

സ്ത്രീ സുരക്ഷയെ കുറിച്ചുള്ള അവബോധം നമ്മുടെ സമൂഹത്തിൽ അനിവാര്യമായിരിക്കെ ഭർത്താക്കന്മാർ വീടിനുള്ളിൽ അനുഭവിക്കുന്ന പീഡനങ്ങൾ പരിഗണിച്ചു അവർക്കു നീതി നേടി കൊടുക്കാൻ എന്തെങ്കിലും വ്യവസ്ഥ ഉണ്ടോ? അണുകുടുംബ സാഹചര്യത്തിൽ ജീവിച്ചു വിവാഹിതരായി ഭർതൃഗൃഹത്തിലേക്കു വരുന്ന പെൺകുട്ടികൾ പലരും അവിടെ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ബലിയാടാകുന്നത് ഭർത്താക്കന്മാരാണ്.
ഇന്നത്തെ യുവതലമുറ അനുഭവിക്കുന്ന ഏറ്റവും വലിയ ജീവിത പ്രതിസന്ധി അവരുടെ ബാല്യകാലം മുതൽ അവർ അനുഭവിക്കുന്ന ഏകാന്തതയും സ്വഭാവ രൂപീകരണത്തിൽ വന്ന വീഴ്ചയും ആണ്. അതിന്റെ പ്രധാന കാരണം കുടുംബാസൂത്രണത്തെ കുറിച്ചുള്ള തെറ്റായ പഠനവും കാഴ്ചപ്പാടും ആണ്. വീടുകളിൽ ഇന്ന് ഒന്നോ രണ്ടോ കുട്ടികൾ മാത്രമേ ഉള്ളു. കുട്ടികൾ തമ്മിലുള്ള പ്രായ വ്യത്യാസ പ്രശ്നങ്ങൾ വേറെയും. “ഞങ്ങൾക്ക് ഒരു കുട്ടി മതി എന്നങ്ങു തീരുമാനിച്ചു…” എന്നൊക്കെയുള്ള മണ്ടൻ വർത്തമാനങ്ങൾ പലരും വലിയ അഭിമാനത്തോടെ പറയുന്നത് കേൾക്കാറുണ്ട്.

അണുകുടുംബ സാഹചര്യത്തിൽ വളരുന്ന കുട്ടികൾ പലരും ഭാവിയിൽ വലിയ ജീവിത പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരുന്നതായി കാണുന്നുണ്ട്. കാരണം, ബാല്യം മുതലേ അവരാണ് വീട്ടിലെ എല്ലാവരേക്കാളും പ്രധാനപെട്ടവർ. കുട്ടികളെ മാതാപിതാക്കൾക്ക് പേടിയാണ്. അവർ പറയുന്നതെല്ലാം മാതാപിതാക്കൾ നടത്തിക്കൊടുക്കും. ഇങ്ങനെ സ്വാർത്ഥതയുടെയും അഹംഭാവത്തിന്റെയും ആൾരൂപമായിട്ടാണ് ആൺകുട്ടിയും പെൺകുട്ടിയും ഇന്ന് വളർന്നു വരുന്നത്. ഇത്തരം കുട്ടികളെ പേടിച്ചാണ് സ്കൂളിലും കോളേജിലും അദ്ധ്യാപകർ ജീവിക്കുന്നത്. ശരിയും തെറ്റും കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ വൈദീകർക്കും സന്യസ്തർക്കും മതബോധന അധ്യാപകർക്കും സമൂഹത്തിനും ഇന്ന് ഭയമാണ്. കുട്ടികൾക്ക് ശിക്ഷണം ഇന്ന് അനുവദനീയം അല്ല. മൃഗങ്ങൾ പോലും അതിന്റെ കുഞ്ഞുങ്ങൾക്ക് വേണ്ട ശിക്ഷയും ശിക്ഷണവും കൊടുത്തു വളർത്തുന്നത് കാണാറുണ്ട് . എന്നാൽ നമ്മുടെ നാട്ടിൽ ഇതെല്ലാം “പീഡനം” ആണ്. മലയാളി ഇന്ന് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കുന്ന വാക്കു “പീഡനം” എന്ന വാക്കാണ് . ഇതേ സംബന്ധിക്കുന്ന നിയമ വ്യവസ്ഥയും യുക്തിയില്ലാതെ രൂപപെടുത്തിയിരിക്കുന്നു എന്നതാണ് ഏറെ കഷ്ടം !! ഇങ്ങനെ യാതൊരു ബെല്ലും ബ്രേക്കും ഇല്ലാതെയാണ് തലമുറകൾ ഇന്ന് വളർന്നു വരുന്നത് .

മലയാളിയുടെ മണ്ടൻ കുടുംബാസൂത്രണ നയത്തിന്റെ ഉത്പന്നങ്ങൾ ആണ് ഇന്ന് പുറത്തു വന്നിരിക്കുന്ന യുവതലമുറ. ഇവരുടെ കുടുംബജീവിതങ്ങൾ എട്ടുനിലയിൽ പൊട്ടുന്നു. വൈദീക സന്യസ്ത ജീവിതക്കാരുടെ പരാജയകഥകൾ എല്ലാ ദിവസവും വാർത്തയാകുന്നു. ഒരു സംവിധാനത്തിനുള്ളിലും പൊരുത്തപെടാൻ കഴിയാത്ത ഒരു തലമുറയെ ഈ മണ്ടൻ നയം സൃഷ്ടിച്ചു . ഒറ്റക്കുട്ടി നയം ആദ്യമായി അവതരിപ്പിച്ച ചൈന അതിൽനിന്നു പിൻവാങ്ങി, ആശയം മണ്ടത്തരം ആയിപോയി എന്ന് സമ്മതിച്ചു . ഇപ്പോഴും നമ്മുടെ ബുദ്ധി തെളിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിൽ ജീവിച്ചു വരുന്ന യുവതമുറയാണ് കുടുംബജീവിതം നയിക്കാൻ തീരുമാനിക്കുന്നത്. ഇവരുടെ സ്വഭാവം കുടുംബജീവിതത്തിനു ഒട്ടും ചേർന്നതല്ലെന്ന് അവർക്കു അറിയില്ല. ഇതിൽ പല പെൺകുട്ടികളും ഭർതൃ ഗ്രഹത്തിൽ എത്തുമ്പോൾ ഒരു തരത്തിലും ഒത്തുപോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. ബാല്യകാലത്തെ ഏകാന്തത ഉണ്ടാക്കിയ മാനസീകവൈകല്യം കൊണ്ട് അവർക്കു ഭർത്താവിനെ മാത്രം മതി എന്ന ചിന്തയാണ് . ഭർത്താവിന്റെ മാതാപിതാക്കൾ, അവന്റെ സഹോദരങ്ങൾ, കുടുംബാംഗങ്ങൾ എല്ലാവരെയും പിണക്കി, അകറ്റി, പ്രശ്നങ്ങൾ ഉണ്ടാക്കി, കുടുംബത്തെ പല കഷണങ്ങൾ ആക്കി മാറ്റുന്ന ഭാര്യമാർ നമ്മുടെ സമൂഹത്തിൽ ധാരാളം ഉണ്ട്. ഇനി തൊഴിൽ ചെയ്തു ഭർത്താവിനേക്കാൾ കൂടുതൽ ശമ്പളം ലഭിക്കുന്ന ഭാര്യമാർ അവരുടെ ഭർത്താക്കന്മാരെ അപമാനിക്കുകയും അഹങ്കാരത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഏറെയാണ്. ഭാര്യ അവളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കൂട്ടുപിടിച്ചു ഭർത്താവിന് എതിരെ കൊടിപിടിക്കുന്ന സംഭവങ്ങൾ വേറെയും . ഇവിടെയെല്ലാം മാനസീകമായി പീഡിപ്പിക്കപ്പെടുന്നതും ഒറ്റപെടുന്നതും ഭർത്താക്കന്മാരു തന്നെ.
ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഒട്ടുമിക്ക എല്ലാ കുടുംബപ്രശ്നങ്ങളിലും പുരുഷനൊപ്പം സ്ത്രീയ്ക്കും തുല്യ പങ്കുണ്ട്. അത്ര നിഷ്കളങ്കം അല്ലാത്ത സംസാരവും പെരുമാറ്റവും പ്രവർത്തനങ്ങളും പല സ്ത്രീകളിലും ഉണ്ട്. ഇത് ഒരു പുരുഷൻ തുറന്നു പറഞ്ഞാൽ അത് “സ്ത്രീവിരുദ്ധ” പരാമര്ശമായി കണക്കാക്കുന്ന രീതിയാണ് ഇന്നുള്ളത്. അതുകൊണ്ടു എല്ലാവരും നിശ്ശബ്ദരാണ്. ഇല്ലെങ്കിൽ നിശ്ശബ്ദരാക്കാൻ പലവഴിയുമുണ്ട്. എന്ത് സംഭവിച്ചാലും നിയമ പരിരക്ഷ സ്ത്രീകൾക്ക് മാത്രം കൊടുക്കുകയും പ്രശ്നങ്ങളിൽ വാദിയായ ഭർത്താക്കന്മാർ പലപ്പോഴും പ്രതിയായി മാറുകയും ചെയ്യുന്ന അവസ്ഥയുമാണുള്ളത് .
നിയമത്തെ നിർവ്വചിക്കുന്നവർക്കു നീതിബോധം നഷ്ടപ്പെടുന്നു. യാതൊരു ധാർമ്മീക ബോധവും ഇല്ലാത്ത മാധ്യമ സംസ്കാരം കൂടി ഒന്നു ചേരുമ്പോൾ “സത്യം” പടിയിറങ്ങുന്നു. സന്ന്യാസ സമർപ്പിത ജീവിതം നയിക്കാൻ ശ്രമിച്ചു പരാജയപെട്ടവരെ വിളിച്ചാണ് മാധ്യമങ്ങൾ സന്ന്യാസജീവിതം നിർവ്വചിക്കുന്നതു. കുടുംബ ജീവിതം സമ്പൂർണ്ണമായി പരാജപെട്ടവരാണ് കുടുംബവും സ്ത്രീകളെയും സംരക്ഷിക്കുന്ന കമ്മീഷനുകളിലും സമിതികളിലും അംഗം ആയിരിക്കുന്നത്. കുടുംബസംവിധാനത്തെയും ധാര്മീകജീവിതത്തിന്റെ കെട്ടുറപ്പിനെയും
പൊളിച്ചു, സമൂഹത്തെ അരക്ഷിതാവസ്ഥയിൽ ആക്കുക
എന്ന ഉദ്ദേശം ഇവർക്ക് ഉണ്ടോ
എന്ന് സംശയിച്ചാൽ തെറ്റില്ല. നൂറ്റാണ്ടുകളായി കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്ന കുടുംബ മത സംവിധാനങ്ങൾ പൊളിക്കാൻ ആണ് “നവോത്ഥാനക്കാർ” പറയുന്നത്. അല്ലാതെ സംവിധാനങ്ങളുടെ കെട്ടുറപ്പിന് ഉള്ളിൽ മനുഷ്യനായി അന്തസ്സോടെ ജീവിക്കാൻ അല്ല !!

കുടുംബത്തിലും സമൂഹത്തിലും തൊഴിൽ സ്ഥലത്തും പുരുഷന്മാർ അനുഭവിക്കുന്ന വേദനയെ പരിഗണിക്കുന്ന ആകെയുള്ള സർക്കാർ സംവിധാനം ബീവറേജ് ഷോപ്പുകൾ ആണ്. അതുകൊണ്ടു മലയാളി കുടുംബങ്ങൾ പലതും ഇന്ന് പെരുവഴിയിലായി. സ്ത്രീകളുടെ സുരക്ഷയ്‌ക്കൊപ്പം നമ്മുടെ പുരുഷൻമാരുടെയും സുരക്ഷയും പരിശീലനവും സംരക്ഷണവും ഒക്കെ കാര്യഗൗരവത്തോടെ പരിഗണിക്കേണ്ട കാലമാണിത് .

ജോർജ് പനന്തോട്ടം
