ന്യൂഡല്‍ഹി: ദക്ഷിണ ദില്ലിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി.
ഇന്ന് രാവിലെ പത്തിനാണ് സംഭവം. ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞു. സംഭവമറിഞ്ഞെത്തിയ മലയാളികള്‍ അടക്കമുള്ള വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെ തടഞ്ഞിരിക്കുകയാണ്.
തങ്ങളുടെ ആരാധനാലയം പെളിച്ചതിലും വിശുദ്ധ വസ്തുക്കള്‍ വാരി പുറത്തെറിഞ്ഞതിലും പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കു സമീപം പ്രാര്‍ത്ഥനാ യജ്ഞം നടത്തുകയാണ്.
ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പള്ളി പൊളിച്ചത്. മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് സുരക്ഷയൊരുക്കാന്‍ നൂറിലധികം പോലീസുകാരുമുണ്ട്. ദേവാലയം പൂര്‍ണമായും പൊളിച്ചു മാറ്റി. ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് ലഭിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍ പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ ദേവാലയം. പത്ത് വര്‍ഷം മുമ്പ് പണിത ദേവാലയമാണിത്.
ഡൽഹിയിലെ ദേവാലയം സർക്കർ സംരക്ഷിക്കണം.
-പ്രൊ ലൈഫ്അപ്പോസ്തലേറ്റ്
കൊച്ചി: നിരവധി വർഷങ്ങളായി ന്യൂഡൽഹിയിൽ സീറോ മലബാർ സഭയിലെ വിശ്വാസികൾ ആരാധനയ്ക്ക് ആശ്രയിച്ചിരുന്ന പള്ളി തകർക്കപ്പെട്ടതിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു.
ഭാരതത്തിന്റെ തലസ്ഥാന നഗരിയിൽ ഒരു ക്രൈസ്തവ ദേവാലയം പരസ്യമായി തകർത്തത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന്അപ്പോസ്തലേറ്റ് വിലയിരുത്തി. ആരാധനാലയം സംരക്ഷിക്കപ്പെടുന്നുവെന്നു ഭരണാധികാരികൾ ഉറപ്പുവരുത്തുകയും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.