നിശബ്ദതയുടെ ശനിയാഴ്ചയാണ് ഏപ്രിൽ മാസം പത്തൊൻപതാം തീയതി . അന്നാണ് സീറോ മലബാർ സഭയുടെ മുൻ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി പിതാവിന്റെ എൺപതാം ജന്മദിനം. ഒരുപക്ഷെ, ഈ ജന്മദിനത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതാണ്, ദുഃഖശനി എന്നറിയപ്പെടുന്ന നിശ്ശബ്ദതയുടെ ശനി.

തന്റെ ജീവിതത്തിൽ പിതാവ് നടന്നു നീങ്ങിയ വഴികളിൽ പലതും കുരിശിന്റെ വഴികളായിരുന്നു. പല വഴികളും പിതാവിനെ എത്തിച്ചതും നിശബ്ദതയുടെ അങ്കണങ്ങളിലായിരുന്നു. പക്ഷെ ആ മുഖത്തെ വൈശിഷ്ട്യമാർന്ന പുഞ്ചിരി ഒരിക്കലും ഒളി മങ്ങിയിരുന്നില്ല. വേദനയുടെ അതി കഠിന നിമിഷങ്ങളിലും, പിതാവിന്റെ ഉള്ളു തേങ്ങിയപ്പോഴും, പുറമെ തകർച്ചയുടെ നിഴല് വിരിക്കുവാൻ പിതാവായ ദൈവം ആലഞ്ചേരി പിതാവിനെ അനുവദിച്ചില്ല എന്നുള്ളതാണ് യാഥാർഥ്യം. പലരും ചോദിച്ചിട്ടുണ്ട്, പിതാവിനെതിരെ ചോദ്യശരങ്ങൾ ഉയർത്തുന്നവരെ വേർപെടുത്തി ശാന്തമായി വിശ്രമിച്ചുകൂടെ എന്ന്?
പക്ഷെ നിത്യപിതാവിന്റെ ഹിതം നിറവേറ്റുവാൻ, കൂടെനടന്നവർ ഒറ്റിക്കൊടുത്തപ്പോഴും, കുരിശെടുത്തു മുൻപോട്ടു പോയ യേശുവിനെയാണ് പിതാവ് നെഞ്ചോട് ചേർത്തുപിടിച്ചതെന്നു ജീവിതത്തിന്റെ മാതൃക നമുക്ക് മനസിലാക്കി തരുന്നു. സഭയുടെ നന്മയ്ക്കായി താൻ കുരിശു ചുമക്കേണ്ടതല്ലെയെന്നു പിതാവ് പലപ്പോഴും ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ നിശബ്ദതയുടെ ശനിയാഴ്ച്ച താണ്ടി, വിജയത്തിന്റെ ഞായർ കടന്നുവരുവാൻ ഏതാനും മണിക്കൂറുകൾ മാത്രമേ ദൈവം അനുവദിച്ചുള്ളു. കുരിശിനുമപ്പുറം യേശു ഉയർത്തിയ ഉയിർപ്പിന്റെ ദീപശിഖ സഭയിലും ഉയരും എന്ന വിശ്വാസമാണ്, ഈ എൺപതാം പിറന്നാളിൽ ആലഞ്ചേരി പിതാവ് നമുക്ക് കാട്ടിത്തരുന്നത്.
പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ നമ്മെ ക്ഷണിക്കുന്ന ഈ ജൂബിലി വർഷത്തിൽ, ആലഞ്ചേരി പിതാവിന്റെ പിറന്നാൾ, കുരിശിലൂടെ ദൈവം, പിതാവ് വഴിയായി സഭയ്ക്ക് ചൊരിഞ്ഞ നിരവധി അനുഗ്രഹങ്ങളെ ഓർക്കുവാനുള്ള ഒരു അവസരം കൂടിയാണ് നമുക്ക് നൽകുന്നത്. ആലഞ്ചേരി പിതാവ് സഭയ്ക്ക് നൽകിയ അകമഴിഞ്ഞ സേവനങ്ങളെ ഫ്രാൻസിസ് പാപ്പാ 2023 ഡിസംബർ ഏഴാം തീയതി സ്മരിച്ചതും അത് ആഗോളസഭയിലെ സകല വിശ്വാസികളോടും പ്രഖ്യാപിച്ചതും നമുക്ക് ഒരിക്കലും മറക്കാനാവില്ല. ചരിത്രത്തിൽ, ആലഞ്ചേരി പിതാവിന്റെ സ്ഥാനം ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു, പാപ്പാ തന്റെ സന്ദേശം നൽകിയത്. പൗരോഹിത്യ, മെത്രാഭിഷേക ജൂബിലികളുടെയും, അജപാലനസേവനത്തിനായി അങ്ങയെ ഏൽപ്പിച്ച ഉത്തരവാദിത്വത്തിന്റെയും ലക്‌ഷ്യം പൂർത്തിയാക്കിയിരിക്കുന്ന ഈ നിമിഷത്തിൽ ആലഞ്ചേരി പിതാവിന്റെ രാജി താൻ സ്വീകരിക്കുന്നു എന്നും, പിതാവിന്റെ, സുവിശേഷത്തോടുള്ള വിശ്വസ്തതയുടെ മറ്റൊരു സാക്ഷ്യമാണിതെന്നും, എന്നാൽ പിതാവിൽ നിക്ഷിപ്തമായിരിക്കുന്ന ധ്യാന, മാധ്യസ്ഥപ്രാർത്ഥനകളിലൂടെയുള്ള സഭാസേവനം തുടരണം എന്നുമാണ് ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ അടിവരയിട്ടിരുന്നത്.

അഭിവന്ദ്യ പിതാവേ, സഭയുടെ അമരക്കാരനായിരുന്നു അങ്ങ് എങ്കിലും, സഭയുടെ ചെറിയ കോണുകളിൽ പോലും അങ്ങ് നൽകിയ വിശ്വാസസാക്ഷ്യത്തിനു ഞങ്ങൾ നന്ദി പറയുന്നു. ഒപ്പം ജന്മദിനത്തിന്റെ ഒരായിരം പ്രാർത്ഥനാ മംഗളങ്ങളും.
ജോസ് സെബാസ്റ്റ്യൻ ദേവസ്യ