോലും ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളോടുള്ള ഈ മൗനം മണ്ഡലത്തോടുള്ള അവഗണനയുടെ തന്നെ അടയാളമാണ്.
കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ക്ക് നല്കേണ്ട സാമൂഹ്യ സുരക്ഷയെക്കുറിച്ചും എല്ലാവരും ഭീകരവും കുറ്റകരവുമായ മൗനമാണ് അവലംബിക്കുന്നത്. ഭൂരഹിതർക്കും ഭവനരഹിതർക്കും കുടിയാന്മാർക്കും നൽകാനാണ് എന്ന പേരിൽ വൻകിട ഭൂവുടമകളിൽ നിന്നും ജന്മിമാരിൽ നിന്നും നൂറുകണക്കിന് ഏക്കർ ഭൂമി സർക്കാർ മിച്ചഭൂമിയായി പിടിച്ചെടുത്തത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കൈവശം വച്ചു പോരുന്നു. അപ്പോഴും പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ അടക്കമുള്ള ആളുകൾ ഈ നിയോജക മണ്ഡലത്തിൽ ഭൂരഹിതരായും ഭവനരഹിതരായും കഴിയുന്നു. എന്നിട്ടും വികസന വാഴ്ത്തുകളിൽ അഭിരമിക്കുകയാണ് മുന്നണികൾ. കൃഷിക്കാരെ കുടിയിറക്കി നൂറുകണക്കിന് ഏക്കർ കൃഷിഭൂമി അക്വയർ ചെയ്ത് കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച രണ്ട് അണക്കെട്ടുകൾ ഉള്ള വയനാട് ജില്ല കുടിക്കാനും കാര്‍ഷികആവശ്യങ്ങള്‍ക്കും ജലമില്ലാതെ വരൾച്ചയിലമർന്നിരിക്കുന്നു. ആസൂത്രണരാഹിത്യവും അലംഭാവവുമാണ് ഇത്തരം കെടുതികള്‍ക്ക് കാരണം.
ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങളും പരിമിതികളുമുള്ള മണ്ഡലം വി.ഐ പി മണ്ഡലമാണന്ന പ്രചാരണം തീർത്തും അസംബന്ധമാണ്. സ്ഥാനാർത്ഥികളല്ല ജനങ്ങളാണ് വി.ഐ.പികൾ എന്ന് എല്ലാവരും മനസ്സിലാക്കി മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും അവരുടെ പാർട്ടികളും മേൽ സൂചിപ്പിച്ച വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ ജനങ്ങളോട് സുവ്യക്തമായി പറയണമെന്നും ജീവനുള്ള കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബിഷപ് ജോസ് പൊരുന്നേടം യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സഹായമെത്രാൻ അലക്സ് താരാമഗലം, വികാരി ജനറാൾ ഫാ.പോൾ മുണ്ടോളിക്കൽ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. ഫാ.ജോസ് കൊച്ചറക്കൽ രൂപതയുടെ 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ, സാലു അബ്രാഹം മേച്ചേരിൽ, ഫാ.സജി നെടുങ്കല്ലേൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, ജോസ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു.
PRO
Diocese of Mananthavady