യേശുവിന്റെ അമ്മയാകാൻ ദൈവത്തിനു മുൻപാകെ സ്വയം ഏൽപിച്ചു കൊടുത്തപ്പോളും, ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചപ്പോഴും മറിയം ഭാഗ്യവതിയും, അനുഗ്രഹീതയും ആയി. ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുക എന്നുള്ളത് ഒരു വിശേഷഭാഗ്യമാണ്. എന്നാൽ, ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹത്തിന് അർഹയായശേഷം മറിയം ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അവിവാഹിത ആയിരിക്കെ ഗർഭം ധരിച്ചതിലുണ്ടായ മാനസ്സികക്ലേശം മുതൽ ഗാഗുൽത്താമലയിൽ തന്റെ ഏകപുത്രന്റെ മൃതശരീരം ഏറ്റുവാങ്ങിയതുവരെയുള്ള സംഭവങ്ങൾ നോക്കിയാൽ, ദൈവമാതൃത്വം മറിയത്തെ സംബന്ധിച്ചിടത്തോളം ഒട്ടേറെ സഹനങ്ങൾക്ക്‌ കാരണമാകുന്നുണ്ട്.

അങ്ങിനെയെങ്കിൽ, എന്താണ് ദൈവാനുഗ്രഹം? ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തി എന്ന് പറയുമ്പോൾ, അതിലൂടെ ദൈവവചനം എന്താണ് വിവക്ഷിക്കുന്നത്? ദൈവാനുഗ്രഹത്തിലൂടെ മറിയത്തിന് ഒരേസമയം ലഭിച്ചത് സന്തോഷങ്ങളുടെ ഒരു കിരീടവും വേദനയുടെ ഒരു കുരിശുമാണ്. എന്നിരിക്കിലും മറിയത്തിന്റെ ആനന്ദത്തിനു ഒരു കോട്ടവും സംഭവിക്കുന്നില്ല, കാരണം അത് മറിയത്തിന് ലഭിക്കുന്നത് വിശ്വാസത്തിലൂടെയും പ്രത്യാശയിലൂടെയും ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന ബോധ്യത്തിലൂടെയുമാണ്. തന്റെ സുഖദുഖങ്ങൾ മാറ്റിവച്ച്, മാനവകുലത്തിന്റെ പരിത്രാണത്തിൽ പങ്കുചേരുക എന്ന വലിയ ഉത്തരവാദിത്തമാണ് ദൈവാനുഗ്രഹത്തിലൂടെ മറിയം തിരഞ്ഞെടുത്തത്. ഇങ്ങനെ തനിക്കു മാത്രമല്ല, തന്റെ ചുറ്റുമുള്ളവരിലേക്കും ആനന്ദം പകർന്ന് കൊടുക്കാൻ മറിയത്തിനായി.

പരിശുദ്ധാത്മാവിന്റെ നിറവിലൂടെ ലഭിക്കുന്ന ഈ സന്തോഷം അനുഭവിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ദൈവം ഇന്നും നമ്മെ വിളിക്കുന്നുണ്ട്. ലൗകീക ക്ലേശങ്ങൾക്ക്‌ ഒരിക്കലും എടുത്തുമാറ്റാനാവാത്ത ആനന്ദം നമ്മിലേക്കെത്തിക്കുന്ന ദൈവാത്മാവിന്റെ അഭിഷേകത്തിനായി ഹൃദയത്തെ തുറക്കാൻ നമ്മൾ താൽപര്യം കാട്ടാറുണ്ടോ? നാം ഓരോരുത്തർക്കും , ദൈവത്തെയും , ദൈവവചനത്തെയും പൂർണ്ണ ഹൃദയത്തോടെ വിശ്വസിച്ച്, ആൽമീയ ജീവിതത്തിൽ ഭാഗ്യവാനും, ഭാഗ്യവതിയും ആകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 😊ആമ്മേൻ

നിങ്ങൾ വിട്ടുപോയത്