സീറോ മലബാർ സഭയുടെ തലവനും എർണാകുളം – അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പുമായി തെരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകൾ. സഭയെ ഇതുവരെ നയിച്ച സ്ഥാനത്യാഗം ചെയ്ത സഹനദാസനായ ഞങ്ങളുടെ പ്രിയപ്പെട്ട വലിയ പിതാവ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഒരായിരം നന്ദി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സമാനതകൾ ഇല്ലാത്ത സംഘർഷത്തിൽ മുന്നോട്ട് പോകുന്ന സഭക്കും അതിരൂപതക്കും പുതിയ നേതൃത്വം വരുമ്പോൾ, വിശ്വാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

സഭയുടെ ഹൈരാർക്കിയെ ചോദ്യം ചെയ്യുന്ന തരത്തിൽ ലിറ്റർജി സംബന്ധിച്ച് ഒരു ഗ്രൂപ്പ് സ്യഷ്ടിച്ച പ്രശ്നങ്ങൾ നിസ്സാരമല്ല. മാർപാപ്പയെ തന്നെ വെല്ലുവിളിക്കുന്ന തരത്തിൽ പ്രസ്താവനകൾ വന്നത് പൊതു സമൂഹത്തിന്റെ മുൻപിൽ സഭക്കുണ്ടാക്കിയ അവമതി വലുതാണ്. വിശ്വാസികളെ സംബന്ധിച്ച് ഈ വിഷയത്തിലുള്ള ശാശ്വത പരിഹാരമാണ് ഏറ്റവും ആവശ്യം.

തെറ്റുകൾ പറ്റുകയെന്നത് മാനുഷികമാണ് എന്നാൽ ക്ഷമിക്കുകയെന്നത് ദൈവീകവും. ഹൈരാർക്കിയെ എതിർത്തവർ തെറ്റുകൾ തിരുത്തി സഭാഗാത്രത്തിലേക്ക് ചേർന്ന് നിൽക്കട്ടെ . സഭാഗാത്രത്തിനേറ്റ മുറിവുകൾ ഉണക്കാൻ ദൈവം അയച്ച റാഫേൽ മാലഖയാകട്ടെ മാർ റാഫേൽ തട്ടിൽ പിതാവ്.

മിഷൻ രൂപതയായ ക്ഷംസാബാദിൽ നിന്ന് ആഗോള സിറോ മലബാർ സഭയുടെ തലവനായി തട്ടിൽ പിതാവ് ഉയർത്തപ്പെട്ടത് ദൈവത്തിന്റെ പ്രത്യേക പദ്ധിതിയിലാണ്. എല്ലാവരെയും സിനഡിന് കീഴിൽ ഒറ്റകെട്ടായി നിലനിർത്താൻ പിതാവിന് കഴിയട്ടെ. സിനഡ് അംഗീകരിച്ച വി.കുർബാന അതിരൂപതയിൽ നടപ്പിൽ വരുത്തുവാൻ പിതാവിന് സാധിക്കട്ടെ.

ആലഞ്ചേരി പിതാവിനാൽ നയിക്കപ്പെട്ട സഭയുടെ സ്വർഗ്ഗീയ യാത്ര ഇനി തട്ടിൽ പിതാവിലൂടെ തുടരട്ടെ. സാമൂഹിക മാധ്യമങ്ങളിലൂടെ ഗ്രൂപ്പ് തിരിഞ്ഞുള്ള ആരോപണങ്ങളിൽ നിന്ന് വിശ്വാസികൾ പിൻമാറട്ടെ. പീഢാനുഭവത്തിനും കുരിശ് മരണത്തിനും ശേഷമുള്ള ഉയർപ്പായി ഈ തെരഞ്ഞെടുപ്പ് മാറട്ടെ .

സഭയിൽ ഐക്യം വരേണ്ടത് വിശ്വാസികളുടെ ആവശ്യമാണ്. വരും തലമുറയെ വിശ്വാസത്തിൽ വളർത്താൻ സഭയിലെ പ്രശ്നങ്ങൾ തീർത്തേ പറ്റു. പ്രശ്നങ്ങളെ വളർത്തി സ്വയം വലുതാകുന്ന സ്വാർത്ഥ താത്പര്യക്കാരെ എല്ലാവരും തിരിച്ചറിയണം. അത് ഇനിയും നീട്ടി കൊണ്ട് പോയാൽ വിശ്വാസ തകർച്ചയിൽ സഭ തകർന്ന് പോകും. എല്ലാറ്റിലും ഉപരി സഭയുടെ ഹൈരാർക്കി സ്വഭാവം നിലനിർത്തേണ്ടത് അതിന്റെ വളർച്ചക്ക് അനിവാര്യമാണ്.

മത-സാംസ്ക്കാരിക-സാമൂഹിക-

രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിബദ്ധതയോടെ മതേതര സ്വഭാവം നിലനിർത്തി ക്രൈസ്തവിക ദർശനങ്ങളിൽ ഊന്നി , വിവേകത്തോടെ ഉറച്ച് അഭിപ്രായങ്ങൾ പറയാനും ഇടയൻ തന്റെ ആടുകളെ സംരക്ഷിക്കുന്നത് പോലെ വിശ്വാസികളെ സമസ്ത മേഖലകളിലും സംരക്ഷിക്കാനുള്ള ആർജ്ജവം തട്ടിൽ പിതാവിന് ഉണ്ടാകട്ടെ .

അത് കൊണ്ട് തന്നെ ദൈവാശ്രയത്തിൽ ഏൽപ്പിക്കപ്പെട്ട തന്റെ പ്രവാചക ദൗത്യം തീഷ്ണതയോടെ, സംഭാഷണങ്ങളിലൂടെ, യഥാസമയങ്ങളിലെ ഉറച്ച തീരുമാനങ്ങളിലൂടെ നടപ്പിൽ വരുത്തി സഭയെ നയിക്കാൻ തട്ടിൽ പിതാവിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ഒരിക്കൽ കൂടി പ്രാർത്ഥനാശംസകൾ

✍️ അഡ്വ. ഡാൽബി ഇമ്മാനുവൽ

Ph: 9446018078

10/01/2024

നിങ്ങൾ വിട്ടുപോയത്