ഉത്സവം നടത്തിയും കല്യാണം നടത്തിയും മുടിഞ്ഞു പോയ ധാരാളം കുടുംബങ്ങൾ മുൻപ് കേരളത്തിലുണ്ടായിരുന്നു. ദുരഭിമാനം ഒന്ന് കൊണ്ട് മാത്രം അക്കാലത്ത് തകർന്നു പോയ ഒരു പാട് ജീവിതങ്ങളെ പിന്തള്ളിക്കൊണ്ട് ദുരഭിമാന കല്യാണങ്ങൾ വീണ്ടും നമുക്കിടയിൽ തിരിച്ചെത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഞെട്ടിക്കുന്നതാണ്.

കഴിഞ്ഞ ആറുമാസത്തിനിടയിൽ സൗഹൃദവലയത്തിലുള്ള നിരവധി പേരെയാണ് ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ മക്കളുടെ കല്യാണത്തിനായി ചിലവഴിച്ച്, ഇനിയെന്ത് എന്നറിയാതെ മിഴിച്ച് നിൽക്കുന്നത് കാണാനിടയായത്.

അതിസമ്പന്നരായവരും കണക്കിൽ പെടാത്ത പണമുള്ളവരും, വളഞ്ഞ വഴിയിലൂടെ പണമുണ്ടാക്കിയവരും പ്രൗഡി കാണിക്കാനും എങ്ങിനെയെങ്കിലും, അധികാരികളെ പേടിക്കാതെ പണം ചിലവഴിക്കാനും മറ്റും, മക്കളുടെ വിവാഹങ്ങളിൽ ധാരാളിത്തം കാണിക്കുമ്പോൾ, അത്രത്തോളം സാമ്പത്തിക ശേഷിയില്ലാത്തവരും സാധാരണക്കാരും അന്ധമായി അവരെ അനുകരിക്കാൻ ശ്രമിക്കുകയാണ്,,,,

സമ്പന്നരും കള്ളപ്പണക്കാരും അവരുടെ സമ്പത്തിൻ്റെ തീരെ ചെറിയൊരു ഭാഗം മാത്രമാണ് വിവാഹ ആഘോഷങ്ങൾക്കായി ചിലവിടുന്നത്.

എന്നാൽ ഇവരെയൊക്കെ അനുകരിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരാവട്ടെ തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ചോ, സ്ഥലം വിറ്റോ, അല്ലെങ്കിൽ കടം വാങ്ങിയോ, പലിശക്കെടുത്തോ ഒക്കെയാണ് മത്സരബുദ്ധിയോടെ ആർഭാട വിവാഹങ്ങൾ നടത്തുന്നത്.

വിവാഹം എന്ന പേരിൽ എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നത് എന്ന് വിവാഹം നടത്തുന്നവർക്ക് പോലും അറിയാത്ത അവസ്ഥ,,,,

എൻഗേജ്മെൻ്റ്,സേവ് ദ ഡേറ്റ്,പ്രീ വെഡിംഗ് ഷൂട്ട്,വെഡിംഗ് ഷൂട്ട്,ഹണിമൂൺ ഷൂട്ട്,മെഹന്ദി,തിലക് സെറിമണി,ഹൽദി,ഡിസൈനർ വസ്ത്രങ്ങൾ,ആഡംബര വാഹനങ്ങൾ,പാലസ് വെഡിംഗ് ഹാൾ,മൾട്ടി കുസീൻ ബുഫെ പാർട്ടി,DJ പാർട്ടി,ഗാനമേള,വയലിൻ കച്ചേരി,ശിങ്കാരിമേളം /ബാൻറ് മേളം,തുടങ്ങി കരകാട്ടം വരെ എണ്ണിയാലൊടുങ്ങാത്ത പരിപാടികളാണ് ഇവൻറ് മാനേജ്മെൻറുകാർ അവതരിപ്പിക്കുന്നത്.

സാധാരണക്കാരൻ്റെ വിവാഹത്തലേന്നുള്ള ചിലവുകളുടെ കാര്യം പിന്നെ പറയുകയും വേണ്ട,, ചിലരുടെ കല്യാണ ദിവസത്തെ ചില വിൻ്റെ അത്രയും തന്നെ തലേ ദിവസത്തെ ചിലവും വരുന്നുണ്ട്,,

നോർത്തിന്ത്യൻ വസ്ത്രങ്ങളണിഞ്ഞ വധൂവരൻമാരും കുടുംബക്കാരും, ഒപ്പം ഹിന്ദി സിനിമയിലെ ആചാരാനുഷ്ടാനങ്ങളും കലാപ്രകടനങ്ങളും, ചിലയിടത്തെങ്കിലും ഗോത്ര നൃത്തങ്ങളും തുടങ്ങി കെട്ടുകാഴ്ചകളുടെ പൂരപ്പറമ്പായി മാറുന്ന വിവാഹങ്ങളാണ് പലപ്പോഴും നാട്ടിൽ നടക്കുന്നത്.

എന്ത് കൊണ്ടോ ഇതാലൊന്നും ഒരു വിധ ജാതി മത ഭേദങ്ങളും കാണാൻ കഴിയില്ല,, പരസ്പര അനുകരണം മാത്രമാണ് മാനദണ്ഡം,,,,

പെൺ വീട്ടുകാരെ സംബന്ധിച്ചിടത്തോളം, ഇന്നത്തെ ആർഭാട ചിലവുകൾ സ്ത്രീധന തുകയോളം തന്നെ വരുന്നുമുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ, അഥവാ യുടൂബ്, റീൽസ്, ഷോർട്ട്സ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവ ജനകീയമായതിന് ശേഷമുള്ള കാലയളവിലാണ് സമൂഹത്തിലെ പലരുടെയും മാനസികനില കൈവിട്ടു പോയത് എന്ന് കാണാനാവും.

നാട്ടിൽ മറ്റാരും തന്നെ ഇത് പോലൊരു കല്യാണം നടത്തിയിട്ടുണ്ടാവരുത് എന്ന വാശിയാണ് അഥവാ ദുർവാശിയാണ് പലപ്പോഴും കിടപ്പാടം വിറ്റായാലും വട്ടിപ്പലിശക്ക് പണമെടുത്തായാലും വിവാഹച്ചടങ്ങ് ഉത്സവം പോലെയാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്..

എന്നാൽ രണ്ടു വ്യക്തികൾ ഒരുമിച്ച് ഒരു പുതിയ ജീവിതത്തിലേക്ക് കടക്കാനും സുഭദ്രമായ കുടുംബ ജീവിതത്തിനും ഇത്തരം ആർഭാടങ്ങൾ കൊണ്ടു മാത്രം സാധിക്കുകയില്ല എന്നത് പോലീസ് സ്‌റ്റേഷനുകളിലും കോടതികളിലുമെത്തുന്ന ഡൈവോഴ്സ് പരാതികൾ മാത്രം ശ്രദ്ധിച്ചാൽ മനസിലാകും,,ഇതിലേക്ക് കൊണ്ടെത്തിക്കുന്ന ഘടകങ്ങൾ വേറേയുമുണ്ട്,,

അതാണ് വൈറലാവുക എന്ന ചടങ്ങ്. ഡാൻസ്, പാട്ട്, ദമ്പതിമാരുടെ പരസ്യ മദ്യപാനം, വെള്ളത്തിൽ ചാട്ടം, മരം കയറൽ, പാമ്പ് പിടുത്തം, ബൈക്ക് ജമ്പിംഗ്, കരാട്ടേ, കളരിപ്പയറ്റ് തുടങ്ങിയ കായിക അഭ്യാസ പ്രകടനങ്ങൾ, തീയിലും വെള്ളത്തിലുമുള്ള സാഹസിക പ്രകടനങ്ങൾ, ബി ക്ലാസ്സ് സിനിമയിലെ ചൂടൻ രംഗങ്ങൾ അവതരിപ്പിക്കൽ തുടങ്ങി, ചത്തിട്ടായാലും സാരമില്ല, വൈറലാവുക എന്നതാണ് നാട്ടുനടപ്പനുസരിച്ചുള്ള ചടങ്ങുകൾ.

വൈറലായില്ലെങ്കിൽ ദാമ്പത്യം സുഖകരമായില്ലെങ്കിലോ?വധു പല കാര്യങ്ങൾക്കും വിസ്സമ്മതിച്ചത് കൊണ്ടാണ് വൈറലാവാതെ പോയത് എന്ന് പറഞ്ഞ് ഹണിമൂൺ കാലയളവിൽ നടന്ന വഴക്കും ഒരു പരാതിയായി വന്നതോർക്കുന്നു,,ഇങ്ങിനെ വൈറലാവാനും നല്ല പണച്ചിലവുണ്ട്. പുറത്തറിയില്ലെങ്കിലും പലർക്കും നല്ലത് പോലെ ആശുപത്രിച്ചിലവുമുണ്ട്.മുൻ വർഷങ്ങളിൽ വൈറലായവർ ഇപ്പോഴെവിടെയാണ് എന്ന ചോദ്യത്തിന് ഒട്ടും തന്നെ പ്രസക്തിയില്ലല്ലോ?

സ്ത്രീധനച്ചിലവ് കൂടി വരുന്നത് കൊണ്ട് വധുവിൻ്റെ പിതാവിന് ക്ഷീണം കൂടുതലാണെങ്കിലും ഇപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച് വരൻ്റെ പിതാവിനും സാമാന്യം ക്ഷീണം തട്ടുന്നുണ്ട്. രണ്ട് ആൺമക്കളുടെ വിവാഹം ആർഭാടമായി നടത്തിയതോടെ വിരമിച്ചപ്പോൾ കിട്ടിയ പണം മുഴുവൻ തീർന്നു പോയി കടക്കാരനായ സഹപ്രവർത്തകനെ അറിയാം,,,

പിതാക്കൻമാരുടെ കാര്യം എടുത്ത് പറഞ്ഞത്, ഉന്നത വിദ്യാഭ്യാസം നേടി, മികച്ച ജോലി ചെയ്യുന്ന ഭൂരിഭാഗം ആൺകുട്ടികളും പെൺകുട്ടികളും സ്വന്തമായി വിവാഹച്ചിലവ് നടത്താൻ ഇന്നും പ്രാപ്തരായിട്ടില്ല എന്നത് കൊണ്ടാണ്.

വിവാഹം തികച്ചും വ്യക്തിപരമായ കാര്യമാണ്. അതെങ്ങിനെ നടത്തണമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ ഭാഗവുമാണ്.സാമ്പത്തിക സ്വാതന്ത്ര്യമുള്ളവർ, ആർഭാട വിവാഹം നടത്തിയിട്ടായാലും പണം മാർക്കറ്റിലേക്കൊഴുക്കുന്നത് സമൂഹത്തിന് ഗുണകരമാണ് എന്നതിനാൽ അങ്ങിനെയുള്ളവർ ആർഭാട വിവാഹങ്ങൾ നടത്തട്ടെ!!

എന്നാൽ, ഉയർന്ന സാമ്പത്തിക സ്ഥിതിയില്ലാത്തവർ ഇത്തരം കെട്ടുകാഴ്ചകളുടെ പുറകെ പോകുന്നത് സാമ്പത്തിക ഭദ്രത തകരാനും ചിലപ്പോൾ കുടുംബം തന്നെ തകരാനുമിടയാക്കാം.

ഒരു ദിവസത്തെ ആഘോഷത്തിനായി ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുത്തുന്നത് ഒട്ടും തന്നെ ബുദ്ധിയല്ല എന്ന് പ്രബുദ്ധ ജനതയാണെന്ന് അഹങ്കരിക്കുന്ന നമ്മൾ എന്ന് മനസ്സിലാക്കും എന്നതാണ് പ്രശ്നം.

വിവാഹം ഒരിക്കലേയുള്ളൂഅത് കൊണ്ട് ആർഭാടം ഒട്ടും കുറയ്ക്കേണ്ട എന്ന് പറയുന്നത് തികച്ചും മണ്ടത്തരമാണെന്ന് പറയാതെ വയ്യ.

കാരണം, വിവാഹദിനമെന്നത് ഒരുമിച്ചുള്ള ജീവിതയാത്രയിലെ ഫ്ലാഗ് ഓഫ് മാത്രമാണ്. ജീവിതയാത്ര തുടങ്ങാൻ പോവുന്നതേയുള്ളു.ആ ജീവിതയാത്രയിൽ ഉപകാരപ്പെടേണ്ടതായ സമ്പാദ്യമാണ് നാട്ടുകാരെ ഇംപ്രസ് ചെയ്യാനുള്ള ആഘോഷത്തിനായി പലപ്പോഴും പൊടിച്ച് കളയുന്നത് എന്ന് നമ്മൾ മറന്നു പോകുന്നു.

സാമൂഹിക അംഗീകാരത്തിൻ്റെ കാര്യം പറയുമ്പോൾ പ്രസക്തമായ മറ്റൊരു വിഷയം കൂടെയുണ്ട്.

ആർഭാട വിവാഹം നടത്തിയ ആളുകളെ നമ്മൾ കൂടുതൽ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യാറുണ്ടോ?

മറിച്ച് കെട്ടുകാഴ്ചകൾ നടത്തുന്നവരെക്കുറിച്ചുള്ള നമ്മുടെ സമൂഹത്തിൻ്റെ കാഴ്ചപ്പാട് എന്താണ് എന്ന് ഒരു നിമിഷം ആലോചിച്ചാൽ തന്നെ കാര്യങ്ങൾക്ക് വ്യക്തത ലഭിക്കും. ഒരാൾ നല്ലൊരു വീട് കെട്ടിയാലോ ആഡംബര കാറ് വാങ്ങിയാലോ കുശുമ്പും കുന്നായ്മയും പറയുന്ന നാട്ടിൽ ജീവിത സമ്പാദ്യം മുഴുവൻ ധൂർത്തടിച്ച് മക്കളുടെ കല്യാണം നടത്തി നല്ല ഇമേജ് ഉണ്ടാക്കിയെടുക്കാൻ കഴിയുമോ?

ആവശ്യത്തിലേറെ ധനമുള്ളവരെയും ആഡംബരക്കാരേയും അനുകരിക്കാതിരിക്കുകയും സ്വന്തം നില മറന്ന് മക്കളുടെയും നാട്ടുകാരുടെയും മുന്നിൽ ചെറുതായിപ്പോകുമെന്ന മിഥ്യാധാരണയിൽ ജീവിതം പാഴാക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിഅഥവാ കല്യാണ ചിലവിന് മാറ്റി വച്ച തുക അവരുടെ പേരിൽ നിക്ഷേപിക്കുകയോ സ്ഥിരവരുമാനം ലഭിക്കുന്ന രീതിയിൽ നിക്ഷേപം നടത്തുകയോ ചെയ്താൽ ഭാവിയിൽ അവരുടെ ജീവിതം മെച്ചപ്പെട്ടതാവാനും കുടുബത്തിൽ സാമ്പത്തിക ഭദ്രത കൈവരാനും ഉതകും,,ഏതാനും വർഷങ്ങൾക്ക് ശേഷം പക്വത വരുന്ന പ്രായത്തിൽ ഈ തീരുമാനം നന്നായിരുന്നു എന്ന് അവർ അംഗീകരിക്കും,

അതല്ലെങ്കിൽ, വിവാഹവും വൈവാഹിക ആർഭാടങ്ങളും എല്ലാം വരനും വധുവും തങ്ങളുടെ സമ്പാദ്യം കൊണ്ട് മാത്രം നടത്തട്ടെ. അതല്ലേ ഹീറോയിസം?*

നീ ഒരു രൂപ മുടക്കി വിവാഹിതനായാലും ഒരു കോടി മുടക്കി വിവാഹിതനായാലും ദാമ്പത്യ ജീവിതവുമായി അതിന് യാതൊരു ബന്ധവുമില്ല മകനേ*…

ഈ വിഷയം നമ്മുടെ ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും ചർച്ചയായാൽ തന്നെ പലർക്കും ശരിയായ തീരുമാനമെടുക്കാനുള്ള ധൈര്യം ലഭിക്കും….

KnanayaNews.com

നിങ്ങൾ വിട്ടുപോയത്