ഞാന്‍ കേരളടൈംസ് ദിനപത്രത്തിൽ ആയിരിക്കുമ്പോഴാണ് ശ്രീ. എ. കെ. പുതുശ്ശേരിയെ കാണുന്നതും പരിചയപ്പെടുന്നതും. അതിനൊരു കാരണമുണ്ടായി. മറ്റെന്തോ ആവശ്യത്തിനായി കക്ഷി ഞങ്ങളുടെ ഓഫീസില്‍ വന്നതാണ്. പത്രത്തില്‍ ഞാന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ കണ്ടിട്ട് ഇതു വരച്ച മഹാന്‍ ഇവിടെയുണ്ടോ..? ചോദ്യം ഞങ്ങളുടെ ഫ്രൂഫ് റീഡര്‍ ശ്രി. കെ. കെ മേനോനോടായിരുന്നു. ജോഷി ജോര്‍ജ് ഉച്ചകഴിഞ്ഞേ വരു. അദ്ദേഹം മറുപടി പറഞ്ഞു.

ഇതിനിടെ മറ്റൊരു മാന്യന്‍ പുതുശ്ശേരിയോടു ചോദിച്ചു: ഇതൊരു കാര്‍ട്ടൂണ്‍ ആണോ? പുതുശ്ശേരിപറഞ്ഞു: കാര്‍ട്ടൂണിസ്റ്റുകളുടെ വരെയെക്കുറിച്ചു പറയാന്‍ ഞാന്‍ ആളല്ല. പത്രാധിപര്‍ക്ക് ബോധിച്ചതുകൊണ്ടാണല്ലോ ഇത്പ്രസിദ്ധീകരിച്ചത്.

ആ മനുഷ്യന് തൃപ്തിപോരാഞ്ഞ് വീണ്ടും പറഞ്ഞു: നര്‍മ്മദയിലും അസാധുവിലുമൊക്കെ വരുന്ന കാര്‍ട്ടൂണുകള്‍ ശ്രദ്ധിച്ചിട്ടില്ലേ, അതിനൊക്കെ ഒരു പൊലിമയുണ്ട്. ഇതെന്താ കോഴി ചിക്കിയതുപോലെ… ആ മാന്യന് തന്നെക്കൊണ്ട് ആ കാര്‍ട്ടൂണ്‍ മോശമാണെന്നു പറയിപ്പിക്കണമായിരുന്നു. എന്നാലല്ലേ എ കെ പുതുശ്ശേരി ജോഷിയുടെ കാര്‍ട്ടൂണ്‍ തീരെ മോശമാമെന്നു പറഞ്ഞു എന്നുവരുത്താനാകു. അയാളുടെ ഉദ്ദേശം അതായിരുന്നു.

പുതുശ്ശേരി പറഞ്ഞു: അബു എബ്രാഹാം വരക്കുന്നതുപോലെയല്ലല്ലോ കാര്‍ട്ടൂണിസ്റ്റ് പി കെ മന്ത്രി വരക്കുന്നത്. തോമസ് എന്തുവരച്ചാലും കുഞ്ചുക്കുറുപ്പിനെപ്പോലിരിക്കും. ടോംസിന്റേതാണെങ്കില്‍ ബോബനും ഉപ്പായിമാപ്ലെയെയും പോലിരിക്കും. ഇതൊരു സൈ്റ്റയില്‍..! അത്രയും വിചാരിച്ചാല്‍ മതി. എല്ലാവരും ഒരേ രീതിയിലാണ് വരക്കുന്നെങ്കില്‍പിന്നെ ഒരു കാര്‍ട്ടൂണിസ്റ്റ് മതിയല്ലോ. എനിക്കി കാര്‍ട്ടൂണ്‍ ഇഷ്ടമായി. പുതുശ്ശേരി പറഞ്ഞു.

എന്റെ സക്‌സസ് പിരമിഡ് എന്ന മനഃശക്തി പരിശീലന പരിപാടിയുടെ 16-ാം വര്‍ഷീകത്തോടനുബന്ധിച്ച പ്രസിദ്ധീകരിക്കുന്ന സൊവനീര്‍ ചേര്‍ക്കാന്‍ എഴുതിയ ലേഖനത്തിന്റെ ആമുഖത്തില്‍ എന്റെ പ്രിയപ്പെട്ട പുതുശ്ശേരിമാഷ് കുറിച്ചതാണ് മുകളില്‍ ചേര്‍ത്തത്.

സത്യത്തിൽ അന്നത്തെ എന്റെ കാര്‍ട്ടൂണ്‍ അത്രമെച്ചമാണെന്നൊന്നും പറയാന്‍ കഴിയില്ല എന്ന് എനിക്കുതന്നെ അറിയാം. എങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കാന്‍ ഞങ്ങളുടെ ന്യൂസ് എഡിറ്റര്‍ സി. എല്‍ ജോര്‍ജ് സാറിനെപ്പോലെ ചിലരൊക്കെ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ മുന്നില്‍ നിന്നൊരു വ്യക്തിയായിരുന്നു എ. കെ പുതുശ്ശേരി. എഴുതാന്‍ പ്രേരിപ്പിച്ചതിന്റെ പിന്നിലും ഇവരൊക്കെത്തന്നെ. പുതുശ്ശേരിയുടേയും കവിയും എഴുത്തുകാരനുമായ ഫ്രൊഫ. ജെ ടി ആമ്പല്ലൂരിന്റേയുമൊക്ക നിര്‍ബന്ധപ്രകാരമായാണ് സമസ്ത കേരള സാഹിത്യ പരിഷത്തിലും മറ്റും അംഗമായത്. അതോടെ സി പി ശ്രീധരന്‍, സി രാധാകൃഷ്ണന്‍ എന്നിങ്ങനെ ഒട്ടേറെ പ്രസിദ്ധരുമായി ഇടപഴകാനായി.

തികഞ്ഞ ഒരു എഴുത്തുകാരനായിരുന്ന പുതുശ്ശേരി 90-ാം വയസ്സില്‍ മരിക്കുമ്പോള്‍ 93 പുസ്തകം എഴുതിയിരുന്നു. അദ്ദേഹം കുടുംബത്തെ പോറ്റിയത് എഴുതിയുണ്ടാക്കിയ പണം കൊണ്ടുമാത്രമാണ്.

ചിരട്ടയും നാഴിയും പോലെ 4 മക്കള്‍ ഏറ്റവും ഇളയവനെ ഭാര്യ മുല കുടിപ്പിച്ചുകൊണ്ട് ഉറക്കുമ്പോള്‍ മറ്റുമുന്നുപേരേയും ഉറക്കിയിരുന്നത് പുതുശ്ശേരിയായിരുന്നു. മൂത്തയാളെ മടിയില്‍ കിടത്തും. അതിലും ഇളയവനെ തോളില്‍ കിടത്തും. മൂന്നാമനെ തോട്ടിലിലാട്ടും. ഇതെല്ലാം ഇടതുകൈകൊണ്ടായിരുന്നു. വലതുകൈകൊണ്ട് നോവലോ, ബൈബിള്‍ നാടകമോ എഴുതിക്കൊണ്ടിരിക്കും. അതാണ് രാത്രി കാലങ്ങളിലെ പതിവ്. ഉത്തരവാദിത്വമുള്ള ജോലികള്‍ക്കിടയിലാണ് 93 പുസ്തകം എഴുതിയതെന്നുകൂടി ഓര്‍ക്കണം.

ഒരാളെപ്പോലും ദ്രോഹിച്ച ചരിത്രം കേട്ടിട്ടില്ല. കഴിയുന്ന ഉപകാരം ചെയ്യാന്‍ ഒരു മടിയുമില്ല. അദ്ദേഹം എസ് റ്റി റെഡ്യാര്‍ & സണ്‍സിലാിരുന്നപ്പോള്‍ തുടങ്ങിയ തേനരുവി എന്ന ബാല മാസികയില്‍ എഴുതാനും വരയ്ക്കാനും വേണ്ടുവോളം അവസരം എനിക്കു നല്‍കിയിരുന്നു. ഞാന്‍ പത്രാധിപരായിരുന്ന പ്രസിദ്ധീകരണങ്ങളിലൊക്കെ എന്നോട് സഹകരിക്കുകയും ചെയ്തിരുന്നു. സത്യനാദത്തില്‍ മാത്രം അദ്ദേഹത്തിന്റെ മൂന്നു നോവല്‍ പ്രസിദ്ധീകരിച്ചു. ഇതെല്ലാം ഏറെ നന്ദിയോടെ ഓര്‍ക്കുകയാണ്. ഒരാഴ്ച മുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. ഞാനിപ്പോള്‍ പത്രാധിപരായിരിക്കുന്ന ‘വിശ്വാസ സംരക്ഷകന്‍’ എന്ന പത്രത്തിന്റെ കോപ്പിയും കൊടുത്തു. അപ്പോള്‍ അദ്ദേഹമെഴുതിയ കുഞ്ഞാഗസ്തിയുടെ സല്‍കൃത്യങ്ങള്‍ എന്ന പുസ്തകം എനിക്കു തരികയും ചെയ്തിരുന്നു. കൊച്ചിയില്‍ ജനിച്ച കൊച്ചിയെക്കുറിച്ച് അഗാഥമായി അറിയാമായിരുന്നു ശുദ്ധനായ ആ മനുഷ്യന്‍ ഇനി ഇല്ല എന്നയാഥാര്‍ത്ഥ്യം എനിക്കിപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല.

ആ വലിയ മനുഷ്യൻറെ മുന്നില്‍ ശിരസുനമിക്കുന്നു.

ജോഷി ജോര്‍ജ്

കിഴക്കമ്പലം