പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

സാംസ്‌കാരിക മന്ത്രി അനുശോചിച്ചു
പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും ഡോക്യുമെന്ററി, ചലച്ചിത്രസംവിധായകനും, ശിവൻസ് സ്റ്റുഡിയോയുടെ ഉടമയുമായ ‘ശിവൻ’ എന്ന ശിവശങ്കരൻനായരുടെ നിര്യാണത്തിൽ സാംസ്‌കാരിക, ഫിഷറീസ് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. വിവരവിനിമയ സാങ്കേതിക വിദ്യ അത്രമേൽ വളർച്ച നേടിയിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ മലയാള ചലച്ചിത്രങ്ങളുടെ അസുലഭ മുഹൂർത്തങ്ങൾ കേരളത്തിന്റെ കൺമുന്നിലേക്ക് കൊണ്ടുവന്ന ക്യാമറക്കണ്ണുകളുടെ പിറകിലുണ്ടായിരുന്ന പ്രതിഭ ശിവനായിരുന്നു.

ഫോട്ടോ ജേർണലിസം , സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങി വിവിധ മണ്ഡലങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ആ ലെൻസിൽ പതിഞ്ഞ ചിത്രങ്ങൾ എക്കാലവും മലയാളികളുടെ മനസിൽ മായാതെ നിലകൊള്ളും. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി സജി ചെറിയാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്