സമുദ്ര ദിനാചരണം 2021

1992-ലെ റിയോ ഭൗമഉച്ചകോടിക്കു ശേഷമാണ് വർഷത്തിലൊരിക്കൽ സമുദ്രദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്. തദനുസാരം എല്ലാ വർഷവും ജൂൺ എട്ടാം തീയതി ആഗോള സമുദ്ര ദിനമാണ്. ഈ വർഷത്തെ സമുദ്ര ദിനത്തിൻ്റെ മുദ്രാവാക്യം The Ocean: Life and Livelihoods എന്നതാണ്. ഭൂഗോളത്തിൻ്റെ 70 ശതമാനവും കടലാണ് എന്നാണ് പറയപ്പെടുന്നത്. 50 മുതൽ 80 ശതമാനം വരെ ഓക്സിജനും ഉല്പാദിപ്പിക്കപ്പെടുന്നത് കടലിലാണത്രേ. ഇക്കാര്യത്തിൽ പ്ലാങ്റ്റണുകൾ എന്നു വിളിക്കപ്പെടുന്ന സൂക്ഷ്മജീവികളുടെ പങ്ക് വിലമതിക്കാനാവാത്തത്ര ബൃഹത്താണ്. ലോകത്തിൽ 40 ദശലക്ഷം ആളുകൾ സമുദ്രത്തോട് അനുബന്ധമായ തൊഴിലുകളിൽ ആണ് ഏർപ്പെട്ടിരിക്കുന്നത്. മത്സ്യബന്ധനം കൂടാതെ, ടൂറിസം, സമുദ്രാന്തർഭാഗ പര്യവേക്ഷണങ്ങൾ, ഊർജ്ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട തൊഴിലുകൾ, കപ്പലോട്ടങ്ങൾ തുടങ്ങി പലവിധ ജീവസന്ധാരണ മാർഗങ്ങളും സമുദ്രത്തെ ചുറ്റിപ്പറ്റിയാണുള്ളത്. ഇങ്ങനെ നോക്കിയാൽ ജീവൻ പരിപോഷിപ്പിക്കുന്നതിലും ജീവസന്ധാരണ മാർഗമൊരുക്കുന്നതിലും കരയോളം തന്നെയോ, അതിനെക്കാളധികമോ പ്രാധാന്യം കടലിനുമുണ്ടെന്നു വ്യക്തമാണ്. 

മാലിന്യം തള്ളാനും ആർത്തിക്കൊത്തു ചൂഷണം ചെയ്യാനുമുള്ള വെറും ജലസഞ്ചയമായി കടലിനെ കരുതുന്നത് ആത്മഹത്യാപരമാണ്. നമ്മുടെ തോടുകളിലും കാനകളിലും നാം തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കായലുകളിലൂടെ ഒടുവിൽ എത്തിച്ചേരുന്നത് കടലിൽ തന്നെയാണ്. കടലിൻ്റെ അന്തർപ്രവാഹങ്ങൾ അതിൽ വീഴുന്ന ഇത്തരം വസ്തുക്കളെ ഒരിടത്തേക്ക് ഒരുമിച്ചുകൂട്ടുമത്രേ! അങ്ങനെ പസഫിക് സമുദ്രത്തിൽ ഇന്ത്യയുടെ വിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ഒരു പ്ലാസ്റ്റിക് ദ്വീപ് ഒഴുകി നടപ്പുണ്ടെന്നതിന് വീഡിയോതെളിവുകളുണ്ട്. കോഴിക്കോട്ടെ ബേപ്പൂർ ബീച്ചിൽ ഒന്നു പോകുന്നതു നല്ലതാണ്. അവിടെ പ്ലാസ്റ്റിക്കുകൊണ്ട് ഒരു ‘മറൈൻ സെമിത്തേരി’ ഒരുക്കിവച്ചിട്ടുണ്ട് കലാകാരന്മാർ – “ആ മനുഷ്യൻ നീ തന്നെ” എന്നു വിളിച്ചു പറയുന്ന പ്രവാചകരെപ്പോലെ…

ഒരു കാര്യം വ്യക്തം – നമ്മുടെ പൂർവികരുടെ പാപങ്ങളൊന്നും കടലിൽ കുന്നുകൂടിയിട്ടില്ല. കാരണം, അവർ അധികം പ്ലാസ്റ്റിക്ക് ഉപയോഗിച്ചിട്ടില്ല. എന്നാൽ, നമ്മുടെ തലമുറയുടെ പാപങ്ങൾ നമ്മുടെയും സ്വർഗത്തിൻ്റെയും കൺമുമ്പിൽ കടലിൽ പൊങ്ങിക്കിടക്കുന്നു. സമുദ്രത്തെ നിന്ദിക്കുന്നവർക്ക് ആയുസ്സില്ല. കാരണം, ആയുർദൈർഘ്യത്തിനുവേണ്ടി കടൽ ഒരുക്കിവച്ചിരിക്കുന്നതെല്ലാം നാം തന്നെ നശിപ്പിക്കുന്നു. ‘കടലമ്മ’ എന്ന് തീരവാസികൾ സമുദ്രത്തിനു പേരിട്ടിരിക്കുന്നതിൽ വലിയ ജ്ഞാനം അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം.

ഇത് ഒരു ‘സങ്കടൽ’ ദിനാചരണം

ഈ വർഷത്തെ സമുദ്ര ദിനാചരണം കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ ‘സങ്കടൽ’ കാലത്ത് വളരെ പ്രസക്തമാണിത്. ചെല്ലാനംപോലുള്ള മേഖലകളിൽ മനുഷ്യർക്ക് തുടർച്ചയായി ഉണ്ടായിരിക്കുന്ന ദുരിതങ്ങൾ എത്രമാത്രമെന്ന് ഇന്ന് കേരളം നേരിട്ടു കണ്ടുകൊണ്ടിരിക്കുകയാണ്. കടൽത്തീരം ആവാസയോഗ്യമല്ലെന്നും തീരവാസികൾ അവിടെനിന്ന് ജീവനുംകൊണ്ട് പോകണമെന്നും പറയാതെ പറയപ്പെടുമ്പോഴും, കോവിഡും കടലും ഒരുപോലെ രൗദ്രതാണ്ഡവമാടുമ്പോഴും, മരണക്കാലവർഷത്തിൻ്റെ ചളിഗന്ധം തീരജനതയുടെ മൂക്കു തുളയ്ക്കുമ്പോഴും, ഒരായുസ്സുകൊണ്ടു കെട്ടിപ്പടുത്തതെല്ലാം തിരമാലകൾ തല്ലിത്തകർക്കുമ്പോഴും, കഞ്ഞി വച്ചുകുടിക്കാൻ ഒരു കലം പോലുമില്ലാതായിരിക്കുമ്പോഴും,  ജീവോന്മുഖമാണ് കടൽ എന്ന ചിന്തയ്ക്കുതന്നെ എന്തൊരു തങ്കത്തിളക്കമാണ്! ‘ലൈഫ് ആൻറ് ലൈവ് ലിഹുഡ്’ തന്നെയാണ് മുഖ്യവിഷയം. കടൽക്കരയിൽ കരഞ്ഞു തളർന്നിരിക്കുന്നവർക്കും വലിയ പ്രത്യാശയായി മാറണം സമുദ്രദിനം.

ഉണരുന്ന രാഷ്ട്രീയപ്രതിബദ്ധത

രാഷ്ട്രീയക്കാരും ഭരണസംവിധാനങ്ങളുമെല്ലാം ഇപ്പോൾ ഇതിൻ്റെ ഗൗരവം മനസ്സിലാക്കിവരുന്നുവെന്നാണ് സമീപകാല നീക്കങ്ങൾ സൂചിപ്പിക്കുന്നത്. രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭയിൽ തന്നെ കേരള തീരസംരക്ഷണം ചർച്ചയാവുകയും നിയമസഭാ സമ്മേളനത്തിനു മുൻപുതന്നെ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ പ്രശ്നബാധിതപ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവും സ്ഥലം സന്ദർശിച്ച് സാഹചര്യങ്ങൾ നേരിൽക്കണ്ടു. ആദ്യ നിയമസഭാ സമ്മേളനത്തിൽത്തന്നെ പ്രതിപക്ഷം തീരദേശസംരക്ഷണ വിഷയം അതിശക്തമായി ഉന്നയിക്കുകയും ആദ്യ സഭാബഹിഷ്കരണത്തിന് ഇത് കാരണമാവുകയും ചെയ്തു.  സർക്കാരാകട്ടെ, തീരദേശ പരിപാലനത്തിനായി 5300 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. മത്സ്യമേഖലയുമായി ബന്ധപ്പെട്ടു തൊഴിൽ ചെയ്യുന്നവർക്ക് സർക്കാർ മുന്നറിയിപ്പു ലഭിച്ചതിനെത്തുടർന്ന് തൊഴിൽ ചെയ്യാൻ കഴിയാതെ പോയ ആറു ദിനങ്ങളിൽ 200 രൂപ വീതം ആകെ 1200 രൂപ തൊഴിൽനഷ്ട വേതനമായി നല്കാൻ ഈ സർക്കാരെടുത്ത തീരുമാനം അഭിനന്ദനാർഹമാണ്. ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി 18 കോടി രൂപയാണ് ഈയിനത്തിൽ ദുരിതാശ്വാസനിധിയിൽ നിന്ന് സർക്കാർ അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ മത്സ്യബന്ധനമേഖലയിൽ ആദ്യമായാണ് നിർബന്ധിതമായ തൊഴിലില്ലായ്മയ്ക്ക് കേരള സർക്കാർ നഷ്ടപരിഹാരത്തുക നല്കിയത് എന്നു കേൾക്കുന്നു.

വേണം കേരളത്തിന് ഒരു സമുദ്രദിനം

ഈ പശ്ചാത്തലത്തിൽ നടക്കുന്ന കടൽദിനാചരണത്തിന് വലിയ പ്രസക്തിയുണ്ട്. അതാണ് കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ  ആസ്ഥാന കാര്യാലയത്തെ ഇത്തരമൊരു പരിപാടി വിപുലമായ തോതിൽ സംഘടിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. കേരള പൊതുസമൂഹം എല്ലാ വർഷവും ഈ ദിനാചരണം നടത്തണം എന്ന ആഹ്വാനവും ഇതോടൊപ്പം  നല്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൃഷിവകുപ്പിനു കീഴിൽ പരിസ്ഥിതിദിനം എല്ലാ വർഷവും പ്രോത്സാഹിപ്പിക്കപ്പെടുന്നതു പോലെ  സമുദ്രദിനവും  സർക്കാർ വേണ്ട പ്രാധാന്യത്തോടെ ആ ചരിക്കേണ്ടതാണെന്ന് ചർച്ചകൾ ആവശ്യപ്പെടുന്നു.

വേണം കടലിനോടും തീരത്തോടും ഐക്യദാർഢ്യം

കടലിനോടും തീരദേശത്തോടുമുള്ള നമ്മുടെ കാഴ്ചപ്പാടിൽ ഒരു മാറ്റം ആവശ്യമാണ്. കടലിൻ്റെയും തീരത്തിൻ്റെയും സവിശേഷതകൾ ഇനിയും നാം തിരിച്ചറിയേണ്ടതുണ്ട്. കടലിൽ സമുദ്രനിരപ്പ് കൂടിവരുന്നു എന്ന് നമുക്കറിയാം. പക്ഷേ എങ്ങനെയാണ് ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മറ്റു രാജ്യങ്ങൾ തങ്ങളുടെ തീരങ്ങൾ പരിപാലിക്കുന്നത് എന്നു മനസ്സിലാക്കാൻ ശ്രമങ്ങളുണ്ടാകണം. ഈ മേഖലയിൽ ഗൗരവമായ  ഗവേഷണങ്ങളും പഠനങ്ങളും ചർച്ചകളും ചിന്തകളും ഉണ്ടാകണം. ചെല്ലാനംപോലുള്ള മേഖലകളുടെ സംരക്ഷണവും വികസനവും എങ്ങനെയായിരിക്കണമെന്ന് റിയോ ഉച്ചകോടി ചാർട്ടറിൻ്റെ 22-ാം ഖണ്ഡിക പ്രസ്താവിക്കുന്നുണ്ട്: സർക്കാരുകൾ ”തദ്ദേശവാസികളുടെ തനിമയും സംസ്കാരവും താല്പര്യങ്ങളും അംഗീകരിക്കുകയും അവ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും സ്ഥായിയായ വികസനം കൈവരിക്കുന്നതിൽ അവരുടെ ഫലപ്രദമായ പങ്കാളിത്തം സാധ്യമാക്കുകയും വേണം”.

വേണം ഒരു തീരസംരക്ഷണ അഥോറിറ്റി

നിലവിൽ തീരസംരക്ഷണച്ചുമതല  കൈകാര്യം ചെയ്യുന്നത് മത്സ്യവകുപ്പും ജലസേചന വകുപ്പും തുറമുഖ വകുപ്പുമാണ്. ഈ വകുപ്പുകൾ തമ്മിലുള്ള ഏകീകരണവും തീരസംരക്ഷണത്തിലുള്ള വൈദഗദ്ധ്യവും  തീരസംരക്ഷണത്തിന് പ്രതിബന്ധമാകുന്ന സ്ഥിതി നിഷേധിക്കാനാവില്ല.ഇവിടെ  തീരസംരക്ഷണത്തിന് മാത്രമായി ഈ മേഖലയിൽ വൈദഗ്ദ്ധ്യമുള്ള ഗവേഷകരും സാഗേതിക വിദഗ്ധരുമടങ്ങുന്ന സ്വതന്ത്ര ചുമതലകളുള്ള   തീരദേശ സംരക്ഷണ അഥോറിറ്റി വേണമെന്ന ആവശ്യം പ്രസക്തമാകുന്നത്. തീരദേശ വികസന അഥോറിറ്റിയുണ്ടെന്നതു ശരിയാണെങ്കിലും ആ വികസനം തീർത്തും ഐച്ഛികമാണെന്നതാണ് ഇന്നത്തെ യാഥാർത്ഥ്യം. എന്നാൽ, തീരസംരക്ഷണമെന്നത് ഒരു ഐച്ഛികവിഷയമല്ല എന്നു സാക്ഷ്യപ്പെടുത്തുന്നതാണ് ഇന്നത്തെ അനുഭവങ്ങൾ. ഈ മേഖലയിൽ സവിശേഷപഠനവും കൃത്യമായ ധാരണയും ഉള്ളവർക്ക് മാത്രമേ തീരസംരക്ഷണമോ വികസനമോ സാധ്യമാക്കാനാകൂ.

മാത്രമല്ല, ബഡ്ജറ്റിൽ അനുവദിക്കപ്പെട്ടിരിക്കുന്ന തുക സമയബന്ധിതമായും ഫലപ്രദമായും വിനിയോഗിക്കപ്പെടാൻ വ്യക്തവും ഏകോപിതവുമായ മേൽനോട്ടം അനിവാര്യമാണ്. അതിനാൽത്തന്നെ കേരള തീരസംരക്ഷണ അഥോറിറ്റി സ്ഥാപിതമാകേണ്ടത് സർക്കാർ മുന്നോട്ടു വച്ചിരിക്കുന്ന ചരിത്രപ്രധാനമായ ഈ തീരുമാനത്തിൻ്റെ സാക്ഷാത്കാരത്തിനും തീരദേശവാസികളുടെ സ്ഥായിയായ ക്ഷേമത്തിനും അത്യാവശ്യമാണ്.

പ്രൗഢഗംഭീരമായ വെബിനാറിലേക്ക് സുസ്വാഗതം!

ജൂൺ എട്ടാം തീയതി ചൊവ്വാഴ്ച  ഉച്ചതിരിഞ്ഞ് 3 മണി മുതൽ 5 മണി വരെ കടൽദിനാചരണത്തിൻ്റെ ഭാഗമായി നടക്കുന്ന വെബിനാർ കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോ മലങ്കരസഭയുടെ പരമാധ്യക്ഷനായ കർദിനാൾ ബസിലേയോസ് മാർ ക്ലീമിസ്, ലത്തീൻ സഭാധ്യക്ഷൻ ബിഷപ്പ് ജോസഫ് കരിയിൽ, ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ, ജലസേചന വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശൻ എന്നിവർ സംസാരിക്കും. വിഷയാവതരണം നടത്തുന്നത് ശ്രീ. P.R. കുഞ്ഞച്ചൻ (സെക്രട്ടറി, CADAL) ആയിരിക്കും. കെആർഎൽസിസി വൈസ് ചെയർമാൻ ശ്രീ. ജോസഫ് ജൂഡ് മോഡറേറ്റ് ചെയ്യുന്ന ചർച്ചയിൽ ശ്രീ. ഹൈ ബി ഈഡൻ എംപി, എംഎൽഎമാരായ T.J. വിനോദ്, K.J. മാക്സി, കേരള ജലവിഭവ വകുപ്പ് അഡിഷണൽ സെക്രട്ടറി  ശ്രീ. T.K. ജോസ് ഐഎഎസ് എന്നിവർ പങ്കെടുക്കും. പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി കൺവീനർ ടി.എ. ഡാൽഫിൻ നേതൃത്വം നൽകുന്ന പൊതുചർച്ചയിൽ കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ബിജു പറനിലം, കെഎൽസിഎ സെക്രട്ടറി അഡ്വ. ഷെറി തോമസ്, എംസിഎ സെക്രട്ടറി V.C. ജോർജുകുട്ടി, സിഎസ്എസ്എസ് ഡയറക്ടർ ഫാ. അഗസ്റ്റിൻ കടേപ്പറമ്പിൽ, എഡിഎസ് ഡയറക്ടർ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. P.T. മാത്യു എസ്ജെ, 20/20 വക്താവ് ശ്രീ. ജോസഫ് ദിലീപ്, ജനകീയവേദി വക്താവ് ശ്രീ.  V.T. സെബാസ്റ്റ്യൻ  തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കേരളതീരത്തിൻ്റെ എല്ലാ അഭ്യുദയകാംക്ഷികളെയും വിവിധ സംഘടനകളെയും ആത്മീയ-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയനേതാക്കളെയും ഈ യോഗത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു

സമുദ്ര ദിനാചരണം 2021 🗼

സംഘാടകർ: പിഒസി, പാലാരിവട്ടം
Jun 8, 2021 03:00 PM

The Ocean: Life and Livelihoods എന്നതാണ് ഈ വർഷത്തെ സമുദ്ര ദിനത്തിൻ്റെ മുദ്രാവാക്യം. ജീവൻ പരിപോഷിപ്പിക്കുന്നതിലും ജീവസന്ധാരണ മാർഗമൊരുക്കുന്നതിലും കരയോളം തന്നെയോ, അതിനെക്കാളധികമോ പ്രാധാന്യം കടലിനുമുണ്ടെന്നു വ്യക്തമാണ്.

ഇത് ഒരു ‘സങ്കടൽ’ ദിനാചരണംചെല്ലാനംപോലുള്ള മേഖലകളിൽ മനുഷ്യർ ഒരായുസ്സുകൊണ്ടു കെട്ടിപ്പടുത്തതെല്ലാം തിരമാലകൾ തല്ലിത്തകർക്കുമ്പോഴും ജീവോന്മുഖമാണ് കടൽ എന്ന ചിന്തയ്ക്കുതന്നെ എന്തൊരു തങ്കത്തിളക്കമാണ്! കടൽക്കരയിൽ കരഞ്ഞു തളർന്നിരിക്കുന്നവർക്കും വലിയ പ്രത്യാശയായി മാറണം സമുദ്രദിനം.

https://us02web.zoom.us/j/81349916077?pwd=a1l4QURVblZoQkkrb2N0WW5MRmpiUT09

Join Zoom Meeting
https://us02web.zoom.us/j/81349916077?pwd=a1l4QURVblZoQkkrb2N0WW5MRmpiUT09

Meeting ID: 813 4991 6077
Passcode: 159363

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്