പൈനാടത്ത് എന്ന മേല്‍വിലാസം

2007 മേയ്.സബ് എഡിറ്റര്‍ ട്രെയ്‌നിയെന്ന് അടിച്ചു കിട്ടിയ കടലാസുമായി തൃശൂര്‍ വെളിയന്നൂരിലെ ദീപികയിലേക്കു കാലെടുത്തുവയ്ക്കുമ്പോള്‍, സത്യത്തില്‍ ചങ്കിടിപ്പായിരുന്നു. ചുവടുകള്‍ ന്യൂസ് ഡസ്‌കിന്റെ ചില്ലുവാതിലിനടുത്തെത്തിയപ്പോള്‍ ചങ്കിടിപ്പിന്റെ താളത്തിലേക്കു കൈകളും കൂട്ടുകൂടി. ഡസ്്കിലെ ശീതീകരണ സംവിധാനം എന്റെ വിറയലിനും വിയര്‍പ്പിനും മുന്നില്‍ തോല്‍ക്കുന്നതു പോലെ തോന്നി. വിറയലിന്റെ താളം നിയന്ത്രിക്കാന്‍ പാടുപെട്ട എന്റെ കൈയില്‍ നിന്ന് നിയമന ഉത്തരവ് വാങ്ങുമ്പോള്‍ പൈനാടത്താണല്ലേ എന്നൊരു ചോദ്യം ഇങ്ങോട്ട്. ഞാനും ഒരു പൈനാടത്താണേ…. നിങ്ങടെ നാട്ടീന്നു തന്നെ… എന്നുകൂടി കേട്ടപ്പോള്‍ തെല്ലൊരാശ്വാസം.ആശ്വാസം ആത്മവിശ്വാസമായി വളര്‍ത്താന്‍ പാകത്തിനായിരുന്നു തുടര്‍ന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍.

പിന്നീടങ്ങോട്ട് മൂന്നു വര്‍ഷത്തോളം പത്രപ്രവര്‍ത്തനത്തില്‍ തനതു വഴിവെട്ടിയൊരുക്കിയ, അതിലൂടെ ചടുലമായി നടന്നു നീങ്ങിയ, അതുല്യ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഡേവിസ് പൈനാടത്ത് എന്ന ആ പ്രതിഭയുടെ നിഴലില്‍ എഴുത്തിലും എഡിറ്റിംഗിലും പരുവപ്പെടാനുള്ള സുവര്‍ണാവസരമായിരുന്നു.

🔥

പത്രപ്രവര്‍ത്തനത്തിലേക്കുള്ള എന്റെ വഴിയില്‍ അക്ഷരാര്‍ഥത്തില്‍ വിളക്കുമരമായിരുന്നു ഡേവിസ് സര്‍. ക്ലാസ് മുറിയുടെ ചിട്ടവട്ടങ്ങളില്ലെങ്കിലും ന്യൂസ് ഡസ്‌കില്‍ അദ്ദേഹം എനിക്കും ചുറ്റുമുള്ളവര്‍ക്കും അധ്യാപകന്‍ കൂടിയായി. എഴുത്തിലും എഡിറ്റിംഗിലും മാധ്യമമേഖലയിലും എന്താകണം എന്നതിനൊപ്പം, എന്താകരുത് എന്നു കൂടി അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.

🔥

ആറു കോളം തലക്കെട്ടുള്ള ദീപികയുടെ മെയിന്‍ സ്റ്റോറി ചൂണ്ടിക്കാട്ടി ടൈപ്പിറ്റില്‍ ഇതു നീ തെറ്റുകൂടാതെ അടിക്ക് എന്നായിരുന്നു അദ്ദേഹം ഏല്‍പിച്ച ‘ആദ്യ ദൗത്യം’. അക്ഷരങ്ങളോരോന്നു പെറുക്കിയെടുത്ത് ഓരോ വാക്കുകളും ടൈപ്പു ചെയ്യുമ്പോള്‍, മതിയായ ക്ഷമയോടെ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കാന്‍ മറന്നില്ല. ‘ആദ്യ ദൗത്യം’ പൂര്‍ത്തിയാക്കാന്‍ രണ്ടു ദിവസമെടുത്തുവെന്നത് ചെറുചിരിയോടെയാണ് ഇപ്പോഴോര്‍ക്കുന്നത്.

🔥

വേഗത്തില്‍ ടൈപ്പു ചെയ്യാന്‍ ആകും മുമ്പേ സ്റ്റോറികള്‍ എഴുതാനും, പത്രത്തിന്റെ പേജുകള്‍ ഒരുക്കാനുമെല്ലാം ഡേവിസ് സാര്‍ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു. അന്ന് രാഷ്ട്രദീപികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായിരുന്ന ഹരിച്ചേട്ടന്‍ ആ പ്രചോദനത്തിന് പ്രായോഗികപാഠങ്ങളും പകര്‍ന്നുതന്നപ്പോള്‍ ആത്മവിശ്വാസമായി. ബ്യൂറോയിലും ഡിടിപിയിലുമുള്ള സഹപ്രവര്‍ത്തകര്‍ മുന്നോട്ടുള്ള വഴികളിലേക്ക് ആത്മാര്‍ഥമായി കൈയടിച്ചു.

🔥

എന്റെ എത്രയോ സ്‌റ്റോറികള്‍ ഡേവിസ് സാറിന്റെ കൈയടക്കത്തില്‍ മനോഹരമായി. ഡേവിസ് സാറിന്റെ കൈകളിലൂടെ വരുന്ന ഫയലിനെ *പെര്‍ഫെക്ട്* എന്നു തന്നെ വിളിക്കണം.

🔥

*നമ്മുടെ എഴുത്തില്‍ തെറ്റുവരുമ്പോള്‍, ഭംഗി കുറയുമ്പോള്‍ അതു ദീപികയെന്ന മഹത്തായ ചരിത്രമുള്ള പത്രത്തിന്റെ സംസ്‌കാരത്തിനാണു ക്ഷീണമെന്നായിരുന്നു* ഡേവിസ് സാറിന്റെ നിരന്തരമായ ഓര്‍മപ്പെടുത്തല്‍. ഇന്നും അക്ഷരത്തെറ്റുകളില്ലാതെ, ഭാഷാശുദ്ധിയോടെ എഴുതാനുള്ള എന്റെ പരിശ്രമങ്ങള്‍ക്കു പിന്നിലും അദ്ദേഹത്തോടു *കടപ്പെട്ടിരിക്കുന്നു* ഈ ചെറുകുറിപ്പുപോലും ഡേവിസ് സാറിന്റെ പെര്‍ഫെക്ട് എഡിറ്റിംഗും കൈവയ്പ്പും കൊതിക്കുന്നുണ്ട്.

🔥

മൂന്നു വര്‍ഷം തൃശൂരിലായിരുന്നപ്പോഴും പിന്നീട് കൊച്ചിയിലും, പൈനാടത്ത് സാര്‍ എന്നത് എനിക്കൊരു അഭിമാനത്തിന്റെ മേല്‍വിലാസമായിരുന്നു. അതു പല അര്‍ഥത്തില്‍ ദീപികയുടേയും മേല്‍വിലാസം കൂടിയായിരുന്നുവെന്നതും പറയാതെ വയ്യ. പലരും ‘അവാര്‍ഡു കിട്ടിയ പൈനാടത്തല്ലേ’ എന്ന് എന്നെ നോക്കി ചോദിക്കുമ്പോള്‍ ഏറെക്കാലം അതു തിരുത്തിക്കൊടുക്കലായിരുന്നു എനിക്കു ചെയ്യാനുണ്ടായിരുന്നത്. പില്‍ക്കാലത്ത് ചില പുരസ്‌കാരങ്ങള്‍ എന്നെത്തേടിയെത്തിയപ്പോള്‍ ആ ചോദ്യങ്ങളില്‍ കുറവുണ്ടായി. ‘ആ പൈനാടത്തല്ല ഈ പൈനാടത്ത്’ എന്ന് അവരെല്ലാം തിരിച്ചറിഞ്ഞപ്പോഴും, അദ്ദേഹത്തിന്റെ മേല്‍വിലാസം എനിക്ക് അഭിമാനം തന്നെയായിരുന്നു. സബ് എഡിറ്ററിനു മുമ്പു ചേര്‍ത്ത ട്രെയ്‌നി വിശേഷണം എടുത്തു മാറ്റുന്നതിലും കൊച്ചിയിലേക്കെത്തിയശേഷം സ്ഥിരനിയമനത്തിനു വഴി തുറക്കുന്നതിലും ഡേവിസ് സാര്‍ ഒപ്പം നിന്നു പകര്‍ന്നു തന്ന പ്രോത്സാഹനം പങ്കുവഹിച്ചിട്ടുണ്ടാകണം.

🔥

വര്‍ഷങ്ങള്‍ക്കുശേഷം, ദീപികയിലെ ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന ഡേവിസ് സര്‍, അങ്ങയുടെ മടക്കം ഈ മഹത്തായ പത്രത്തിനും ഇതിലുള്ളവര്‍ക്കും നഷ്ടം തന്നെയെന്നു പറയാതെ വയ്യ. അങ്ങയെപ്പോലെ മികവിന്റെ തലയെടുപ്പുള്ള പ്രതിഭകളുടെ തണല്‍ ഇനിയും ദീപികയ്ക്ക്, എന്നെപ്പോലെ പിന്‍വഴികളില്‍ നടക്കുന്നവര്‍ക്ക് ആവശ്യമാണല്ലൊ.ഔപചാരികതകള്‍ക്കപ്പുറം അങ്ങയിലെ *പെര്‍ഫെക്ട് എഡിറ്റര്‍* ഇനിയും ഒപ്പമുണ്ടാകുമെന്നു തന്നെ കരുതിക്കോട്ടെ.

ഹൃദയപൂര്‍വം നന്ദി

സ്‌നേഹത്തില്‍

സിജോ പൈനാടത്ത്

നിങ്ങൾ വിട്ടുപോയത്