യേശു പല അവസരങ്ങളിലായി ആവർത്തിച്ചു നൽകുന്ന ഒരു സന്ദേശമാണ് ഈ ലോകത്തിൽ പൂർണ്ണ ഹൃദയത്തോടെ ദൈവഹിതം അനുവർത്തിക്കുക എന്നുള്ളത്. യേശു പറയുന്നത് ലോക മോഹങ്ങളിൽപ്പെടാതെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഹിതത്തിനും ഉപരിയായി നാമൊന്നിനെയും സ്നേഹിക്കരുത് എന്നാണ്. ഇതനുസരിച്ച് ജീവിക്കുമ്പോൾ ത്യജിക്കേണ്ടിവരുന്ന ലൗകീകസുഖങ്ങളെ ഒരിക്കലും ഒരു നഷ്ടമായി കണക്കാക്കരുത്. നമ്മെ ബുദ്ധിമുട്ടിപ്പിക്കുകയോ അനാവശ്യമായി വേദനിപ്പിക്കുകയോ ഒന്നുമല്ല ദൈവഹിതത്തിലൂടെ കാരുണ്യവാനായ ദൈവം ലക്ഷ്യമിടുന്നത്. നമ്മുടെ പരമോന്നതമായ നന്മയും സന്തോഷവും സമാധാനവുമാണ് ദൈവീക പ്രവർത്തികളുടെയെല്ലാം ആത്യന്തികലക്ഷ്യം.
സ്വന്തം ഇഷ്ടങ്ങൾക്കുപരിയായി ദൈവേഷ്ടം നിറവേറ്റാൻ സന്നദ്ധത കാട്ടുമ്പോഴാണ് നമ്മൾ യേശുവിന്റെ അനുയായികളാകുന്നത്. തന്റെ എകജാതന്റെ ശുശ്രൂഷകരായി അവിടുത്തെ അനുഗമിക്കുന്നവരെ പിതാവായ ദൈവം ബഹുമാനിക്കും എന്നാണു യേശു വാഗ്ദാനം നൽകുന്നത്. അവിടുത്തെ ബഹുമാനത്തിനു പാത്രമാകുന്നവരുടെ മുൻപിൽ നടന്ന് എല്ലാം ക്രമീകരിക്കുന്നവനാണ് ദൈവം. അവിടുന്ന് അവരുടെ പിന്നിൽ സഞ്ചരിച്ച് എല്ലാ ആപത്തുകളിൽനിന്നും സംരക്ഷിക്കുന്നു. അവരുടെ മുകളിൽ സഞ്ചരിച്ച് അവരെ സദാ അനുഗ്രഹിക്കുകയും ചെയ്യുന്നു.
ദൈവസന്നിധിയിൽ പ്രത്യേകസ്ഥാനമുണ്ടായിരുന്ന അബ്രാഹത്തെയും മോശയേയും ദാവീദിനെയുമൊക്കെ ദൈവം എങ്ങിനെ ബഹുമാനിച്ച് ജനമദ്ധ്യത്തിൽ ഉയർത്തിയെന്നു പഴയനിയമ പുസ്തകങ്ങൾ വ്യക്തമായി വിവരിക്കുന്നുണ്ട്. അവരെല്ലാവരും മറ്റെന്തിലുമുപരിയായി ദൈവഹിതം അനുവർത്തിക്കുവാൻ താല്പര്യം കാണിച്ചവരായിരുന്നു. ഒരു സ്നേഹിതനോടെന്നതു പോലെ കർത്താവ് മുഖാഭിമുഖം സംസാരിച്ചിരുന്ന മോശയുടെ പ്രാർത്ഥനയിൽനിന്നു തന്നെ ഇത് വ്യക്തമാണ്. “അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ അങ്ങയുടെ വഴികൾ എനിക്കു കാണിച്ചുതരുക. (പുറപ്പാട് 33:13). നാം ഓരോരുത്തർക്കും ദൈവഹിതമനുസരിച്ചു യേശുവിന്റെ ദാസൻമാരാകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ