You may command them to your children, that they may be careful to do all the words of this law. (Deuteronomy 32:46) ✝️
മാതാപിതാക്കളുടെ കര്‍ത്തവ്യം വെല്ലുവിളികൾ നിറഞ്ഞതും കഠിനവും ആയിരുന്നാലും അത്രത്തോളം പ്രതിഫലം നിറഞ്ഞ മറ്റു ചുമതലകള്‍ ചുരുക്കമാണ്. നല്ല മാതാപിതാക്കള്‍ ആയിരിക്കുന്നതിനെപ്പറ്റി വചനം അനേക കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മക്കളെ ദൈവവചനം പഠിപ്പിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ജീവിതത്തിലെ ഏത് സാഹചര്യങ്ങൾക്കും ഊർജ്ജവും സന്തോഷവും സമാധാനവും പകരുവാൻ ദൈവത്തിൻറെ വചനത്തിന് ആക്കും. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്ത് മക്കളുടെ മുമ്പാകെ ഒരു നല്ല മാതൃകാജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ നിയമാവർത്തനം 6:7-9 ൽ പറഞ്ഞിരിക്കുന്നതുപോലെ ദൈവഭക്തി മക്കളെ പഠിപ്പിക്കുന്ന കാര്യത്തിലും നാം അതീവ ജാഗ്രത ഉള്ളവര്‍ ആയിരിക്കേണ്ടതാണ്.
ദൈവവചനഭാഗം നമ്മെ പഠിപ്പിക്കുന്നത് മക്കളെ ദൈവവഴിയിൽ നടത്തണമെങ്കിൽ അതിനു തുടര്‍ന്നു നാം ശ്രമിച്ചുകൊണ്ടിരിക്കണം എന്നാണ്. വീട്ടിലും, നടക്കുമ്പോഴും, കിടക്കുമ്പോഴും, രാവിലെയും, വൈകിട്ടും എന്നു വേണ്ട, ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും നാം അതിനുവേണ്ടി പാടുപെടേണ്ടതാണ്. നമ്മുടെ ഭവനങ്ങളുടെ അടിസ്ഥാനം വചനസത്യങ്ങള്‍ ആയിരിക്കേണ്ടതാണ്. ഈ കല്പനകൾ അനുസരിച്ച് നാം കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ട സത്യം ദൈവഭക്തി വെറും ഞായറാഴ്ചകളിലേക്കോ അല്ലെങ്കിൽ പ്രാര്‍ത്ഥനയോഗങ്ങളിലേക്കോ മാത്രം ഒതുക്കി നിര്‍ത്താവുന്നത് അല്ല എന്നതാണ്.
നാം അവരെ പഠിപ്പിക്കുമ്പോള്‍ അനേക കാര്യങ്ങൾ അവർ മനസ്സിലാക്കുന്നു എന്നത് സത്യമാണെങ്കിലും നിരീക്ഷണത്തില്‍ കൂടെയാണ് നമ്മുടെ മക്കൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് നാം ചെയ്യുന്ന സകല കാര്യങ്ങളിലും നാം വളരെ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമായിരിക്കുന്നത്. മാതാപിതാക്കള്‍ എന്ന നിലക്ക് ദൈവം ഓരോരുത്തര്‍ക്കും നൽകിയിരിക്കുന്ന കടമകൾ അതീവ ശ്രദ്ധയോടെ നാം ജീവിതത്തിൽ പിന്‍പറ്റേണ്ടതാണ്. മാതാപിതാക്കളായ എല്ലാവർക്കും മക്കളെ ദൈവവചന അടിസ്ഥാനത്തിൽ വളർത്താനുളള ദൈവക്യപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.