ക്രിസ്തുവിന്റെ അനുയായികളുടെ ഏറ്റവും പ്രധാനമായ ഗുണമേന്മയെന്നത് ധീരതയാണ്. ശീതോഷ്ണവാനായിരിക്കുക എന്നത് ക്രിസ്താനികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല.യേശു കാലിതൊഴുത്തില് ജനിച്ചു. പുല്‍തൊട്ടിയില്‍ കിടത്തി, കാല്‍വരി കുരിശില്‍ മരിച്ചു.എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സ്ഥാനം നാം ഇന്ന് ആഘോഷമാക്കി മാറ്റിയിട്ടുളള പുല്‍തൊട്ടിയിലോ,കുരിശിലൊ അല്ലായിരുന്നു.ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കാനാണ് ആഗ്രഹിക്കുന്നത്.
ശരാശരി ഭാരതീയന്റെ കീശകള്‍ കാലിയാകുന്ന കാലത്തു, സാധാരണ മനുഷ്യനേക്കാള്‍ കാലികള്‍ പരിഗണിക്കപ്പെടുന്ന നാട്ടില്‍, ദാരിദ്ര്യത്തിന്റെ സുവിശേഷവുമായി കാലിത്തൊഴുത്ത് ജന്മഗൃഹമാക്കിയവന് ഇക്കുറി കുറച്ചധികം പറയാനുണ്ടാകും.പശ്ചാത്തലം ഇല്ലായ്മയും ദാരിദ്ര്യവുമെങ്കിലും ജീവന്റെയും സമൃദ്ധിയുടെയും ധീരതയുടെയും സുവിശേഷമാണു ബത്ലഹേമിലെ ആ കാലിത്തൊഴുത്തിനു പറയാനുണ്ടായിരുന്നത്.
അനീതികള്‍ക്കെതിരെ പോരാടി കുരിശില്‍ മരിക്കുന്നതിനും ‘ആരുടെ രക്ഷയ്ക്കായി മരിച്ചുവോ, ആ മാനവരാശിക്ക് തന്റെ ത്യാഗത്തില്‍ ഒരു നന്ദിയും ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടു തന്നെ’ ദൈവം ഭൂമിയിൽ അവതരിക്കാൻ തീരുമാനിച്ചത് തികച്ചും ധീരോചിതമായ നടപടി തന്നെ.
കാലിത്തൊഴുത്തിലെ സ്നേഹം എല്ലായ്പ്പോഴും ധീരമാണ്. ക്രിസ്തു അതുപോലെയാണ്. യേശു ഇന്നും അനേകരെ സ്നേഹിക്കുന്നതില്‍ ധീരനാണ്; കാരണം, അവന് എല്ലായ്പ്പോഴും അവനെ തന്നെ പൂര്‍ണ്ണമായും വിട്ടു നല്കുന്നു. ഇതില്‍ മഹത്തായ ധീരതയുണ്ട്. കുറുനരികള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളുമുണ്ട്; എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല എന്ന് തന്നെക്കുറിച്ച് പറഞ്ഞവന്, നിരന്തരം ചുറ്റിവളയപ്പെട്ട് പീഢിപ്പിക്കപ്പെട്ടവന്, കഷ്ടതയിലേക്കും മരണത്തിലേക്ക് സ്വമേധയാ നടന്ന് കയറിയവന്. എക്കാലവും അവന് നമ്മുക്ക് വേണ്ടി, തന്നെ തന്നെ വിട്ടുകൊടുത്തു കൊണ്ട് തന്റെ ധീരത പ്രകടമാക്കുന്നു.നമ്മളോ?….എല്ലാവരും കൈവിടുമ്പോൾ?തിരുസഭക്ക് സാക്ഷ്യം വഹിക്കാൻ അവസരം ലഭിക്കുമ്പോൾ? സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോൾ?രക്തസാക്ഷ്യം വഹിക്കേണ്ട സാഹചര്യം വരുമ്പോൾ? നാം ആരുടെ കൂടെയാണ്?…..നമ്മുടെ ധീരത എവിടെയാണ്? നാം കാലിത്തൊഴുത്തിലെ ക്രിസ്തുവിനു ഒപ്പമാണോ?…..
മത്തായി 14 :27: ഉടനെ അവന് അവരോടു സംസാരിച്ചു:” ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ”.
ടോണി ചിറ്റിലപ്പിള്ളി