Fear God and keep his commandments, for this is the whole duty of man.”
‭‭(Ecclesiastes‬ ‭12‬:‭13‬) ✝️

അനുദിന ജീവിതത്തിൽ നമുക്ക് ഒട്ടേറെ പരിചിതമായ ഒരവസ്ഥയാണ് ഭയത്തിന്റെത്. നമ്മിൽ സാധാരണ രീതിയിൽ ഭയമുണ്ടാകുന്നത് നമ്മുടെ ജീവനോ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെയും, കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്ക് ഉണ്ടായേക്കാവുന്ന ഭീഷണികളെപ്പറ്റി ചിന്തിക്കുമ്പോഴാണ്. എന്നാൽ ഇത്തരത്തിലുള്ള ഭയത്തിൽ യാതൊരു കഴമ്പുമില്ലെന്നാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമ്മെ ഉദ്ബോധിപ്പിക്കുന്നത്‌. നമ്മെ ശാരീരികമായി ഹനിക്കുകയോ കൊല്ലുക പോലും ചെയ്യുന്നവരെ നമ്മൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് വചനം പഠിപ്പിക്കുന്നത്. കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?

ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മിലെല്ലാവരിലും ഉണ്ട്. ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം. ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാൻ കഴിവുള്ളവയെ അല്ല നമ്മൾ ഭയക്കേണ്ടത്, ദൈവഭയം ഉള്ളവർ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിൻ; അവിടുത്തെ ഭയപ്പെടുന്നവർക്ക്‌ ഒന്നിനും കുറവുണ്ടാകുകയില്ല (സങ്കീർത്തനം 34:9).

എന്താണ് ദൈവഭയം? തെറ്റുചെയ്താൽ ശിക്ഷിക്കാൻ ഒരുങ്ങിയിരിക്കുന്ന ഒരാളാണ് ദൈവം എന്ന അവബോധത്തിൽ നിന്നും ഉളവാകുന്ന പേടിയല്ല ദൈവഭയം. സ്നേഹത്തോടെ തന്നെ സൃഷ്ടിക്കുകയും, കരുണയോടെ പരിപാലിക്കുകയും, സദാ കാത്തുരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭക്ത്യാദരവാണ് ദൈവഭയം. ഈ ഭയം ഇല്ലാതാകുമ്പോഴാണ് നമ്മൾ ഭയക്കേണ്ടത് – ദൈവഭയം ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു വ്യക്തി പാപം ചെയ്ത് തന്റെ ആത്മാവിനെ തന്നെ നഷ്ടപ്പെടുത്തുന്നു. എന്നാൽ ദൈവഭയവും, ദൈവത്തിന്റെ വചനം ആകുന്ന കൽപന അനുസരിക്കുന്നതും നമ്മെ ആത്മീയ വളർച്ചയിലേക്കും, ജ്ഞാനത്തിലേയ്ക്കും, നിത്യജീവനിലേയ്ക്കും, ദൈവഹിതമനുസരിച്ചു തീരുമാനങ്ങളെടുക്കാനുള്ള കഴിവിലേക്കും നയിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്