കാക്കനാട്: കാലഘട്ടത്തിനു ചേർന്ന മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡുസമ്മേളനത്തിനുള്ളത്. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാൻ ദൈവം തുണയ്ക്കട്ടെയെന്ന് മാർ വാണിയപ്പുരയ്ക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.

പന്ത്രണ്ട് വർഷക്കാലം സഭയെ ധീരമായി നയിക്കുകയും ഭദ്രമായ അടിത്തറ പാകുകയും ചെയ്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് സിനഡുപിതാക്കന്മാർ കൃതജ്ഞത പ്രകാശിപ്പിച്ചു. വിശ്രമരഹിതമായ പ്രവർത്തനങ്ങളിലൂടെ സഭയെ വളർത്തുകയും സഹനങ്ങളിൽ ദൈവത്തിൽ ആശ്രയിച്ച് മാതൃകായോഗ്യമായ നേതൃത്വം നൽകുകയും ചെയ്ത ആലഞ്ചേരി പിതാവിനെ സഭാമക്കൾ ഒരിക്കലും മറക്കുകയില്ലെന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയിൽനിന്നും വിരമിച്ച അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനും ഗോരഖ്‌പൂർ രൂപതയുടെ ചുമതലയിൽനിന്നും വിരമിച്ച മാർ തോമസ് തുരുത്തിമറ്റം CST പിതാവിനും സിനഡുപിതാക്കന്മാർ നന്ദി അർപ്പിച്ചു. ഗോരഖ്‌പൂർ രൂപതയുടെ പുതിയ മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ CST പിതാവിനെ സിനഡിലേയ്ക്ക് സ്വാഗതം ചെയ്തു. 

രാവിലെ 10 മണിക്ക് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവ് നൽകിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. തുടർന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവിന്റെ കാർമികത്വത്തിൽ സിനഡുപിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിക്കുകയും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തുകയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ജപമാല പ്രാർത്ഥന ചൊല്ലുകയും ചെയ്തു. ദിവസം മുഴുവൻ പ്രാർത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ച പിതാക്കന്മാർ സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം ദൈവാലയത്തിൽനിന്നും സിനഡു ഹാളിലേക്ക് പ്രദക്ഷിണമായി എത്തിയതിനുശേഷമാണ് സിനഡുസമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലനശുശ്രൂഷയിൽനിന്ന് വിരമിച്ചവരുമായ 55 പിതാക്കന്മാരാണ് സിനഡുസമ്മേളനത്തിൽ പങ്കെടുക്കുന്നത്. 13-ാം തിയതി ശനിയാഴ്ച സിനഡുസമ്മേളനം സമാപിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായും ദൈവഹിതപ്രകാരമുള്ള പുതിയ മേജർ ആർച്ച്ബിഷപ്പ് തെരഞ്ഞെടുക്കപ്പെടാനും പ്രാർത്ഥിക്കണമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് അഭ്യർത്ഥിച്ചു.

നിങ്ങൾ വിട്ടുപോയത്