സി പി എമ്മിനു കോൺഗ്രസിനോടുള്ള രാഷ്ട്രീയ നിലപാടായിരിക്കണം കോൺഗ്രസ്സിനോട് കത്തോലിക്കാ സഭക്കും ഉണ്ടായിരിക്കേണ്ടത് എന്നു സി പി എമ്മിന് ആഗ്രഹിക്കാം, പക്ഷേ അങ്ങനെ പ്രതീക്ഷിക്കരുത്.
കോൺഗ്രസ്സിനു സി പി എമ്മിനോടുള്ള രാഷ്ട്രീയ നിലപാടുതന്നെയാവണം സി പി എമ്മിനോട് ക്രിസ്ത്യാനികൾക്ക് മുഴുവൻ ഉണ്ടാവേണ്ടത് എന്നു കോൺഗ്രസുകാർ ആഗ്രഹിക്കുന്നതും ഇതിനു തുല്യമാണ്.
നിലവിലുള്ള ധാരണകൾ തിരുത്തുന്ന തെരഞ്ഞെടുപ്പു ഫലങ്ങളാണ് കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ ഉണ്ടായത്. ക്രൈസ്തവ സമൂഹം മുമ്പത്തെക്കാൾ കൂടുതലായി ഇടതുമുന്നണിയോട് അടുപ്പം കാട്ടി. ഇടതുമുന്നണി അവരുടെ പല നയപരിപാടികളിലും ക്രൈസ്തവ സമൂഹത്തെ അനുഭാവപൂർവം പരിഗണിച്ചു എന്നതാണ് അതിനു കാരണം. നാട്ടിലുണ്ടായ ചില ദുരിതങ്ങളിൽ ഇടതു ഭരണകൂടം ഫലപ്രദമായ രീതിയിൽ പ്രവർത്തിച്ചു എന്നതും കാരണമായിരുന്നു. ഒപ്പം, കേരളത്തിൽ പ്രാദേശികമായി ശക്തിപ്പെട്ടുകൊണ്ടിരുന്ന ചില തെറ്റായ പ്രവണതകളെ ‘പരസ്യമായി’ തള്ളിപ്പറയാൻ ഇടതുപക്ഷം തയ്യാറായി എന്നതും, അത്തരം കാര്യങ്ങളിൽ ഏറെ അസ്വസ്ഥരായിരുന്ന ക്രൈസ്തവ സമൂഹത്തിന് ആശ്വാസകരമായിരുന്നു.
ഒരു ഭരണകൂടത്തോടും അകാരണമായി എതിർത്തുനിൽക്കുക എന്നതു ക്രൈസ്തവ ശൈലിയല്ല. കമ്യൂണിസ്റ്റു സർക്കാരുകൾ ക്രൈസ്തവ സമൂഹത്തെയും സമുദായത്തെയും വിശ്വാസത്തെയും ആക്രമണോത്സുകതയോടെ നേരിട്ട ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റു സർക്കാരുകൾ ക്രൈസ്തവർക്കുനേരെ പുലർത്തിപ്പോന്ന സമീപനത്തിന്റെ ഭാഗംതന്നെയായിരുന്നു അത്. അന്ന് അതിനെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങൾ സഭയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമുണ്ട്. എന്നാൽ, എക്കാലവും അങ്ങിനെയായിരിക്കണമെന്നല്ല, അതിനു മാറ്റമുണ്ടാകണം എന്നതാണ് സഭയുടെ എക്കാലത്തേയും സമീപനം.
കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ ശക്തിപ്രാപിച്ചുവന്ന ‘ഹിന്ദുത്വ’ പ്രത്യയശാസ്ത്രവും ചില സാഹചര്യങ്ങളിൽ സമാന സ്വഭാവം പ്രകടമാക്കി. ചിലപ്പോഴെല്ലാം അത് ആക്രമണോത്സുകമായി കാണപ്പെട്ടു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഭരണതലത്തിൽ കൊണ്ടുവന്ന ബി ജെ പി യുമായും, കേന്ദ്ര സർക്കാരുമായും, പല സംസ്ഥാനങ്ങളിലെയും ബി ജെ പി സർക്കാരുകളുമായും, സഭക്കു പ്രാദേശികവും ദേശീയവുമായ തലങ്ങളിൽ ഇടപെടേണ്ടിയിരുന്നു. ഇപ്പോഴും പല തലങ്ങളിൽ, വിവിധ വിഷയങ്ങളും പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു സംഭാഷണങ്ങളും ആശയ വിനിമയവും നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. വിവിധ പ്രദേശങ്ങളിൽ രാഷ്ട്രീയവും പ്രദേശികവുമായ കാരണങ്ങളാൽ ക്രൈസ്തവർ ആക്രമിക്കപ്പെടുകയും, സംഘർഷഭരിതമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. ഇത്തരം വിഷയങ്ങളെ സാമാന്യവൽക്കരിച്ചു കാണുമ്പോൾ, അത് ബി ജെ പി യുടെയോ ആർ എസ് എസ്സിന്റെയോ ക്രിസ്ത്യാനികളോടുള്ള ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമായിട്ടാണ് മനസ്സിലാക്കാറുള്ളത്.
ഇതിനു പരിഹാരമുണ്ടാവുക എന്നതാണ് പ്രധാനം. പരിഹാരമുണ്ടാകേണ്ടത് കേന്ദ്ര സർക്കാരിന്റെയും അതാതു സംസ്ഥാന സർക്കാരുകളുടെയും നീതിപീഠത്തിന്റെയും ഭാഗത്തുനിന്നുള്ള ഇടപെടലും സഹകരണവും വഴിയാണ്. സങ്കീർണ്ണമായ ഇത്തരം ഒരു സാഹചര്യത്തെ രാഷ്ട്രീയമായി സമീപിക്കുന്നതിനേക്കാൾ നിയമപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ സമീപിക്കുക എന്നതാണ് വിവേകം.
ബി ജെ പി യെ രാഷ്ട്രീയ ശത്രുവായി ഇന്ത്യയിലെ ക്രിസ്ത്യാനികൾ കാണണം എന്നത് ക്രിസ്ത്യാനികളുടെ താല്പര്യമല്ല, ഇതര രാഷ്ട്രീയ പാർട്ടികളുടെ ആഗ്രഹമാണ്. അതിനു കാരണം അവർ ബി ജെ പി യെ ഇന്ത്യയിലെ അതിശക്തമായ രാഷ്ട്രീയ പ്രതിയോഗിയായി കാണുന്നു എന്നതാണ്. സാമുദായികമായി ഒരു പരിധിവരെ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ ആ രീതിയിൽ ചിന്തിപ്പിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ വിജയിച്ചിട്ടുമുണ്ട്.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും വർഗീയതക്കെതിരെ സംസാരിക്കുകയും, മുഴുവർ രാഷ്ട്രീയ ശക്തിയും, സമൂഹത്തെ സാമുദായികമായും മതപരമായും വിഭജിക്കുന്നതിൽ കൗശലംപൂർവം വിനിയോഗിക്കുകയുമാണ് . ആരും ഇപ്പോൾ പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയം പറയുന്നതായി കാണുന്നില്ല. എല്ലാവരും ‘മതേതരത്വ’ത്തിനുവേണ്ടി സംസാരിക്കുകയും, സമൂഹത്തെ സാമുദായികമായും മതപരമായും ‘കൈകാര്യം ചെയ്തു’ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയുമാണ്.
കേരളം ഇടതും വലതും മാറി മാറി ഭരിക്കുക എന്ന രീതിയുള്ളതുകൊണ്ടും, ഏതു മാറ്റത്തെയും എതിർത്തു തോൽപ്പിക്കുക എന്ന മാർക്സിസ്റ്റു രീതി കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ശക്തമായതിനാലും, ഇടതു വലതു സഖ്യങ്ങളുടെ മാറി മാറി ഭരണം എന്നതിനപ്പുറമുള്ള ഒരു മാറ്റത്തെയുംപറ്റി രാഷ്ട്രീയ കേരളം ചിന്തിച്ചിട്ടുമില്ല. എൽ ഡി എഫും യൂ ഡി എഫും, ബി ജെ പി യെ എതിർക്കുന്നു. അതുകൊണ്ട് എല്ലാവരും ബി ജെ പിയെ എതിർക്കണം എന്നതിനപ്പുറം ഒരു യുക്തി അതിനൊട്ടില്ലതാനും.
കോൺഗ്രസ്സിന് സി പി എമ്മിനോടുള്ള സമീപനമായിരിക്കണം സഭക്കും സി പി എമ്മിനോടുള്ളത്, അല്ലെങ്കിൽ സി പി എമ്മിനു കോൺഗ്രസിനോടുള്ള രാഷ്ട്രീയ നിലപാടായിരിക്കണം സഭക്കു കോൺഗ്രസ്സിനോട് വേണ്ടത് എന്ന യുക്തിമാത്രമാണ്, സി പി എമ്മിനും കോൺഗ്രസ്സിനും ബിജെപിയോടുള്ള രാഷ്ട്രീയ നിലപാടായിരിക്കണം സഭക്കും ക്രൈസ്തവ സമൂഹത്തിനും ബി ജെ പിയോട് ഉണ്ടാകേണ്ടത് എന്നതിലും ഉള്ളത്.
രാഷ്ട്രീയപാർട്ടികൾ പ്രത്യയശാസ്ത്രപരമായും നയപരമായും വ്യത്യസ്ഥ നിലപാടുകൾ പുലർത്തുമ്പോഴും, അവർ സമൂഹത്തിന്റെ ഐക്യത്തിനും രാജ്യത്തിന്റെ സമഗ്രതക്കും ജനങ്ങളുടെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യും എന്ന യുക്തിയിലാണ് ജനാധിപത്യ സമൂഹങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നത്. ‘വിഭാഗീയ യുക്തി’ മുന്നിട്ടു നിൽക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും ദീർഘകാലം ജനാധിപത്യ പരീക്ഷണത്തെ അതിജീവിക്കുകയില്ല. ഒരു ജനത എന്ന ആശയത്തിലൂന്നിയാണ് ജനാധിപത്യം ശക്തി പ്രാപിക്കുന്നത്.
പടിഞ്ഞാറാൻ രാജ്യങ്ങളിൽ ‘നാഷണൽ പ്രയ്ഡ്’ എന്നൊക്കെ വിശേഷിപ്പിക്കുന്നതും, ‘ഞങ്ങൾ ഇന്ത്യക്കാർ’ എന്നു ഇന്ത്യൻ ഭരണഘടനാ ശില്പികൾ രൂപപ്പെടുത്തിയെടുത്തതുമായ സങ്കല്പമാണ്, ഒരു ജനത എന്നനിലയിൽ, ഇന്ത്യക്കാരായിരിക്കുന്നതിൽ അഭിമാനിക്കുക എന്നത്. ഇന്ത്യൻ ക്രൈസ്തവർ ഇന്ത്യക്കാർ എന്നതിൽ അഭിമാനം കൊള്ളുന്നവരാണ്.
ബി ജെ പി യെ അല്ലെങ്കിൽ കോൺഗ്രസ്സിനെ എതിർക്കാത്തവർ കരിങ്കാലികളാണ്, എന്നല്ല എല്ലാത്തരം വിഭാഗീയ രാഷ്ട്രീയവും തെറ്റാണ് എന്ന കാഴ്ചപ്പാടാണ് ശക്തമാകേണ്ടത്.
ഫാ. വർഗീസ് വള്ളിക്കാട്ട്