ക്രൈസ്തവ രാഷ്ട്രങ്ങൾ എന്ന സംജ്ഞയിൽ അറിയപ്പെടുന്ന രാഷ്ട്രങ്ങൾ വളരെയുണ്ട്. ധനബലത്തിലും അംഗസംഖ്യയുടെ പ്രബലതയിലും സാമൂഹികരംഗങ്ങളിലുള്ള സ്വാധീനശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ക്രൈസ്തവസഭകളും ശുശ്രൂഷകളും ധാരാളമാണ്. എന്നാൽ ഇന്നത്ത ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങളായ സഹോദരങ്ങളെല്ലാവരും ദൈവത്തിന്റെ മക്കളാകുന്നുവോ? ഈ ചോദ്യത്തിനുള്ള മറുപടി അപ്പൊസ്തലനായ പൗലൊസ് വ്യക്തമായി നൽകുന്നു. “ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (റോമ, 8:14)
ദൈവത്തെ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കൾ ആകുവാൻ ദൈവം കൃപ നൽകി. ആരാണ് ദൈവമക്കൾ? ദൈവത്തിന്റെ ഏകമകൻ എന്നത് കർത്താവായ യേശുക്രിസ്തുവാണ്. നാമെല്ലാം ദൈവത്തിന്റെ ദത്തെടുക്കപ്പെട്ട മക്കൾ എന്ന നിലയിലാണ് തിരുവചനം പ്രതിപാദിക്കുന്നത്. ദൈവാത്മാവ് നടത്തുന്നവരാണ് ദൈവത്തിൻറെ മക്കൾ. ദൈവമക്കളായ നാം യേശുവിന്റെ സ്വഭാവമായ ഏളിമയും, ക്ഷമയും, വിനയവും പ്രദർശിപ്പിക്കാറുണ്ടോ? ദൈവത്തിന്റെ ആൽമാവിലാണോ നാം നയിക്കപ്പെടുന്നത്? ദൈവാത്മാവിനാൽ നയിക്കപ്പെട്ട വ്യക്തികളെ പറ്റി തിരുവചനത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ദൈവാത്മാവിനാൽ നയിക്കപ്പെട്ട ജോസഫ് തിന്മയിൽ അകന്നിരിക്കുക മാത്രമല്ല തിന്മ ചെയ്ത് സഹോദരരോടും പോലും ക്ഷമിച്ചു. നമ്മൾക്കും തിൻമ ചെയ്തവരോട് ക്ഷമിക്കുവാൻ സാധിക്കുന്നുണ്ടോ?
യേശുവിന്റെ സൗഖ്യത്തിന്റെയും സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും അത്ഭുതങ്ങളുടെയും പ്രകാശധാരയായ ശിഷ്യൻമാർ യേശുവിനെ അന്ധകാരം നിറഞ്ഞ ലോകത്തിനു കാട്ടിക്കൊടുത്തു. കാരണം അവർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്നവരായിരുന്നു. യേശുവിന്റെ സ്നേഹവും ശക്തിയും പ്രകടമാക്കി യേശുക്രിസ്തുവിന്റെ ശക്തി ദൈവമക്കളായ നമ്മിലൂടെ തെളിയിക്കുവാൻ കഴിയണമെങ്കിൽ നാം പരിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്നവരായിത്തീരണം. അപ്പോൾ സ്വർഗ്ഗത്തിലും ഭൂമിയിലും നാം ദൈവത്തിന്റെ മക്കളെന്നു വിളിക്കപ്പെടും. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ