ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ അനുസരിക്കുക പോയിട്ട് പലരും കേൾക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് ദൈവവചനം കേൾക്കാത്തവരുടെ നടപ്പ് മുന്നോട്ടല്ല,പിന്നോട്ടാണ്. നമ്മൾ ദൈവത്തിന്റെ പിന്നാലെ പോകുകയും പറയുന്നത് ശ്രവിക്കുകയും ചെയ്യണം. നമുക്ക് ഉണ്ടാകേണ്ട വളരെ നല്ലൊരു കാഴ്ചപ്പാട് ,എത്ര അധഃപതിച്ച അവസ്ഥയിൽ ആയാലും ദൈവത്തിനു നമ്മെ സ്നേഹമാണ്. പഴയനിയമത്തിലെ ദൈവവും പുതിയനിയമത്തിലെ ദൈവവും ഒന്ന് തന്നെയാണ്. പഴയനിയമത്തിൽ സ്വരം ശ്രവിച്ചവർ ദൈവത്തോട് ചേർന്ന് നിന്നവർ തന്നെ ആയിരുന്നു. എന്നാൽ പുതിയ നിയമത്തിൽ നാം എല്ലാവരും ദൈവത്തിന്റെ മക്കളായിരുന്നതിനാൽ ദൈവസ്വരം ശ്രവിക്കാം.
നമ്മൾ ഓരോരുത്തരോടും ദൈവം വ്യക്തിപരമായി സംസാരിക്കുന്നുണ്ട്. ഒരു പ്രാവശ്യം അത് കേട്ടു കഴിഞ്ഞാൽ, ആ ശബ്ദം നമ്മളിൽ വളരെ ആനന്ദകരമായ ഒരു അനുഭവം ആയി ആലേഖനം ചെയ്യപ്പെടും. ഉദാഹരണത്തിന് നമ്മുടെ മാതാപിതാക്കൾ വിളിക്കുകയാണ് എന്ന് കരുതാം. അവർ നമ്മോട് എങ്ങിനെ ആണു സംസാരിക്കുക. വളരെ ഔദ്യോഗികമായി ആണോ സംസാരിക്കുക. ഞാൻ നിന്റെ അപ്പനാണ് സംസാരിക്കുന്നത്, അങ്ങിനെ പറഞ്ഞിട്ട് വേണോ നമുക്ക് മനസ്സിലാവാൻ. ആ ശബ്ദം കേൾക്കുമ്പോൾ തന്നെ നമുക്ക് അറിയാം. ആ ശബ്ദത്തിന്റെ വ്യതിയാനങ്ങൾ പോലും നമുക്ക് മനസ്സിലാകും. അതായത് ആ സ്വരത്തിന്റെ ഭാവഭേദം നമ്മിലേക്ക് വരും. ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ ദൈവ സ്വരത്തിന്റെ വ്യതിയാനം നാം ഓരോരുത്തർക്കും അനുഭവിക്കാൻ സാധിക്കും.
നമ്മുടെ ജീവിത പങ്കാളിയില് നിന്നും നമ്മൾ എന്താണ് ആഗ്രഹിക്കുന്നത്? എല്ലാം മാറ്റി വച്ച് കുറച്ച് നേരം എൻറെ അടുത്തു വന്നു ഇരിക്ക്. അത്രയേ വേണ്ടൂ. ഇത് തന്നെയാണ് ഈശോ നമ്മോട് പറയുന്നത്. നമുക്ക് എല്ലാവർക്കും ഉള്ള ദൈവവിളി ഇതാണ്. കർത്താവിന്റെ സ്വരം കേൾക്കുക. അത് അനുസരിക്കുക. ദൈവവചനം വായിക്കുകയും, അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ നാം ദൈവത്തിൽ നിന്ന് ജീവൻ പ്രാപിക്കുകയും, ദൈവം പരിശുദ്ധാൽമാവായി നമ്മുടെ ഉള്ളിൽ ജീവിക്കുകയും ചെയ്യും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ