ഇന്ന് ഓഗസ്റ്റ് 14. അതിപുരാതനമായ ആലങ്ങാട് സെന്റ് മേരിസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്ന പുണ്യ ദിവസമാണ് ഇന്ന്. ആലങ്ങാടും (മങ്ങാട്ട്) പറവൂരും തമ്മിൽ രൂക്ഷമായ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടം. ആ കാലഘട്ടത്തിൽ പോർച്ചുഗീസിൽ നിന്നും വന്ന് ഗോവ ആർച്ച് ബിഷപ്പ് ആയി സേവനം ചെയ്തിരുന്ന മെനേസിസ് മെത്രാപോലിത്ത (1559 – 1617) ഉദയംപേരൂർ സുന്നഹദോസിനു ശേഷം കുറച്ചു നാളുകൾ ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ താമസിച്ചിരുന്നു. മെനേസിസ് മെത്രാപോലീത്തയുടെ ഡയറിക്കുറിപ്പുകൾ ആധാരമാക്കി ഗുവായ രചിച്ച ജൊർണാദ എന്ന പോർച്ചുഗീസ് ഭാഷയിൽ എഴുതപ്പെട്ട ഗ്രന്ഥമാണ് ഇതിന് സാക്ഷ്യം.

മങ്ങാട്ടു രാജ്യത്തെ ആക്രമിക്കാൻ കച്ചകെട്ടിയിറങ്ങിയ പറവൂർ രാജാവിന്റെ ചാവേർ പടയെ കണ്ട് ഭയന്ന് ആലങ്ങാടിലെ ജനങ്ങൾ പള്ളിയിൽ കയറിക്കൂടി. ഉയർന്ന മതിൽക്കെട്ട് ഉണ്ടായിരുന്ന ദേവാലയത്തിന്റെ വാതിലുകൾ അടച്ചു ജനങ്ങൾ പ്രാർത്ഥനയിൽ മുഴുകി.

രാത്രി മുഴുവൻ പള്ളി മതിലിന് പുറത്ത് ചാവേർ സംഘം കാത്തുനിന്നു. വലിയ കോണിയുണ്ടാക്കി മതിൽ ചാടി കടക്കുന്നതിനും ക്രൈസ്തവരെ ആക്രമിക്കുന്നതിനും പറവൂർ രാജാവിന്റെ ചാവേർപട തയ്യാറെടുത്തു. കോണി വഴി മതിലിന്മേൽ കയറുന്ന സമയം ചാവേർ പടയെ പരിഭ്രാന്തരാക്കുന്ന ഒരു പ്രകാശധോരണി (vision) ഉണ്ടാവുകയും ചാവേർപ്പട അതുകണ്ട് ഭയപ്പെടുകയും ചെയ്തു. ആരോ ഓടിക്കുന്ന പോലെ അവർ ഭയപ്പെട്ടോടി. ദേവാലയത്തെയും മതിലിനെയും ആക്രമിക്കാനോ ക്രൈസ്തവരെ മുറിവേൽപ്പിക്കാനോ അവർക്കു സാധിച്ചില്ല.

പരിശുദ്ധ കന്യകാമറിയത്തിന്റെ ദേവാലയത്തിൽ കഴിഞ്ഞുകൂടിയ തന്റെ മക്കളെ പരിശുദ്ധ അമ്മ തന്റെ പ്രത്യേകമായ ഇടപെടലും സംരക്ഷണവും നൽകി ശത്രുക്കളിൽനിന്ന് കാത്തുസൂക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ക്രൈസ്തവരുടെ അങ്ങാടിയും ഭവനങ്ങളും അടഞ്ഞു കിടക്കുന്നത് കണ്ടു ചാവേർപ്പട അവരുടെ വീടുകൾക്കും അങ്ങാടിക്കും തീകൊളുത്തി. എന്നാൽ അങ്ങാടിയുടെ നടുക്ക് സ്ഥാപിച്ചിരുന്ന വലിയ മരക്കുരിശിൽ മാത്രം തീ പിടിച്ചില്ല. പിറ്റേദിവസം മങ്ങാട്ടു രാജാവും പരിവാരങ്ങളും അതുപോലെ മെനേസിസ് മെത്രാപ്പോലീത്തായും തീപിടിച്ച് വെണ്ണീറായ അങ്ങാടിയും ഭവനങ്ങളും സന്ദർശിക്കുവാൻ വന്നു. ചുറ്റുമുള്ളതെല്ലാം കത്തി ചാമ്പലായിട്ടും മരക്കുരിശിനു മാത്രം ഒന്നും സംഭവിക്കാതിരുന്നത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ക്രൈസ്തവർ എല്ലാം തങ്ങളുടെ ജീവനെയും ദേവാലയത്തെയും മരകുരിശിനെയും സംരക്ഷിച്ച ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി.

ലിയോൺ ജോസ് വിതയത്തിൽ

റെഫെറൻസ്:

  • ജൊർണാദ, ഗുവായ (പോർച്ചുഗീസ് ഭാഷയിൽ ഉള്ള മെനേസിസ് മെത്രാപ്പോലീത്തായുടെ ഡയറിക്കുറിപ്പുകൾ അടങ്ങിയ ഗ്രന്ഥം)
  • നസ്രാണി പഴമ, ഫാദർ ഇഗ്നേഷ്യസ് പയ്യപ്പിള്ളി

നിങ്ങൾ വിട്ടുപോയത്