ചങ്ങനാശേരി: കേരളക്കരയുടെ അഭിമാന കലാലയമായ സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാം വയസിലേക്ക്. നൂറാമത് സ്ഥാപകദിനാഘോഷങ്ങളും കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ വിളംബരദീപം തെളിക്കലും ഇന്നു നടക്കും. പാറേല്‍ പള്ളിക്കു സമീപമുള്ള മൂന്നുനില കെട്ടിടത്തില്‍ 1922 ജൂണ്‍ 19ന് തുടക്കംകുറിച്ച എസ്ബി കോളജ് അന്നത്തെ ബിഷപ് മാര്‍ തോമസ് കുര്യാളശേരിയാണ് ഉദ്ഘാടനം ചെയ്തത്. ഇന്നു ഉച്ചകഴിഞ്ഞ് 2.30ന് ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സഹകരണമന്ത്രി വി.എന്‍. വാസവന്‍ ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏര്‍പ്പെടുത്തിയിട്ടുള്ള 100 സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും നിര്‍വഹിക്കും. എസ് ബി കോളജ് രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിള്‍ എംഎല്‍എ വാര്‍ത്താപത്രികയുടെ പ്രകാശനവും കാളാശേരി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന്റെ വിതരണവും നിര്‍വഹിക്കും. മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയുള്ള ഡി ജിപി ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് ചെറിയതുണ്ടം സ്‌കോളര്‍ഷിപ്പുകളുടെ സമര്‍പ്പണം നടത്തും.

ശതാബ്ദിയോടനുബന്ധിച്ചു കോളജില്‍ സ്ഥാപിക്കുന്ന അന്തര്‍ വൈജ്ഞാനിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. പ്രഗാഷ് നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ജിജന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. സുവോളജി മ്യൂസിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോളജ് അലുമ്‌നി കാനഡാ ചാപ്റ്റര്‍ നല്‍കിയ സംഭാവന മദര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എന്‍.എം. മാത്യു കോളജ് രക്ഷാധികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കൈമാറും. കോളജ് മാനേജര്‍ മോണ്‍. തോമസ് പാടിയത്ത് സ്വാഗതവും കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്‍ നന്ദിയും രേഖപ്പെടുത്തും.

കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്ക്കുന്നതിനാല്‍ ക്ഷണിക്കപ്പെടവര്‍ക്കു മാത്രമാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.പരിപാടികള്‍ 2.30 മുതല്‍ കോളജിന്റെ ഔദ്യോഗിക യുട്യൂബ് ചാനലായ ബി.ടിവിയിലൂടെ തത്സമയം കാണാവുന്നതാണ്. യുട്യൂബില്‍ ബി.ടിവി എസ്ബി കോളജ് എന്ന് സെര്‍ച്ച് ചെയ്യുക. കൂടാതെ ഷെക്കെയ്‌ന ടിവിയിലും മാക് ടിവിയിലും പരിപാടികള്‍ തത്സമയം കാണാം.

നിങ്ങൾ വിട്ടുപോയത്