പരിശുദ്ധനായ ദൈവം നമ്മെ വിളിക്കുന്നത് അവനെപ്പോലെയാകാനാണ്. ആ വിളിക്ക് ഉത്തരം നല്കാൻ ആഗ്രഹമില്ലേ? വി പത്രോസ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് ഇതാണ്. നിങ്ങളെ വിളിച്ചവൻ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ. (1 പത്രോസ് 1:15-16) തിന്മയിൽനിന്നും നമ്മെ സംരക്ഷിക്കാൻ കഴിയുന്ന ഏക സംരക്ഷകനായി ദൈവത്തിൽ ആശ്രയിക്കുക. പരിശുദ്ധാൽമാവിനാലും, ദൈവവചനത്തിന്റെ ശക്തിയാലും അവിടുന്ന് നമ്മെ വീഴാതെ താങ്ങിക്കൊള്ളും.

ഹൃദയത്തിന്റെ എല്ലാ നിറവോടുംകൂടെ മറ്റൊരു വസ്തുവിനോ വ്യക്തിക്കോ സ്ഥാനം നൽകാത്ത തരത്തിൽ ശക്തമായി ഹൃദയത്തിൽ ദൈവത്തെ അന്വേഷിക്കുക. അതോടൊപ്പം ജ്ഞാനത്തിനായും ശക്തിക്കായും എളിമയ്ക്കായും നിലവിളിച്ചു പ്രാർത്ഥിക്കുക. നിങ്ങളുടെ എല്ലാ പ്രവൃത്തികളും ദൈവം കാണുന്നുണ്ടെന്നത് പ്രത്യേകം ഓര്‍ക്കണം. ദൈവം എല്ലാം കാണുന്നു എന്ന ചിന്ത എല്ലാ കാര്യങ്ങളും മനസ്സാക്ഷി അനുസരിച്ച് ചെയ്യുവാന്‍ സഹായകമാണ്. അതുപോലെ ദൈവത്തിന് പ്രീതികരമായ ഒരു ജീവിതം നയിക്കാന്‍ ഈ അവബോധം നമ്മെ സഹായിക്കും.

വിശുദ്ധിയിലേക്കുള്ള ആദ്യത്തെ വഴി ദൈവവചനത്തെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ്. ദൈവവചനം ഒരു രഹസ്യ ആയുധമായി എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാൻ തക്ക രീതിയിൽ ഹൃദയത്തിൽ സൂക്ഷിക്കുക. എല്ലാ തിന്മയുടെ ആക്രമണങ്ങളെയും നൊടിയിടയിൽ നിർവീര്യമാക്കാൻ ദൈവവചനം സഹായിക്കും. നമ്മുടെ ജീവിതമെപ്പോഴും ഈ ലോകത്തിന്റെ സുഖങ്ങളോട് ഒട്ടിച്ചേർന്നിരിക്കുന്നതിനാൽ പല ആഗ്രഹങ്ങളും സുഖങ്ങളും നമ്മെ യേശുവിൽ നിന്നും പിന്നോട്ടു വലിക്കുകയും മാറിനടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ആയതിനാൽ പരിശുദ്ധാൽ മാവിന്റെ അഭിഷേകത്താൽ ജീവിതത്തെ ക്രമപ്പെടുത്തുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.








