ആദ്യമാതാപിതാക്കൾ ദൈവത്തിന്റെ യഥാർത്ഥ സ്‌നേഹപദ്ധതിയിൽനിന്ന് പിന്തിരിഞ്ഞത് ഒരു തോട്ടത്തിലാണ്; ഇതാ മറ്റൊരു തോട്ടത്തിൽ, ലോകരക്ഷകനായ ഈശോ കുരിശിന്റെ കൃപകൾ നമുക്ക് നേടിത്തരാൻ പ്രാർത്ഥിച്ചൊരുങ്ങുന്നു. ദൈവത്തെ പിതാവ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഈശോയുടെ പ്രാർത്ഥന. തന്റെ ജീവിതത്തിൽ വരാനിരിക്കുന്നതെല്ലാം പിതാവിന്റെ സ്വർഗീയ ഹിതത്തിന് വീണ്ടും ഭരമേൽപ്പിക്കുന്നു. നഷ്ടപ്പെട്ടവ വീണ്ടെടുക്കാൻ പിതാവ് അയച്ച പുത്രൻ പിതൃഹൃദയത്തോടു ചേർന്നു നിൽക്കാൻ അവിടുന്നുമായി ഗത്‌സെമനിയിൽ ഒരു ഉടമ്പടി സ്ഥാപിക്കുന്നു: ‘അവിടുത്തെ ഹിതംപോലെയാകട്ടെ.
ഈശോ പാനപാത്രം എന്നത് കൊണ്ട് ഉദേശിച്ചത് യേശുവിന്റെ പീഡാസഹനവും, കുരിശു മരണവും ആയിരുന്നില്ല, താൻ സഹിക്കാനിരിക്കുന്ന പീഡാസഹനങ്ങളെക്കാൾ ശിഷ്യന്മാരുടെ നേരിടാനിരിക്കുന്ന കഷ്ടപ്പാടുകളെ ഓർത്താണ് യേശു വേദനിച്ചത്. ഇടയൻ നഷ്ടപ്പെട്ടാൽ ആടുകൾ ചിതറിക്കപ്പെടുകയും, ചെന്നായ അവയെ അപഹരിക്കുകയും ചെയ്യും. അതുപോലെ തന്റെ അജഗണങ്ങളെ അന്ധകാര ശക്തികൾ തട്ടിയെടുക്കുമോ എന്ന് ഭയപ്പെട്ടു. ക്രൂശുമരണത്തെ യേശുവിന് ഭയമില്ലായിരുന്നു, താൻ മരണത്തെ തകർക്കും എന്ന് യേശുവിന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു.
മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം സഹനം ഒരു വേദനയാണ് . ഗദ്സമെനിയിൽ യേശു അതിന്റെ പാരമ്യം മുഴുവൻ അനുഭവിച്ചു. നമ്മളുടെ ജീവതത്തിലും, ദുഃഖത്തിന്റെ പാനപാത്രം ഉണ്ടാകാം. സന്തോഷത്തോടെ, പ്രത്യാശയോടെ എന്റെ ഹിതം അല്ല, ദൈവത്തിന്റെ ഹിതം നമ്മളുടെ ജീവിതത്തിൽ നിറവേറുന്നതിനായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.