മുസ്ളീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ജില്ലാ കേന്ദ്രങ്ങളിൽ മത സൗഹാർദ പര്യടനവും പാർട്ടി കൺവെൻഷനുകളും നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഫാസിസത്തിനും മത നിരാസത്തിനും ഹിംസാത്മക പ്രതിരോധ പ്രസ്ഥാനങ്ങൾക്കുമെതിരേ, മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗിന്റെ യുവ ജാഗ്രതാ റാലിയും നടന്നുകൊണ്ടിരിക്കുന്നു. ഒപ്പം, മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് തങ്ങളുടെ പര്യടനത്തോടനുബന്ധിച്ചു പ്രാദേശിക തലത്തിൽ വിവിധ മത സമുദായ സാംസ്കാരിക നേതാക്കളെയും പ്രവർത്തകരെയും ഒരുമിച്ചു ചേർക്കുന്ന സൗഹൃദ കൂട്ടായ്മകളും സംഘടിപ്പിച്ചു വരികയാണ്.
സംസ്ഥാന രാഷ്ട്രീയം അങ്ങേയറ്റം വർഗീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവും, അതിലേറെ, ഇന്ന് സംസ്ഥാനത്തു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം ഉയർത്തുന്ന വെല്ലുവിളികൾ കേരള സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടതാണ് എന്ന ബോധ്യവുമാണ് ഇത്തരം ഒരു സംരംഭത്തിനു ലീഗ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത് എന്നാണ് അവരുടെ വാക്കുകളിൽനിന്നു വ്യക്തമാകുന്നത്. കേന്ദ്രത്തിൽ ഭരണം കയ്യാളുന്ന ബി. ജെ. പി.യും പരിവാർ സംഘടനകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ, പ്രത്യേകിച്ചു മുഖ്യ ന്യൂനപക്ഷമായ മുസ്ലീങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ഫാസിസ്റ്റു പേടി, ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയമായി പരിശോധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യവും ലീഗിനുണ്ട് എന്നു നേതാക്കളുടെ പ്രസംഗങ്ങൾ വ്യക്തമാക്കുന്നു.
കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് നിലനിർത്തിപ്പോന്ന മതേതര ജനാധിപത്യ നിലപാട് ആവർത്തിച്ചുറപ്പിക്കുന്നതിനും, ലീഗിനു മുസ്ലിം സമുദായത്തിലുള്ള രാഷ്ട്രീയമായ പ്രാമുഖ്യം വീണ്ടെടുക്കുന്നതിനും, ഹിംസാത്മക പ്രതിരോധ പ്രസ്ഥാനങ്ങൾ എന്നപേരിൽ തീവ്ര മത-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപം കൊടുത്തിട്ടുള്ള സംഘടനകൾ ഉയർത്തുന്ന വെല്ലുവിളികളെ തുറന്നു കാട്ടുന്നതിനും അവയെ ജനാധിപത്യപരമായി നേരിടുന്നതിനും, രാഷ്ട്രീയ തലത്തിലും സാമുദായിക തലത്തിലും ആവശ്യമായ പ്രതിരോധം തീർക്കുന്നതിനുംകൂടി പ്രസ്തുത സമ്മേളനങ്ങളും കൂടിക്കാഴ്ചകളും റാലിയും ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇക്കാര്യങ്ങൾ വ്യമ്ഗ്യമായി സൂചിപ്പിക്കുന്നതിനു പകരം ജില്ലാതല രാഷ്ട്രീയ സമ്മേളനങ്ങളിൽ കുറേക്കൂടി ശക്തമായി ഉന്നയിക്കാൻ ലീഗ് നേതൃത്വം തയ്യാറാകുമെങ്കിൽ, ലീഗിന്റെ ഈ ചുവടുവയ്പ്പ്, കേരളത്തിനാകെ പ്രതീക്ഷനൽകുന്നതായിരിക്കും.
തകരുന്ന സാമൂഹിക സൗഹൃദ അന്തരീക്ഷം
കേരള സമൂഹത്തിൽ മത സാമുദായിക സൗഹൃദം ഊട്ടി വളർത്തുന്നതിൽ ഇതര മത സമുദായ നേതൃത്വങ്ങൾക്കൊപ്പം പാണക്കാട് തങ്ങൾ കുടുംബവും മുസ്ലിം ലീഗ് നേതൃത്വവും പുലർത്തിപ്പോന്നിട്ടുള്ള ശ്രദ്ധയും ജാഗ്രതയും അനുസ്മരിപ്പിക്കുന്ന പ്രസംഗങ്ങളാണ് സമ്മേളനങ്ങളിൽ നടന്നു വരുന്നത് എന്നാണ് ഓൺലൈനിൽ വീക്ഷിച്ച ചില ജില്ലാതല സമ്മേളനങ്ങളിൽനിന്നു വ്യക്തമാകുന്നത്. കേരളം നെഞ്ചോടുചേർത്തു വയ്ക്കുന്ന സാമുദായിക സൗഹാർദ്ദവും പരസ്പര ബഹുമാനവും സമുദായങ്ങൾ തമ്മിലുള്ള സഹകരണവും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കും ലോകത്തിനു തന്നെയും മാതൃകയായിരുന്നു. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്നതിൽ, കേരളത്തിന്റെ ഭൂപ്രകൃതിയെക്കാൾ, ഇവിടെ നിലനിന്നുപോന്നിട്ടുള്ള സമാധാന അന്തരീക്ഷവും പരസ്പര സഹകരണത്തിൽ അധിഷ്ഠിതമായ സാമൂഹ്യ ജീവിതവുമാണ് മുഖ്യ പങ്കു വഹിച്ചിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, കേരളത്തിന് അഭിമാനമായിരുന്ന ഈ സാമൂഹ്യ സാഹചര്യങ്ങൾക്കു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അന്ധമായ വോട്ടുബാങ്ക് രാഷ്ട്രീയം സമൂഹത്തിന്റെ നന്മകൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നില്ലേ എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ആത്മശോധന നടത്തേണ്ടിയിരിക്കുന്നു.
പ്രസക്തമായ ചുവടുവയ്പ്പ്
മുസ്ളീം ലീഗ് നേതൃത്വത്തിന്റെ സൗഹൃദ സന്ദർശനങ്ങളും രാഷ്ട്രീയ സമ്മേളനങ്ങളും എന്തുകൊണ്ട് പ്രസക്തമാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം, കേരളം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ ഒരു പ്രശ്നം തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ്. പ്രതിരോധ പ്രസ്ഥാനങ്ങൾ എന്നപേരിൽ സംസ്ഥാനത്തു രൂപീകരിക്കപ്പെട്ടിട്ടുള്ള ചില തീവ്ര മത സംഘടനകൾ ഹിംസാത്മകതയെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒഴിച്ചുകൂടാൻ കഴിയാത്ത മതപരമായ കടമയായി, ഹിംസാത്മക പ്രതിരോധത്തെ പൊളിറ്റിക്കൽ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രം ജീവിക്കാൻ ശ്രമിക്കുന്ന ഒരുപറ്റം മുസ്ലീങ്ങൾ, ഉയർത്തിക്കാട്ടുന്നു. ഇസ്ലാമിക ഉമ്മത്തിന്റെ സംരക്ഷകരും വിശ്വാസ സംരക്ഷണത്തിനുവേണ്ടി പോരാടാൻ സന്നദ്ധരുമായ ഇക്കൂട്ടരിലാണ് ഇസ്ലാമിന്റെയും മുസ്ലീങ്ങളുടെയും നാടിന്റെതന്നെയും സുരക്ഷയും ഭാവി സുസ്ഥിതിയുമെന്നു കേരളത്തിലെ മുസ്ളീം സമുദായത്തെ ബോധ്യപ്പെടുത്താനുള്ള പരിശ്രമത്തിലും പോരാട്ടത്തിലുമാണ് അവർ. മുസ്ലിം സമുദായത്തിന്റെ സംരക്ഷണം തങ്ങളിലൂടെയേ സാധ്യമാകൂ എന്ന അവരുടെ പ്രചാരണങ്ങളിലേക്കു സമുദായം വീണുപോകുക എന്ന അത്യന്തം ഗുരുതരമായ അവസ്ഥ നിലനിൽക്കുന്നു. ഇത് മുസ്ലിം ലീഗുപോലുള്ള സാമ്പ്രദായിക രാഷ്ട്രീയ സംഘടനകളുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. അടുത്തകാലത്തായി ഇത്തരം റാഡിക്കൽ പ്രസ്ഥാനങ്ങൾ അവരുടെ മുഖംമൂടികൾ മാറ്റിവച്ച്, തനി സ്വഭാവത്തിൽ പുറത്തു വന്നുകൊണ്ടിരിക്കുകയുമാണ്.
ചാരിറ്റിയും, രാഷ്ട്രീയവും, മനുഷ്യാവകാശ-പരിസ്ഥിതി സംരക്ഷണ പരിപാടികളും മുതൽ സായുധ പോരാട്ടംവരെ ഒരേകുടക്കീഴിൽ ഏകോപിപ്പിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ ക്ലാസ്സിക്കൽ മാതൃകകളായ മുസ്ലിം ബ്രദർഹുഡും, ഹമാസും, അൽക്വായ്ദയും താലിബാനും പോലുള്ള സംഘടനകൾ കേരളത്തിന്റെ മണ്ണിലും ശക്തിയാർജ്ജിച്ചുകഴിഞ്ഞു. ഇതിനുനേരെ കണ്ണടച്ച് കേരളത്തിന് ഇനി മുന്നോട്ടുപോകാനാവില്ല. മുസ്ളീം സമുദായത്തിനുള്ളിലെ വ്യത്യസ്തമായ നിലപാടുകളെയും കാണാതിരുന്നുകൂടാ. ഹിംസാത്മക പ്രസ്ഥാനങ്ങളിൽ കേരളത്തിലെ മുസ്ളീം ഭൂരിപക്ഷം വിശ്വസിക്കുന്നില്ല എന്ന നിലപാട് വ്യക്തമാക്കുന്നതാണ് ചന്ദ്രിക ദിനപത്രത്തിൽ 28 മെയ്, 2022 ൽ മുസ്തഫ വാക്കാലൂർ എഴുതിയ ലേഖനം. തീവ്ര മത നിലപാടുകളെയും, പൊളിറ്റിക്കൽ ഇസ്ലാമിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെയും പരോക്ഷമായെങ്കിലും തള്ളിക്കളയുന്നതായിരുന്നു ആ ലേഖനം. മുസ്ളീം സമുദായത്തിനുള്ളിൽനിന്നു വരുന്ന ഇത്തരം പ്രതിരോധ ശബ്ദങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
പ്രസക്തമാകുന്ന തിരിച്ചറിവുകൾ
ആലപ്പുഴയിൽ ഉയർന്ന കൊലവിളി മുദ്രാവാക്യം അവിചാരിതമായ ഒരു സംഭവമായി കണാൻ കേരളത്തിനാവുമോ? മത തീവ്രവാദത്തിന്റെ പിടിയിൽ അകപ്പെട്ട ഒരു ഭൂപ്രദേശവും സമാധാനം അനുഭവിച്ച ചരിത്രം ഇന്നോളം ഉണ്ടായിട്ടില്ല എന്ന തിരിച്ചറിവ് നമ്മുടെ ഇടതു വലതു രഷ്ട്രീയ നേതൃത്വത്വങ്ങൾക്കും ഉണ്ടാകേണ്ടതല്ലേ? ഇത്തരം ഒരു തിരിച്ചറിവ് മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ടായിരിക്കുന്നു എന്നതും അവർ തീവ്ര സ്വഭാവമുള്ള ഹിംസാത്മക പ്രതിരോധ പ്രസ്ഥാനങ്ങളെ തള്ളിപ്പറയാൻ തയ്യാറായിരിക്കുന്നു എന്നതും കേരളത്തിലെ ഇതര രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. കേരളം മറ്റൊരു കാശ്മീരായി മാറരുത് എന്നു ചിന്തിക്കുന്ന എല്ലാവരും ധാർമ്മികമായി ഇക്കാര്യത്തിൽ മുസ്ലിം ലീഗിനൊപ്പമാണ്.
ആർ. എസ്. എസ്. എന്ന വില്ലൻ
ഇന്ത്യയിൽ ആർ. എസ്. എസ്സിനെ നേരിടുന്നതിന് ന്യൂനപക്ഷങ്ങളുടെ ചെറുത്തുനിൽപ്പ് അനിവാര്യമാണ് എന്ന യുക്തിയാണ് ഹിംസാത്മക പ്രതിരോധത്തിന് ഒരു വിഭാഗം മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്നത് എന്നാണ് അവരുടെ പ്രസംഗങ്ങളിൽനിന്നും മുദ്രാവാക്യങ്ങളിൽനിന്നും മനസ്സിലാകുന്നത്. ഇതിനെ അനുകൂലിക്കുന്ന ബുദ്ധിജീവിപരിവേഷമുള്ളവരും സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടികളും കേരളത്തിലുണ്ട്. അത്തരം നിലപാടു സ്വീകരിക്കുന്നതിനുള്ള അവകാശം തീർച്ചയായും അവർക്കുണ്ട്.
ഒരു നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ആർ. എസ്. എസ്. മുന്നോട്ടുവയ്ക്കുന്ന തീവ്ര ദേശീയതയുടെയും ഹിന്ദു സ്വത്വ രാഷ്ട്രീയത്തിന്റെയും അപകടം കേരളത്തെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. എന്നാൽ, ആഗോളതലത്തിൽ ഭീകരത പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ പ്രവർത്തനങ്ങളോട് ആർ. എസ്. എസ്സിനെ ഉപമിക്കാമോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. താലിബാൻ അഫ്ഘാനിസ്ഥാൻ ഭരിക്കുന്നതുപോലെയാണ് ആർ. എസ്. എസ്. നേതൃത്വം നൽകുന്ന ബി. ജെ. പി ഇന്ത്യ ഭരിക്കുന്നത് എന്ന് ആരെങ്കിലും പറയുമോ? ബി. ജെ. പിയുടെ ഭരണം ഇന്ത്യയുടെ ഭരണഘടനയ്ക്കും നിയമ വ്യവസ്ഥക്കും വിരുദ്ധമാണോ? ഇന്ത്യയിലെ ജനങ്ങളല്ലേ ബി. ജെ. പിയെ അധികാരത്തിലേറ്റിയിരിക്കുന്നത്? നിലപാടുകളിൽ അപഭ്രംശങ്ങൾ ഉണ്ടാകുന്നില്ല എന്നല്ല എങ്കിലും, ആർ. എസ്. എസ്. ഉയർത്തുന്ന വെല്ലുവിളിയെ നേരിടേണ്ടത്, ഹിംസാത്മക മാർഗങ്ങളിലൂടെയല്ല, ജനാധിപത്യ മാർഗങ്ങളിലൂടെയാണ്. പ്രത്യയശാസ്ത്രപരമായി അവരുടെ നയ പരിപാടികളെ ചോദ്യംചെയ്തുകൊണ്ടാണ്. അതാണ് ഇന്ത്യൻ ജനാധിപത്യം തുറന്നു വയ്ക്കുന്ന വഴി.
കേരള രാഷ്ട്രീയ സാഹചര്യം ഉയർത്തുന്ന പ്രതിസന്ധി
സമൂഹത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്ന രാഷ്ട്രീയ നിലപാടുകളെ തള്ളിപ്പറയാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകേണ്ടതാണ്. ഇക്കാര്യത്തിലാണ് കേരളത്തിലെ മുസ്ളീം ലീഗ് നേതൃത്വം എടുത്തിട്ടുള്ള രാഷ്ട്രീയ നിലപാട് പ്രശംസനീയമാകുന്നത്. തീവ്ര നിലപാടുകളെ മൂടിവച്ചു രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പതിവു രീതികളിൽനിന്നു വ്യത്യസ്തമായി, മുസ്ളീം ലീഗ്, ഹിംസാത്മക പ്രതിരോധം തീർക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തള്ളിപ്പറയാൻ തയ്യാറായിരിക്കുന്നു. ഇക്കാര്യം കുറേക്കൂടി വ്യക്തമായും ശക്തമായും പറയാനുള്ള ആത്മവിശ്വാസം അവർ നേടുകയാണ് ആവശ്യം. അതിനുള്ള പിന്തുണ കേരളത്തിന്റെ പൊതു സമൂഹം അവർക്കു നല്കുകയാണ് വേണ്ടത്.
സമ്മേളനങ്ങൾ പുകമറയാകരുത്
ഇവിടെ , ഒരു കാര്യംകൂടി പറയാതെ വയ്യാ: ‘കമ്യൂണിസം ഉൾപ്പെടെയുള്ള മനുഷ്യ നിർമ്മിത പ്രത്യയശാസ്ത്രങ്ങൾ പരാജയപ്പെട്ടിടത്ത്, ദൈവദത്തമായ ഇസ്ലാമിക പ്രത്യയശാസ്ത്രം ഇന്ന് ലോകം മുഴുവൻ ആധിപത്യം നേടിക്കൊണ്ടിരിക്കയാണ്’ എന്നും മറ്റും, പരിണതപ്രജ്ഞനായ ശ്രി. ഇ. ടി. മുഹമ്മദ് ബഷീറിനെപ്പോലുള്ളവർപോലും പാണക്കാട് തങ്ങൾ നയിക്കുന്ന സൗഹൃദ സദസ്സുകളിലും പാർട്ടി സമ്മേളനങ്ങളിലും പ്രസംഗിക്കുന്നത്, ലീഗ് മുന്നോട്ടു വച്ചിട്ടുള്ള മതേതര ജനാധിപത്യ നിലപാടുകളെ അപ്പാടെ ബലികൊടുക്കുന്നതാണ്. ഇത്തരം മതപരമായ നിലപാടുകളെ നമ്മുടെ പൊളിറ്റിക്കൽ ഡിസ്കോഴ്സിൽനിന്ന് മാറ്റിനിർത്തുന്നതിനെയാണല്ലോ നമ്മൾ മതേതരത്വം എന്നു വിളിക്കുന്നത്.
മുസ്ളീം ലീഗിന് അതിന്റെ നിലപാടിൽ വ്യക്തതയും ആത്മാർഥതയും ഉണ്ടാകണം. ഇതര സമുദായങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഇസ്ലാമിക് റാഡിക്കലൈസേഷനെ പ്രത്യയശാസ്ത്രപരമായി ഉള്ളിൽനിന്നു നേരിടാൻ മുസ്ളീം സമുദായത്തെ ശക്തിപ്പെടുത്തുക എന്നതും. അതിനുള്ള ശക്തമായ ശ്രമങ്ങളും ലീഗിന്റെയും സമുദായ നേതൃത്വത്തിന്റെയും മത പണ്ഡിതരുടെയും ഭാഗത്തുനിന്നും ഉണ്ടാകും എന്നു കരുതുന്നു. തീവ്ര നിലപാടുകൾക്കു തഴച്ചു വളരാനുള്ള ഒരു അന്തരീക്ഷം അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കുകയാകരുത് ഇത്തരം നല്ല സംരംഭങ്ങളുടെ പരിണിത ഫലം. ലീഗിന്റെ പരിശ്രമങ്ങൾ സമൂഹത്തിൽ നന്മ വളർത്തുന്നതാകട്ടെ!
ഫാ. വർഗീസ് വള്ളിക്കാട്ട്