വികലമനസ്കരുടെ വികലാവിഷ്ക്കാരം കണ്ട് ഭയന്നോടുന്നവരല്ല ക്രൈസ്തവ സന്യസ്തർ:
ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തിയും ക്രൈസ്തവ സന്യാസത്തെ വികലമായി ചിത്രീകരിച്ചും അക്വേറിയം പോലുള്ള ആയിരം സിനിമകൾ പുറത്തിറങ്ങിയാലും ചെളിക്കുണ്ടിൽ ഉയർന്നു നിൽക്കുന്ന താമരപ്പൂ പോലെ പരിശുദ്ധിയിൽ ജീവിക്കുന്ന പതിനായിരക്കണക്കിന് ക്രൈസ്തവ സന്യസ്തർ തങ്ങളെ വേദനിപ്പിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരുടെ മധ്യത്തിൽ തന്നെ നിങ്ങൾക്ക് നന്മകൾ ചെയ്ത് തുടർന്നും ഇവിടെ ഉണ്ടാവും. സ്ത്രീയുടെ മൗലിക അവകാശത്തെ ചവിട്ടിമെതിച്ച് സ്ത്രീത്വത്തെ വികലമായി ചിത്രീകരിക്കുന്ന ഇത്തരം സിനിമകൾ കണ്ട് ഞങ്ങൾ ഭയന്നോടും എന്ന് ആരും വ്യാമോഹിക്കേണ്ട.
പറയാതെ വയ്യാ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതും ഈ ഇൻ്റർനെറ്റ് യുഗത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മാത്രം പ്രാധാന്യം കൊടുത്ത് സ്ത്രീയുടെ മൗലിക അവകാശത്തെ ചവിട്ടിമെതിക്കുമ്പോൾ ഭരണാധിപന്മാരും ന്യായാധിപൻമാരും നിയമപാലകരും ആധുനിക പീലാത്തോസിൻ്റെ മൂടുപടം അണിഞ്ഞ് വെറും നോക്കുകുത്തികളായി നിൽക്കുന്നത് എത്രയോ വേദനാജനകം ആണ്… കേരളത്തിൽ സ്ത്രീയുടെ മൗലിക അവകാശം സംരക്ഷിക്കുവാൻ നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല, ആ നിയമം നടപ്പിലാക്കണമെങ്കിൽ അവർ രാഷ്ട്രീയക്കാരോ, സിനിമാ മേഖലയിൽ നിന്നുള്ളവരോ, അല്ലെങ്കിൽ വനിതാ മന്ത്രിയോ ആയിരിക്കണം എന്ന് ചുരുക്കം…
“അക്വേറിയം” സിനിമയ്ക്ക് ഹൈക്കോടതിയുടെ പ്രദർശാനാനുമതി ലഭിച്ചു എന്ന വാർത്ത ആഘോഷിക്കുന്ന മാധ്യമങ്ങൾ സിനിമയെക്കുറിച്ച് വിശേഷിപ്പിക്കുന്നത് “സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നു; സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത്” എന്നൊക്കെയാണ്. പക്ഷെ കണ്ണടച്ച് പാലുകുടിക്കുന്നവർ മറന്നു പോയതോ അതോ കണ്ടില്ലെന്ന് നടിച്ചതോ താഴെക്കുറിക്കുന്നു. സർക്കാരിൻ്റെ ഖജനാവിൽ നിന്ന് കോടികൾ മുടക്കിയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിക്കുവാൻ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിച്ചത്. ആ കമ്മീഷൻ്റെ റിപ്പോർട്ട് സമർപ്പിച്ചു മാസങ്ങളും വർഷങ്ങളും പിന്നിടുമ്പോൾ പൊതുജന സമക്ഷത്തിലേക്ക് അത് ഒന്ന് വായിക്കുവാൻ പോലും വിട്ടു നൽകാതെ പൂഴ്ത്തി വച്ചിരിക്കുന്നു. സത്യത്തിൽ സ്വന്തം കണ്ണിലെ തടി എടുത്ത് മാറ്റിയിട്ട് പോരെ അപരൻ്റെ കണ്ണിലെ കരട് എടുക്കാൻ…?
സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി വാതോരാതെ വാചാലരാകുന്നവർ തന്നെ അണിയറയിൽ സ്ത്രീയെ വിറ്റ് സ്വന്തം കീശ നിറയ്ക്കുവാൻ കഠിന പരിശ്രമം നടത്തുന്നു എന്നതാണ് പച്ചയായ യാഥാർത്ഥ്യം. സ്വന്തം അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാൻ പറ്റാത്ത വിധം കാമഭ്രാന്ത് തലയ്ക്കു പിടിച്ചവർ ആർത്തിയോടെ സ്വന്തം മൊബൈലിൻ്റെയോ കംപ്യൂട്ടറിൻ്റെയോ സ്ക്രീനിലേക്ക് തല പൂഴ്ത്തുമ്പോൾ കേരളത്തിലെ ഒരു സാധാരണ സ്ത്രീ തൻ്റെ മൗലിക അവകാശം കാത്തു സൂക്ഷിക്കുവാൻ അവൾക്കു മുമ്പിലുള്ള വാതിലുകൾ മുട്ടി കൊണ്ടേയിരിക്കും… പക്ഷെ നീതിദേവതയുടെ കണ്ണുകൾ മാത്രമല്ല സ്ത്രീയുടെ നിലവിളിയും നൊമ്പരവും കേൾക്കാതിരിക്കാൻ ചെവികളും മൂടപ്പെട്ടിരിക്കുന്നു എന്നതാണ് ഈ ആധുനിക നൂറ്റാണ്ടിൻ്റെ ഏറ്റവും വലിയ ദുരന്തം.
ക്രൈസ്തവ വിശ്വാസത്തെയും, കുടുംബങ്ങളെയും, സന്യാസത്തെയും, പൗരോഹിത്യത്തെയും വികലമായ് ചിത്രീകരിച്ച് ഇനിയും ഇത്തരം സിനിമകൾ ധാരാളം ഇറങ്ങും എന്നറിയാം. എങ്കിലും, ഞങ്ങൾ വിശ്വാസത്തിനായും മൂല്യങ്ങൾക്കായും ധീരതയോടെ പൊരുതുക തന്നെ ചെയ്യും.
..സ്നേഹപൂർവ്വം,