സെമിനാരി പരിശീലനക്കാലത്ത്
നടന്ന ഒരു സംഭവം.
അത്താഴത്തിനു ശേഷം ഞങ്ങൾ
കുറച്ചു പേർ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ കൂട്ടംകൂടി നിന്ന് സംസാരിക്കുകയായിരുന്നു.
അവിടെ ഒട്ടും വെട്ടമില്ലാതിരുന്നതിനാൽ
ആരും ഞങ്ങളെ കാണുന്നില്ലെന്നായിരുന്നു ഞങ്ങൾ കരുതിയത്.
എന്നാൽ ഞങ്ങളുടെ
സകല നീക്കങ്ങളും അറിയുന്ന
ഒരാൾ ഉണ്ടായിരുന്നു;
റെക്ടറച്ചൻ
ഞങ്ങളെ ഇരുട്ടിൽ നിന്ന്
വെളിച്ചത്തിലേക്ക് വിളിച്ചു വരുത്തി
അച്ചൻ പറഞ്ഞു:
”ചുറ്റിനും പ്രകാശമുള്ള ധാരാളം ഇടങ്ങളുള്ളപ്പോൾ നിങ്ങൾ എന്തിനാണ് അവിടെ ഇരുട്ടിൽ നിൽക്കുന്നത്?
വല്ല പാമ്പോ, തേളോ കുത്തിയാലോ?
എന്തെങ്കിലും കള്ളത്തരങ്ങൾ കാണിക്കുന്നവരാണ് ഇരുട്ടന്വേഷിച്ച് പോകുന്നത്….
മേലിൽ ആവർത്തിക്കരുത്!”
അച്ചൻ്റെ താക്കീത് ഇന്നും മനസിൽ സൂക്ഷിക്കുന്നു.
നമ്മളിൽ പലരും അന്ധകാരമാണല്ലോ
ഇഷ്ടപ്പെടുന്നത്?
“വെളിച്ചം ദു:ഖമാണുണ്ണി
തമസല്ലോ സുഖപ്രദം”
എന്ന അക്കിത്തത്തിൻ്റെ വരികൾ
ഹൃദയത്തിലേറ്റി,
വെളിച്ചത്തേക്കാൾ
ഇരുട്ടിനെ ഇഷ്ടപ്പെടുന്നവരും
ഇക്കാലഘട്ടത്തിൽ പെരുകുമ്പോൾ
തിന്മയും അതിക്രമവും പരിധിവിട്ട്
വർദ്ധിക്കുന്നു എന്ന കാര്യം കൂടി ഓർമിക്കണം.
അതുകെണ്ടാണ് ക്രിസ്തു
പറഞ്ഞത്:
”പ്രകാശം ലോകത്തിലേക്കു വന്നിട്ടും
മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു.
കാരണം, അവരുടെ പ്രവൃത്തികള്‍
തിന്‍മ നിറഞ്ഞതായിരുന്നു”
(യോഹ 3 : 19).
എതിരിരുട്ടിലും പ്രകാശിക്കുന്ന
ക്രിസ്തുവിലേക്ക്
ചരിക്കാൻ നമുക്കേവർക്കും കഴിയട്ടെ….
ഫാദർ ജെൻസൺ ലാസലെറ്റ്