ഇന്ത്യയിൽ ഇപ്പോൾ മൊത്തമായുള്ള കോവിഡ് രോഗികളിൽ ഏകദേശം 40% കേരളത്തിലാണ്, കൂടാതെ ദിവസേന കണ്ടു പിടിക്കുന്ന പുതിയ രോഗികളിൽ 50% ഓളം കേരളത്തിലാണ്. മാത്രമല്ല, കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റിയിലും, ഇന്ത്യയിലെ മറ്റെല്ലാ സ്ഥലത്തേക്കാളും ഏറെ പിന്നിലാണ്. ജനസംഖ്യക്കനുപാതമായി ഇന്ത്യയിൽ മറ്റുള്ളിടത്തെക്കാൾ 35 ഇരട്ടിയോളം കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഇതെങ്ങിനെ സംഭവിക്കുന്നു?

ചില വിദഗ്ധന്മാർ കേരളം കുറെ നാൾ കമാണ്ടോകളെ ഇറക്കി, തോക്കു ചൂണ്ടി , നാട്ടുകാരെ ഏത്തം ഇടീപ്പിച്ചു കോവിഡ് ചവുട്ടി പിടിച്ചു കർവ് താഴ്ത്തിയത് കൊണ്ട് “ഡിലയേഡ് പീക്ക്” ആണ് എന്ന് അവകാശപ്പെടുന്നുണ്ട്. കേരളത്തിന്റെ ആസ്ഥാന കോവിഡ് കറവക്കാരുടെ പഴയ പല കോവിഡ് കണ്ടുപിടിത്തങ്ങൾ പോലെ ഇതും മറ്റൊരു മണ്ടത്തരമാണ് എന്ന് ശാസ്ത്രം അറിയാവുന്ന, മനസ്സിലാക്കാൻ താല്പര്യമുള്ള ആർക്കും എത്താവുന്ന നിഗമനമാണ്. അതല്ലെങ്കിൽ പിന്നെ എന്താവാം കാരണം?

ഇന്ത്യയിലെ സംസ്ഥാനങ്ങൾ ശ്രീലങ്ക പോലെ, ന്യൂ സിലൻഡ് പോലെ ഒരു ഒറ്റപ്പെട്ട ദ്വീപുകൾ അല്ലാത്തതുകൊണ്ട് ഇന്ത്യയിലെ അടുത്തടുത്ത സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അയൽപക്ക സംസ്ഥാനങ്ങളിലെ പോലെ സമാന നിരക്കിൽ തന്നെയായിരിക്കും. ഉദാഹരണത്തിന് ജനുവരി 26 നു ഇന്ത്യ ആകമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3% (ഇതിൽ പകുതിയോളം രോഗികൾ കേരളം സമ്മാനിച്ചത്). അടുത്തടുത്ത് കിടക്കുന്ന പുതുച്ചേരി 1.04%, തമിഴ്നാട് 0.94%, കർണാടകം 0.81% എന്ന നിരക്കിൽ അടുത്തടുത്ത് തന്നെയുണ്ട്. എന്നാൽ കേരളമാകട്ടെ 10.43% നിരക്കിൽ വിദൂരത്തു, ഇന്ത്യയിലെ തന്നെ ഏറ്റവും മോശം നിരക്കിൽ. എവിടെയോ, എന്തോ ശരിയല്ല. പ്രവാസികളെയും, തമിഴന്മാരെയും, മൽസ്യബന്ധന തൊഴിലാളികളെയും ഒക്കെ പണ്ട് പ്രതിക്കൂട്ടിൽ ആക്കിയ പോലെ ഇപ്പോൾ കേരളത്തിലെ ജനങ്ങൾ മുഴുവൻ ഉത്തരവാദിത്വമില്ലാത്തവരായതു കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് ചിലർ അവകാശപ്പെടുന്നത് കേൾക്കാനിടയായി. അപ്പോൾ പിന്നെ മാസ്ക് ഉപയോഗിക്കാത്ത തമിഴ്നാട്ടിൽ എന്താ ഇങ്ങനെ എന്ന് ചോദിക്കാം, അപ്പോൾ പറയും തമിഴ്നാട് കള്ളം പറയും എന്ന്. ഇതൊക്കെ കഴിവില്ലായ്മ മൂടിവയ്ക്കാൻ പറയുന്ന വെറും അസംബന്ധങ്ങൾ മാത്രം. എന്നാൽ, എന്താവാം ശരിക്കും സംഭവിക്കുന്നത്?

FDA ഈ കഴിഞ്ഞ നവംബറിൽ ആന്റിജൻ ടെസ്റ്റിന്റെ ഫാൾസ് പോസിറ്റിവിറ്റിയെ പറ്റി ഒരു അഡ്വൈസറി പുറത്തിറക്കിയിരുന്നു, പിന്നീട്‌ CDC യും അത് ആവർത്തിച്ചിരുന്നു. (ഫാൾസ് പോസ്റ്റിവിറ്റി എന്ന് വച്ചാൽ രോഗം ഇല്ലാത്തവർക്ക് ടെസ്റ്റിൽ രോഗം ഉണ്ടെന്നു കാണിക്കും) FDA യുടെ കുറിപ്പിലെ ചില പ്രസക്ത ഭാഗങ്ങൾ ഇവിടെ കൊടുക്കുന്നു.

“- ഡയഗ്നോസ്റ്റിക് പരിശോധനകളിൽ നിന്നുള്ള ഫലങ്ങൾ വ്യാഖ്യാനിക്കുമ്പോൾ പോസിറ്റീവ് പ്രെഡിക്റ്റിവ് വാല്യൂ (PPV) രോഗ വ്യാപനത്തിനനുസരിച്ചു വ്യത്യാസപ്പെടുന്നുവെന്ന് ഓർമ്മിക്കുക. പോസിറ്റീവ് പരിശോധനാ ഫലങ്ങളുടെ ശതമാനമാണ് PPV. രോഗ വ്യാപനം കുറയുന്നതിനനുസരിച്ചു, ഫാൾസ് പോസിറ്റീവ് ശതമാനം വർദ്ധിക്കുന്നു.- ഉദാഹരണത്തിന്, 98% സ്പെസിഫിസിറ്റി ഉള്ള ഒരു പരിശോധനയിൽ 10% വ്യാപനം ഉള്ള ഒരു ജനസംഖ്യയിൽ 80% ത്തിലധികം PPV ഉണ്ടായിരിക്കും, അതായത് 100 പോസിറ്റീവ് ഫലങ്ങളിൽ 80 പേർക്ക് മാത്രമായിരിക്കും രോഗം, അഥവാ 20 എണ്ണം തെറ്റായ പോസിറ്റീവ് ആയിരിക്കും.

– ഇതേ പരിശോധനയിൽ 1% പ്രബലതയുള്ള ഒരു ജനസംഖ്യയിൽ ഏകദേശം 30% PPV മാത്രമേ ഉണ്ടാകൂ, അതായത് 100 പോസിറ്റീവ് രോഗ ഫലങ്ങളിൽ 70 എണ്ണം തെറ്റായ പോസിറ്റീവ് ആയിരിക്കും, അതായത് ടെസ്റ്റ് പോസറ്റീവ് ആയ 100 ൽ 70 പേർക്കും രോഗം കാണില്ല. – ഇതേ പരിശോധനയിൽ 0.1% വ്യാപനത്തിൽ, PPV 4% മാത്രമായിരിക്കും, അതായത് 100 പോസിറ്റീവ് ഫലങ്ങളിൽ 96 എണ്ണം തെറ്റായ പോസിറ്റീവ് ആയിരിക്കും.”

എന്ന് വച്ചാൽ അസുഖം കുറയുന്നതനുസരിച്ചു തെറ്റായ രോഗനിർണ്ണയം കൂടും. FDA ഉപയോഗിച്ച ഈ ഉദാഹരണം ഒന്ന് കൂടി പറഞ്ഞാൽ ഒരു 10% യഥാർത്ഥ വ്യാപനം ഉള്ളപ്പോൾ 20% തെറ്റ്, 1% യഥാർത്ഥത്തിൽ വ്യാപനം ഉള്ളിടത്ത് 70% തെറ്റായ രോഗനിർണ്ണയം, 0.1% യഥാർത്ഥ വ്യാപനം ഉള്ളപ്പോൾ 96% തെറ്റ്. അതായത്, രോഗം സമൂഹത്തിൽ യഥാർത്ഥത്തിൽ കുറഞ്ഞാലും ആന്റിജൻ ടെസ്റ്റിന്റെ തെററുകൾ കാരണം രോഗകണക്ക് ഉയർന്നു തന്നെ നിൽക്കും

കേരളത്തിന്റെ സിംഹഭാഗ ടെസ്റ്റും ആന്റിജൻ ടെസ്റ്റ് ആണ്. അപ്പോൾ നമ്മുടെ അയൽപക്ക സംസ്ഥാനങ്ങൾ പോലെ നമ്മൾ ഇപ്പോൾ യഥാർത്ഥത്തിൽ 1% ആണെങ്കിൽ, ആന്റിജൻ ടെസ്റ്റ് 40,000 നടത്തുന്നിടത്തു ഏകദേശം 70% ഫാൾസ് പോസിറ്റീവ് ആയിരിക്കും, എന്ന് വച്ചാൽ, 4000 പേർക്ക് ആന്റിജൻ ടെസ്റ്റ് വഴി അസുഖം കണ്ടു പിടിച്ചതായി അധികാരികൾ പറഞ്ഞതിൽ വെറും 1200 പേർക്ക് മാത്രമാവും അസുഖം. പക്ഷെ എന്റെ അഭിപ്രായത്തിൽ യഥാർത്ഥ കണക്കു ഇതിനേക്കാൾ കുറവാകാനാണ് സാധ്യത.

എന്ന് വച്ചാൽ, കേരളത്തിന്റെ കോവിഡ് സ്പെഷ്യൽ കോവിഡോ, ഇവിടെ അയൽ സംസ്ഥാനങ്ങളേക്കാൾ പത്തിരട്ടി കൂടുതൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്, ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാൾ ജനസംഖ്യക്കനുപാതമായി 35 ഇരട്ടി രോഗികൾ വരാനുള്ള മറ്റു കാരണങ്ങൾ ഇല്ലാതാനും. കേരളം കോവിഡ് കാര്യത്തിൽ ഒരു കാലത്തും മറ്റു സംസ്ഥാങ്ങളെക്കാൾ മെച്ചവുമല്ലായിരുന്നു, ഇപ്പോൾ മറ്റു സംസ്ഥാങ്ങളെക്കാൾ മോശവുമല്ല. കേരളത്തിലെ കോവിഡിന്റെ കണക്ക് അന്നും ഇന്നും ടെസ്റ്റിന്റെ തരികിടകളും, അധികാരികളുടെ വിവരക്കേടിലും മാത്രം കറങ്ങി നടക്കുന്നു. FDA റിപ്പോർട്ട് ഇതൊനോടൊപ്പം കൊടുക്കുന്നു.

https://www.fda.gov/…/potential-false-positive-results…

Tony Thomas

നിങ്ങൾ വിട്ടുപോയത്