മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടതകളും എത്ര വലുതായാലും അതിലും വലുതാണ് അവ അനുഭവിക്കുന്ന മനുഷ്യരോട് ദൈവത്തിനുള്ള അനുകന്പ. ദൈവത്തിന്റെ കരുണ അതിന്റെ പൂർണ്ണതയിൽ നമ്മൾ കണ്ടെത്തുന്നത് എല്ലാക്കാര്യങ്ങളിലും പിതാവായ ദൈവത്തിനു സമനായിരുന്നിട്ടും, ദൈവമായിരുന്നിട്ടും, കേവലം ഒരു സ്രഷ്ടവസ്തുവായ മനുഷ്യന്റെ രൂപമെടുത്ത് ഭൂമിയിലേക്കു വന്ന യേശുക്രിസ്തുവിലാണ്. പാപത്തിന്റെ യാതൊരു കളങ്കവും ഇല്ലാതിരുന്ന ഈശോ, കൊടുംപാപികൾക്കുപോലും അപൂർവമായി ലഭിച്ചിരുന്ന കുരിശിനെ പുൽകിയപ്പോൾ അത് സ്നേഹത്തിന്റെ പുസ്തകത്തിൽ പുതിയൊരു അദ്ധ്യായമായി അതുവരെ മനുഷ്യനു അജ്ഞാതമായിരുന്ന അനുകമ്പാർദ്ര സ്നേഹം കളങ്കമില്ലാത്ത രക്തത്താൽ ലോകചരിത്രത്തിൽ എഴുതപ്പെട്ടു.
ക്ഷമ എന്നത് അർഹത ഇല്ലാത്ത വ്യക്തിക്ക്, അർഹത ഇല്ലാത്ത സമയത്ത് നൽകുന്ന സമ്മാനമാണ്. ഈ അർത്ഥത്തിൽ, നാമൊരു വ്യക്തിയോട് ക്ഷമിക്കേണ്ടത് അയാളുടെ യാതൊരു വിധ യോഗ്യതയുടെയും അടിസ്ഥാനത്തിലല്ല – തെറ്റു ചെയ്ത വ്യക്തിയുടെ ക്ഷമാപണമോ, പശ്ചാത്താപമോ, പരിഹാരപ്രവൃത്തിയോ ഒന്നുമല്ല നമ്മുടെ ക്ഷമയുടെ ആധാരം; അയാൾ നമുക്കെതിരെ തെറ്റുചെയ്തു എന്ന ഒരൊറ്റ വസ്തുത മാത്രമായിരിക്കണം അയാളോട് ക്ഷമിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം.
ശാരീരികമായും ആത്മീയമായും മനുഷ്യൻ അനുഭവിക്കുന്ന കഷ്ടതകൾ നിരവധി ആയതിനാൽ, ഇന്നത്തെ ലോകത്തിൽ കാരുണ്യപ്രവൃത്തികൾക്കുള്ള അവസരങ്ങളും നിരവധിയാണ്. ദൈവം നമ്മോടു കരുണ കാണിക്കുന്നതുപോലെതന്നെ നാം പരസ്പരം കരുണ ഉള്ളവരായിരിക്കണം എന്ന് ദൈവം തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. ദൈവത്തിന്റെ കരുണയിൽ ആശ്രയം തേടുന്ന എല്ലാവരും അവർക്കു ചുറ്റുമുള്ളവർ അനുഭവിക്കുന്ന വേദനയും ഇല്ലായ്മകളും തിരിച്ചറിഞ്ഞു നാം പരസ്പരം സഹായിക്കുക. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.