
‘സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ് സത്യവിശ്വാസത്തിൽ അവിടുത്തെ അനുഗമിക്കുന്നവരെയാണ്. അവരാണ് യഥാർത്ഥത്തിൽ ഉത്ഥാനത്തിന്റെ സന്തതികൾ.’
സഭയിലെ ഏറ്റവും മഹത്തരവും പ്രധാനപ്പെട്ടതുമായ തിരുനാളാണ് ഉയിർപ്പ് തിരുനാൾ. നമ്മുടെ നിത്യമായ പ്രത്യാശയുടെ ജന്മദിനമാണ് അത്. ‘പുതിയ പൂക്കളുടെ ഉത്സവം’ എന്നാണ് ‘ഈസ്റ്റർ’ എന്ന വാക്കിന്റെ അർത്ഥം. മൂന്ന് കാരണങ്ങളാണ് ഈസ്റ്റർ ആഘോഷത്തിന്റെ അടിത്തറ.
ക്രിസ്തുവിന്റെ പുനരുത്ഥാനമാണ് നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം എന്നതുതന്നെ ആദ്യ കാരണം. അത്ഭുതങ്ങളിൽ ഏറ്റവും വലിയ അത്ഭുതം ഈശോയുടെ പുനരുത്ഥാനമാണ്, ഈശോ ദൈവമാണെന്ന് തെളിയിക്കുന്ന ചരിത്രസംഭവം. വിശുദ്ധ പൗലോസ് ഇപ്രകാരം എഴുതുന്നു: ‘ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം… ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽത്തന്നെ വർത്തിക്കുന്നു… എന്നാൽ, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു,’ (1 കോറി. 15: 14- 20)
ഈശോ മിശിഹാ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിട്ടില്ലായിരുന്നെങ്കിൽ, സഭ ഒരു വഞ്ചനയും വിശ്വാസം വ്യാജവുമായി മാറുമായിരുന്നു. എന്നാൽ, ഈശോ മരണത്തെയും പാപത്തെയും പരാജയപ്പെടുത്തി സത്യമായി ഉയർത്തെഴുന്നേറ്റതിനാൽ അവിടുത്തെ സന്ദേശം സത്യമാണ്, അത് നൽകുന്ന പ്രത്യാശ അനശ്വരവും അവിടുത്തെ രക്ഷ പരിധികൾ ഇല്ലാത്തതുമാകുന്നു. ബെനഡിക്ട് 16-ാമൻ പാപ്പ ഉത്ഥാനത്തെ കുറിക്കുന്നത് ഇവിടെ പ്രസക്തമാണ്:
‘ഈശോയുടെ മരണവും ഉത്ഥാനവും ക്രിസ്തുമതത്തിന്റെ ഹൃദയമാണ്. നമ്മുടെ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ആധാരമാണ്. നമ്മിലെ ഭയത്തെയും തീരുമാനമില്ലായ്മയെയും സംശയങ്ങളെയും മാനുഷിക കണക്കുകൂട്ടലുകളെയും തൂത്തെറിയുന്ന ശക്തമായ കാറ്റാണ്.’
‘യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും,’ (റോമാ 10: 9 )- ഈ ഈസ്റ്റർ സന്ദേശമാണ് അപ്പോസ്തലന്മാരുടെ പ്രഘോഷണത്തിന്റെ കേന്ദ്ര വിഷയം, നമ്മുടേതും. സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ് സത്യവിശ്വാസത്തിൽ അവിടുത്തെ അനുഗമിക്കുന്നവരെയാണ്. അവരാണ് യഥാർത്ഥത്തിൽ ഉത്ഥാനത്തിന്റെ സന്തതികൾ.
നമ്മുടെ സ്വന്തം പുനരുത്ഥാനത്തിന്റെ ഉറപ്പാണ് ഈസ്റ്റർ ആഘോഷിക്കാനുള്ള രണ്ടാമത്തെ കാരണം. ലാസറിന്റെ ശവകുടീരത്തിൽവെച്ച് യേശു മാർത്തയ്ക്ക് ഉറപ്പുനൽകുന്നു: ‘ഞാൻ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?,’ (യോഹന്നാൻ 11: 25-26).
അവസാന നാളിൽ ക്രിസ്തു നമ്മെ ഉയിർപ്പിക്കും, എന്നാൽ വിശുദ്ധ മാമ്മോദീസയിൽ ഒരർത്ഥത്തിൽ നാം ക്രിസ്തുവിനോടൊപ്പം ഉയിർത്തെഴുന്നേറ്റു എന്നതും സത്യമാണ്. പരിശുദ്ധാത്മാവിനാൽ, നമ്മുടെ ക്രിസ്തീയജീവിതം ഇതിനകം ക്രിസ്തുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലുമുള്ള പങ്കാളിത്തമാണ്. ജനനം മുതൽ മരണം വരെ മാത്രമല്ല, മരണാനന്തരമുള്ള ഒരു പുതുജീവിതത്തിന്റെ പ്രതീക്ഷയോടെയാണ് നാം ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും എന്നും ഉയിർപ്പു തിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. സന്തോഷത്തോടും പ്രതീക്ഷയോടുംകൂടി നമ്മുടെ ജീവിതം ദൈവഹിതാനുസൃതം നിർവഹിച്ചാൽ ജീവിതത്തിൽ നമുക്ക് ശാന്തിയും സമാധാനവും കൈവരും.
വേദനയുടെയും സങ്കടങ്ങളുടെയും കണ്ണീരിന്റെയും ഈ ലോകത്ത് നമുക്ക് പ്രതീക്ഷയും പ്രോത്സാഹനവും നൽകുന്ന ഒരു വിരുന്നാണ് ഈസ്റ്റർ. ജീവിതം വിലയുള്ളതാണെന്ന് അത് നമ്മെ ഓർമിപ്പിക്കുന്നു. ‘ഈസ്റ്റർ അറിയുന്ന ഒരുവനും നിരാശപ്പെടുന്നില്ല,’ എന്ന് നാസി തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച ഡിട്രിച്ച് ബോൺഹൊഫർ എന്ന ജർമൻ ദൈവശാസ്ത്രജ്ഞൻ പ~ിപ്പിക്കുന്നു.
പുതിയ തുടക്കത്തിന്റെ മഹോത്സവമായ ഈസ്റ്റർ പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ദൈവപുത്രൻ വിജയം വരിച്ച ആഴ്ചയിലെ ആദ്യ ദിനമാണ്. അതൊരു ശുഭ സൂചനയാണ്. ക്രിസ്തുവിശ്വാസികളായ എല്ലാവർക്കും പുതുതായി തുടങ്ങാനും ജീവിതത്തിൽ പുതിയ ബോധ്യങ്ങളും തീരുമാനങ്ങളുമനുസരിച്ച് ജീവിതം ക്രമീകരിക്കാനുമുള്ള നല്ല അവസരം.
യോഹന്നാന്റെ സുവിശേഷമനുസരിച്ച് ഉത്ഥിതനായ ഈശോ ആദ്യം സംസാരിക്കുന്നത് രണ്ട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ്: സ്ത്രീയേ എന്തിനാണ് നീ കരയുന്നത്? ആരയാണ് നീ അന്വേഷിക്കുന്നത്? ഈ രണ്ടു ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഉത്ഥിതനായ ഈശോ. മാനവകുലം ഇനിമേൽ കരയേണ്ടതില്ല കാരണം ഈശോ മരണത്തെ പരാജയപ്പെടുത്തി ഉയർത്തെഴുന്നേറ്റിരിക്കുന്നു. ഉത്ഥിതനെ കണ്ടെത്തിയാൽ നമ്മുടെ അന്വേഷണവും ലക്ഷ്യത്തിലെത്തും.
ദൈവദൂഷണകുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷ കാത്ത് എട്ട് വർഷം ജയിലിൽ കഴിഞ്ഞ വേളയിൽ ഐഷാ ബീബി എന്ന പാക്കിസ്ഥാനി വീട്ടമ്മ ഉത്ഥിതനോടുള്ള ഒരു പ്രാർത്ഥന എഴുതി. ഈ പ്രാർത്ഥന ഉയർപ്പ് തിരുനാൾ ദിനത്തിൽ നമ്മുടെ വിശ്വാസ ജീവിതത്തിന് ഉത്തേജനം നൽകും:
‘ഉത്ഥിതനായ ദൈവമേ, നിന്റെ മകൾ ഐഷയെ നിന്നോടുകൂടെ ഉയർക്കാൻ അനുവദിക്കണമേ.
എന്റെ ചങ്ങലകൾ പൊട്ടിക്കണമേ, ഈ അഴികൾക്കപ്പുറം പോകാൻ എന്റെ ഹൃദയത്തെ സ്വതന്ത്രമാക്കണമേ. എന്റെ ആത്മാവിനൊപ്പം നീ കൂടെവരണമേ. അതുവഴി എന്റെ പ്രിയപ്പട്ടവരോടും നിന്നോടും എപ്പോഴും അടുത്തായിരിക്കാനും എനിക്കു കഴിയുമല്ലോ.
‘എന്റെ പരീക്ഷണ കാലങ്ങളിൽ എന്നെ ഉപേക്ഷിക്കരുതേ, നിന്റെ സാന്നിധ്യത്തിൽനിന്ന് എന്നെ എടുത്തു കളയരുതേ. എന്റെ സഹനങ്ങൾ ശമിപ്പിക്കാൻ നീ എനിക്കുവേണ്ടി പീഡനങ്ങൾ സഹിക്കുകയും കുരിശു വഹിക്കുകയും ചെയ്തു, രക്ഷകനായ യേശുവേ, നിന്റെ സമീപം എന്നെ നിറുത്തേണമേ.
‘യേശുവേ നിന്റെ ഉയിർപ്പു ദിനത്തിൽ, എന്നെ വേദനിപ്പിച്ച എന്റെ ശത്രുക്കൾക്കുവേണ്ടി എനിക്ക് പ്രാർത്ഥിക്കണം. ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും എന്നെ ദ്രോഹിച്ചതിനെപ്രതി അവർക്കു വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.

ദൈവമേ, സ്വാതന്ത്രത്തിന്റെ അനുഗ്രഹം പ്രാപിക്കാൻ എന്നിൽ തടസ്സം നിൽക്കുന്ന എല്ലാറ്റിനെയും നീ മാറ്റണമേ. എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കണമേ.’
ഫാ. ജയ്സൺ കുന്നേൽ mcbs
