കർത്താവിന് അസാദ്ധ്യമായത് നമ്മുടെ ജീവിതത്തിൽ ഉണ്ടോ?. നമ്മുടെ കർത്താവ് ഭൂമി മുഴുവന്റെയും സൃഷ്ടി കർത്താവാണ്. നാം ഒരോരുത്തരുടെയും ജീവിതം പലവിധ പ്രതിസന്ധികളിലൂടെ പോകുന്നുണ്ടായിരിക്കാം. മനുഷ്യകരങ്ങളാൽ പലതും അസാധ്യങ്ങളാകാം. ചിലപ്പോൾ രോഗങ്ങളാകാം, സാമ്പത്തിക പ്രതിസന്ധിയാകാം, ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ ആകാം എന്നിങ്ങനെ പലവിധ അസാധ്യ കാര്യങ്ങൾ ഉണ്ടാകാം. എന്നാൽ നാം നോക്കേണ്ടത്, അസാധ്യമായ കാര്യങ്ങളെയല്ല നോക്കേണ്ടത്, നമ്മുടെ സൃഷ്ടികർത്താവായ ദൈവത്തിൽ ആണ് ആശ്രയിക്കേണ്ടത്.
നല്ല കാലങ്ങളിൽ ദൈവത്തെ മുറുകെപ്പിടിക്കാനും കഷ്ടകാലങ്ങളിൽ ദൈവമുണ്ടോ എന്ന് സംശയിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം നമ്മിലെ വിശ്വാസത്തിന്റെ അപര്യാപ്തത തന്നെയാണ്. “വിശ്വാസം ഇല്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം (ഹെബ്രായർ 11:6)വിശ്വസിക്കുന്നവന് എല്ലാം സാധിക്കും” എന്ന് പറയുന്ന ദൈവത്തിൽ നിന്ന് തന്നെയാണ് വിശ്വസിക്കാനുള്ള കൃപയും വരുന്നത്. നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുമെന്നു, വി യാക്കോബ് ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന അവസരങ്ങളിലെല്ലാം എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്ന് പ്രാർത്ഥിക്കാൻ നമുക്കാവണം.
നമ്മുടെ ദിനംപ്രതിയുള്ള ജീവിതത്തിൽ അനുഗ്രഹം പ്രാപിക്കത്തക്കവണ്ണം നമ്മുടെ എല്ലാ വഴികളെയും ദൈവമുൻപാകെ സമർപ്പിക്കാം. അപ്പോൾ നമ്മളുടെ പ്രശ്നങ്ങളും ഭാരങ്ങളും നമ്മളെ വിട്ട് അകന്നുപോകും. നമ്മുടെ കർത്താവിന് അസാദ്ധ്യമായത് ഒന്നുമില്ല. ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുന്നവനാണ് നമ്മുടെ ദൈവം. ദൈവത്തിൽ വിശ്വാസമർപ്പിക്കുമ്പോൾ കർത്താവ് സകല അനുഗ്രഹങ്ങളും നമ്മളുടെ മേൽ ചൊരിയും. സങ്കീർത്തനങ്ങൾ 23:6 ൽ പറയുന്നു പോലെ “നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും എന്ന വചനപ്രകാരം കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.