
Be fruitful and multiply.
(Genesis 35:11)
ഉദരഫലം ഒരു സമ്മാനമാണ്. ദൈവം ദാനമായി നൽകുന്നതാണ് ജീവനും ജീവിതവും. ഓരോ കുടുംബത്തിലും പിറക്കേണ്ട കുഞ്ഞുങ്ങൾ പിറക്കുന്നതു തടഞ്ഞാൽ ലോകത്തിൽ അവരുടെ ഉയർച്ചയ്ക്കും വിജയത്തിനുമുള്ള വഴികൾ അടഞ്ഞുപോകും. നാം ആഗ്രഹിക്കുമ്പോഴല്ല, ദൈവം മക്കളെ തരുമ്പോഴാണ് നാം മക്കളെ സ്വീകരിക്കേണ്ടത്. ദൈവം ചോദിക്കുന്നു: ദൈവഭക്തിയുള്ള സന്താനങ്ങളെ അല്ലാതെ എന്താണ് ഞാൻ ആഗ്രഹിക്കുന്നത്?” (മലാ. 2:15). ദൈവത്തെയറിഞ്ഞ് ദൈവഹിതമനുസരിച്ച് ജീവിക്കുന്നതിന് മക്കളെ പ്രാപ്തരാക്കേണ്ടവരാണ് മാതാപിതാക്കൾ.

ഓരോ കുഞ്ഞും ഭൂമിയിലേക്ക് വരുന്നത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവാനുഗ്രഹവുമായിട്ടാണ്. ആത്മീയതലത്തിൽ, സാമ്പത്തികതലത്തിൽ എല്ലാം. കുഞ്ഞുങ്ങളെ നിരസിച്ചാൽ ഈ ദൈവാനുഗ്രഹം നഷ്ടപ്പെടും.

ഒരു കുട്ടികൂടി ഉണ്ടെങ്കിൽ അതിനെ വളർത്താനുള്ളത് ദൈവംതരും. കൂടുതൽ കുട്ടികളുണ്ടെങ്കിൽ അതനുസരിച്ചും. പ്രാർത്ഥനയിലും വിശുദ്ധിയിലും ആവണം മാതാപിതാക്കൾ മക്കൾക്ക് ജന്മം നല്കുവാൻ. ദൈവാശ്രയത്തിൽ വളർത്താനാണ് ഉദരഫലം ദൈവം സമ്മാനമായി നല്കുന്നത്. മക്കളില്ലാത്തവർ തങ്ങൾക്ക് വചന പ്രകാരം കിട്ടേണ്ട അവകാശമായിട്ട് വേണം മക്കളെ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ

മാതാപിതാക്കളുടെ ഇഷ്ടത്തിനല്ല മക്കളെ വളർത്തേണ്ടത് മറിച്ച് ദൈവഹിതമനുസരിച്ചാണ്. ബൈബിളിലൂടെ ചരിത്രം നമ്മൾ നോക്കുമ്പോൾ മക്കൾക്കായി ആഗ്രഹിച്ച് പ്രാർത്ഥനയോടെയുളള കാത്തിരുപ്പുകൾ കാണാം. മുലപ്പാലിനൊപ്പം ദൈവത്തെയും ദൈവീക കല്പനകളും പകർന്ന് നല്കുന്ന അമ്മമാരെക്കാണാം. ആഹാരത്തൊടൊപ്പം ദൈവം ചെയ്ത വലിയ കാര്യങ്ങൾ പകർന്ന് നല്കുന്ന പിതാക്കന്മാരെക്കാണാം. ദൈവത്തെ അറിയാൻ മക്കളെ പ്രാപ്തരാക്കുന്നവരാവണം മാതാപിതാക്കൾ. ദൈവഭക്തിയുള്ള ധാരാളം സന്താനങ്ങളെ നല്കി ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.













