തിരുവനന്തപുരം: ധനമന്ത്രി തോമസ് തോമസ് ഐസക്കിന്റെ ബജറ്റ് ബഡായിയാണെന്നും യാഥാര്‍ഥ്യ ബോധമില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിതെന്നും കഴിഞ്ഞ ബജറ്റിലെ 5000 കോടിയുടെ ഇടുക്കി പാക്കേജും 3400 കോടിയുടെ കുട്ടനാട് പാക്കേജും 2000 കോടിയുടെ വയനാട് പാക്കേജും എവിടെയെന്നും ചെന്നിത്തല ചോദിച്ചു.
യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ്. കടമെടുത്ത് കേരളത്തെ മുടിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തകര്‍ച്ചയിലുളള കേരളത്തിന്റെ സാമ്ബത്തികനില മെച്ചപ്പെടുത്താനുളള ഒരു ക്രിയാത്മക നിര്‍ദ്ദേശവും ബഡ്ജറ്റിലില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മത്സ്യതൊഴിലാളികളേയും റബര്‍ കര്‍ഷകരേയും വഞ്ചിക്കുന്നതാണ് ബജറ്റ്. നൂറു ദിന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍, 6,000 കോടിയുടെ പദ്ധതി പോലും തുടങ്ങിയിട്ടില്ല. മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു എന്നത് മാത്രമാണ് ബജറ്റിന്റെ നേട്ടമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്പില് കണ്ട് ജനങ്ങളെ കബളിപ്പിക്കാന്‍ പ്രഖ്യാപിച്ച ബജറ്റാണിതെന്നും തകര്‍ന്ന സമ്ബദ് വ്യവസ്ഥയ്ക്ക് ഒരു ആശ്വാസ നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പറഞ്ഞു. അതുപോലെ പലപ്രഖ്യാപനങ്ങളുമുണ്ടായി. ഇതൊന്നും നടപ്പാക്കിയില്ല. എന്നിട്ട് വീണ്ടും പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
എല്ലാ വീട്ടിലും ലാപ്ടോപ് എന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. കോവിഡാനന്തര കാലത്ത് ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തിക്കാനോ അവരെ സഹായിക്കാനോ ഒരു പദ്ധതിയും നടന്നില്ല. മല എലിയെ പ്രസവിച്ചുവെന്ന് പറയുന്നത് പോലെയാണ് ഐസക്ക് കൊട്ടിഘോഷിച്ചുകൊണ്ടു വന്ന ബജറ്റെന്നും ചെന്നിത്തല പരിഹസിച്ചു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ റബ്ബറിന്റെ താങ്ങുവില 150 ആയി പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷം കഴിഞ്ഞ് ഈ സര്‍ക്കാര്‍ 20 രൂപ വര്‍ദ്ധിപ്പിച്ചു. ഇത് 250 രൂപയാക്കേണ്ടതായിരുന്നു. 20 രൂപ മാത്രം വര്‍ദ്ധിപ്പിച്ചത് അവരോടുളള അവഹേളനമാണെന്നും ചെന്നിത്തല പറഞ്ഞു.
ഈസി ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കില്‍ ഇരുപത്തിയൊന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ ഇരുപത്തെട്ടാമതാണ്. മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് പ്രഖ്യാപിച്ച ഫണ്ട് എവിടെ നിന്നാണ് സംസ്ഥാനം കണ്ടെത്തുകയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.