ഒരു മതവിഭാഗത്തിന്റെ ആത്മീയ ചട്ടക്കൂടിൽ മാത്രം ഒതുങ്ങാതെ മാനവികതയെ മുഴുവൻ ആശ്ലേഷിക്കാനുള്ള ഹൃദയവിശാലത കാണിച്ച മഹാനായ ഇടയനാണ് മാർ ആലഞ്ചേരി.കേരളത്തിലെ ജാതിമതഭേദമന്യയുള്ള ജനങ്ങളുടെ ഹൃദയങ്ങൾ കവർന്ന ക്രൈസ്തവ നേതാവ്.ലോകത്ത് ഒരാളെ അടയാളപ്പെടുത്തുവാനായി ഒന്നും തന്നെയില്ലെങ്കിൽ ആ വ്യക്തി അവശേഷിപ്പിച്ചുപോയ മാറ്റങ്ങൾ ഒരടയാളമായി അവശേഷിക്കും. സീറോ മലബാർ സഭയിലെ ഒരു ശരാശരി വിശ്വാസിക്ക് ഭാഷയുടെയും ഭൂമിയുടെയും വിശ്വാസത്തിന്റെയും അതിരുകൾക്കപ്പുറം വിശാലമായി ചിന്തിക്കാനും ആത്മീയതയിലേക്ക് കൈപിടിച്ച് എത്തുവാനും കഴിഞ്ഞത് യാദ്യച്ഛികതയോ ഭാഗ്യമോ മൂലമല്ല,മറിച്ച് ചതഞ്ഞ ഞങ്ങണ ഒടിക്കാതെയും, പുകയുന്ന തിരി കെടുത്താതെയും ഋഷിതുല്യമായ സൗമ്യതയോടെ സ്നേഹവും, മനുഷ്യത്വവും കൊണ്ട് ജീവിതത്തിന്റെ നേർവഴികളിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇടയനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന താപസശ്രേഷ്ഠൻ നയിച്ച സഭയിലെ അംഗങ്ങളായതു കൊണ്ടാണ്.

ഇന്ത്യ മുഴുവനുമുള്ള അജപാലനാധികാരത്തിനായുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം, റോമിൽ സീറോമലബാർ സഭയുടെ പ്രതിനിധിഭവനം സ്ഥാപനം, ഓസ്‌ട്രേലിയ, കാനഡ, ഗ്രേറ്റ് ബ്രിട്ടൻ എന്നിവിടങ്ങളിൽ രൂപതകൾ സ്ഥാപിക്കപ്പെട്ടത്, തുടങ്ങിയവ കാര്യങ്ങളിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ പങ്ക് ഫ്രാൻസിസ് മാർപാപ്പ പോലും എടുത്തു പറഞ്ഞിട്ടുണ്ട് . അറബ് മേഖലയിലെ അജപാലനവുമായി ബന്ധപ്പെട്ടുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ട് പോയതും പാപ്പാ എടുത്തുപറഞ്ഞു.
കർദിനാൾ ആലഞ്ചേരിയുടെ പ്രവർത്തനങ്ങളെല്ലാം, സിനഡ്, അജപാലനം, മതബോധനം, ആരാധനക്രമം, പൗരോഹിത്യപരിശീലനം, യുവജനങ്ങൾക്കായുള്ള, പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലെ അംഗങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ, ഒപ്പം, പാവപ്പെട്ടവർക്കായുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള, സഭയുടെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് മുന്നോട്ട് കൊണ്ടുപോയതെന്ന് ഫ്രാൻസിസ് പാപ്പാ കർദിനാളിന്റെ പ്രവർത്തങ്ങൾക്ക് അംഗീകാരമായി ആഗോള സഭയെ തന്നെ ഓർമ്മിപ്പിച്ചു.

‘‘നമുക്കൊരുമിച്ചു നീങ്ങാം. പിന്നോട്ടു നോക്കുമ്പോൾ തോൽവികളും ദുഃഖങ്ങളും ഒക്കെയുണ്ടാകും. അവയെല്ലാം മറന്നു മുന്നോട്ടുപോകാം. ദൈവസ്നേഹത്താൽ പ്രചോദിതമായ ആത്മാവാണു നമ്മെ നയിക്കുന്നത്. പിന്നെന്തിനു പിന്നെന്തിനു ഭയപ്പെടണം?’’എന്ന് പറഞ്ഞു കൊണ്ട് സീറോ മലബാർ സഭയെ നയിച്ച പ്രവാചകധീരനായ മേജർ ആർച്ച് ബിഷപ്പ്.

സഭയുടെ കുർബാനക്രമം നവീകരിക്കുന്നതിലും കുർബാനയർപ്പണത്തിൽ ഏകീകൃത രൂപം നടപ്പാക്കുന്നതിലും യാമപ്രാർഥനകൾ നവീകരിക്കുന്നതിലും മാർ ആലഞ്ചേരിയുടെ നടപടികൾ സീറോ മലബാർ സഭയെ ആഗോളതലത്തിൽ കരുത്തുറ്റതാക്കി.ലാളിത്യവും അധികാര ഗർവ്വില്ലാത്ത പെരുമാറ്റവും വഴി ആഗോളതലത്തിൽ തന്നെ ജാതി-മത- ഭേദമന്യയുള്ള ജനങ്ങളുടെ സ്നേഹവും പ്രീതിയും ആദരവും നേടിയെടുക്കാൻ ആലഞ്ചേരി പിതാവിന് കഴിഞ്ഞു.ഇശോമിശിഹായെ തന്റെ സ്നേഹത്തിലൂടെയും ജീവിതത്തിലൂടെയും ഹൃദയത്തിലൂടെയും ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്ത നിർമ്മലനായ പിതാവായ മാർ ജോർജ് ആലഞ്ചേരി ഇന്ന് പൗരോഹിത്യത്തിന്റെ 52 വർഷങ്ങൾ പൂർത്തിയാക്കുന്നു.പ്രാർത്ഥനാശംസകൾ.

ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ

What do you like about this page?

0 / 400