നമ്മുടെ ദൈവം അൽഭുതം ചെയ്യുന്ന കർത്താവ് ആണ്. തിരുവചനത്തിൽ ഉടനീളം കർത്താവിന്റെ അൽഭുതങ്ങൾ കാണാൻ കഴിയും. നാം ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചല്ല കർത്താവ് അൽഭുതങ്ങൾ ചെയ്യുന്നത്. ദൈവ സ്നേഹത്തിനും, ദൈവവിശ്വാസത്തിനും, ദൈവ കൃപയ്ക്കും, ദൈവ പദ്ധതിയ്ക്കും, ദൈവമഹത്യത്തിനും അനുസരിച്ചാണ് ദൈവത്തിന്റെ അൽഭുതം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നത്. പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം ഇപ്രകാരം നമുക്ക് വാഗ്ദത്തം നൽകിയിട്ടുണ്ട്, മിക്കാ 7 : 15 ൽ പറയുന്നു, നീ ഈജിപ്തില്‍ നിന്നു പുറത്തുവന്ന നാളുകളിലെന്നപോലെ അദ്ഭുതകര മായ കാര്യങ്ങള്‍ ഞാന്‍ അവര്‍ക്കു കാണിച്ചു കൊടുക്കും. അതായത് ദൈവത്തിന്റെ അൽഭുതം അനാദികാലം മുതൽ ഇന്നും നടന്നു കൊണ്ടിരിക്കുന്നു.
പഴയ നിയമത്തിൽ, അബ്രഹാമിന്റെ ഭാര്യ പ്രായം ചെന്നവളായിരുന്നിട്ടും ഒരു കുഞ്ഞിന് ജന്മം നൽകുവാൻ അത്ഭുതവാനായ ദൈവം സഹായിച്ചതായി നാം വായിക്കുന്നു. ഇന്നും പല വ്യക്തികളും ദൈവം ജീവിതത്തിൽ അൽഭുതം ചെയ്യാത്തത് എന്തു കൊണ്ടാണ് ചോദിക്കുന്നു. അതിന് ഒരു ഉത്തരമേ ഉള്ളു, ദൈവത്തിന്റെ തക്ക സമയത്ത് അവിടുന്ന് അൽഭുതങ്ങൾ ചെയ്യും. പലപ്പോഴും ദൈവം നമ്മുടെ ജീവിതതത്തിൽ അൽഭുതങ്ങൾ താമസിപ്പിക്കുന്നത്, ദൈവത്തിന്റെ മഹത്വം ജീവിതത്തിൽ ഇറങ്ങുവാൻ വേണ്ടിയാണ്. ദൈവത്തിന്റെ മഹത്വം ജീവിതത്തിൽ ഇറങ്ങുമ്പോൾ മറ്റുള്ളവർ നമ്മുടെ ജീവിതത്തെ നോക്കി പറയും ഇത് ദൈവത്തിന്റെ പ്രവർത്തി തന്നെ എന്ന്. ദൈവത്തിന്റെ അൽഭുത പ്രവർത്തിക്കൾ കാണുമ്പോൾ, , ജനതകള്‍ അതുകണ്ട് തങ്ങളുടെ ശക്തിയെക്കുറിച്ചു ലജ്ജിക്കും. അവര്‍ വായ് പൊത്തും. അവർ കർത്താവിനെ വാഴ്ത്തും എന്ന് തിരുവചനം പറയുന്നു.
ഈ ലോകത്തിൽ മരണത്തിൽ നിന്നും, രോഗത്തിൽ നിന്നും, ആകുലതകളിൽ നിന്നും സൗഖ്യമാക്കാൻ യേശുക്രിസ്തുവിന് മാത്രമേ കഴിയുകയുള്ളു. നാം കഴിഞ്ഞ കാല ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ ‘ ദൈവത്തിന്റെ അൽഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ കാണുവാൻ കഴിയും. നമ്മുടെ ജീവിതത്തിൽ ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് നാം ഓരോരുത്തർക്കും കർത്താവിനോട് നന്ദി പറയുകയും, കർത്താവിനെ വാഴ്ത്തുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.