അനാഥത്തിന്‍ ശൂന്യതയില്‍ ജീവിക്കും വയോജനങ്ങള്‍
ആര്‍ക്കും വേണ്ടാത്ത വാര്‍ധക്യമായി കഴിഞ്ഞിടുന്നു
ആരാരുമില്ലാതെ ആരോടും പറയാതെ
ദുരിതശാപവിലാപങ്ങള്‍ നിറയും ലോകത്തു
നിന്നു യാത്രയായിടുന്നു

കാലുഷ്യം നിറയുമീ അസത്യസമൂഹത്തിന്‍
സത്യമായിനിലകൊള്ളുവാന്‍ കഷ്ടപ്പെടുമെങ്കിലും
ഒറ്റപ്പെട്ടുപോകുന്നവന്‍ വേദന നമ്മുടെ
നീതിബോധത്തില്‍ ചോദ്യങ്ങളുയര്‍ത്തും

ഉള്‍വലിഞ്ഞാ ജീവിതങ്ങള്‍
കെട്ടവെട്ടങ്ങളുടെ ഏകാന്തതയില്‍
പ്രത്യാശയാം നുറുങ്ങുവെട്ടം തേടിടുമ്പോള്‍
ആഡംബരത്തില്‍ മുങ്ങിക്കുളിക്കും മക്കള്‍
വന്ദ്യരാം ഇവരെ മറന്നിടുന്നു
ജീര്‍ണതയെ താലോലിച്ചവര്‍
നന്‍മയെ തമസ്‌കരിച്ചിടുന്നു

നൊമ്പരക്കടലിലും വഴിവിളക്കായി
ആത്മജ്ഞാനമാം നന്‍മകള്‍ നല്‍കി
അല്ലലറിയാതെ പൊന്നുമക്കളെ
പോറ്റിയ അച്ചനുമമ്മയുമിന്നു
ഹൃദയം പൊള്ളിക്കിടക്കുമ്പോള്‍
അജ്ഞതയാം അന്ധകാരത്തില്‍ നിന്നൊരുനാളവര്‍
അറിവിന്റെ വെളിച്ചത്തിലേക്കു
യര്‍ത്തിയമക്കളിന്നു ആശ്വാസത്തിന്‍
സാന്ത്വനം നല്‍കുവാന്‍ മടിച്ചിടുന്നു

ഒറ്റപ്പെടലിന്‍ മുള്‍വേലിക്കകത്തു
അനാഥരാക്കപ്പെടും വാര്‍ദ്ധക്യങ്ങള്‍
നിത്യദുഃഖത്തിന്‍ കയ്പ്നീര്‍കുടിച്ച്
ജീവച്ഛവങ്ങളായി കഴിഞ്ഞിടുന്നു

വെയിലില്‍ വാടിത്തളര്‍ന്ന മക്കള്‍ക്കൊരു
നാള്‍ തണല്‍മരമായിരുന്നവരിന്നു
തണലില്ലാതെ വെളിച്ചമില്ലാതെ
തപ്പിത്തടഞ്ഞു നടന്നിടുന്നു

വീട്ടിലടിഞ്ഞുകൂടും മാലിന്യങ്ങള്‍
തെരുവില്‍ തള്ളും പോലെ
താലോലിച്ചു വളര്‍ത്തിയ മക്കളിവരെ
തെരുവോരങ്ങളില്‍ തള്ളിയിടുന്നു

വീടിനകത്തളങ്ങളില്‍ നടക്കും പീഡനങ്ങള്‍
ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത സ്വപ്നങ്ങള്‍ പോലെ
ചുളിവുവീണുകുഴിഞ്ഞാ നയനങ്ങളില്‍ മിന്നിമറയുന്നു
രോഗമല്ലീ വാര്‍ദ്ധക്യം
നമ്മില്‍പടരും ജീവിതയാഥാര്‍ത്ഥ്യം

സ്വപ്നങ്ങളില്ലാത്ത ജീവിതമില്ല സ്വപ്നവും
ജീവിതവും ഒന്നിച്ചു നീങ്ങുംപാതയുമില്ല
പദാര്‍ത്ഥ പ്രപഞ്ചത്തെ ആശ്രയിച്ചീടും മനുഷ്യര്‍
പരമാര്‍ത്ഥജ്ഞാനം വെടിഞ്ഞിടുന്നു
മരങ്ങള്‍ വേണം മൃഗങ്ങള്‍ വേണം
വൃദ്ധജനങ്ങള്‍ വേണ്ടന്നിവര്‍

വേരില്ലാത്തമരംപോല്‍ വിവേകശൂന്യനാം മനുഷ്യന്
ആത്മബന്ധങ്ങളാം ആഴങ്ങളിലേക്കിറങ്ങാനാവില്ല
ബന്ധങ്ങളിലെ കയ്പു നുണയാത്തവരുണ്ടാവില്ല ഭൂവില്‍
ഉണ്ടെങ്കിലവര്‍ക്കു ബന്ധങ്ങളില്ലെന്നറിയുക

കാരുണ്യത്തിനായി കേഴുന്നവരില്‍
ഈശ്വരദര്‍ശനം കണ്ടിടാതെ
ഈശ്വരനാമം ജപിച്ചിട്ടെന്തു ഫലം

നിങ്ങൾ വിട്ടുപോയത്